സുനിതയുടെ ലക്ഷ്യം ആർഭാട ജീവിതം; മോഷ്ടിക്കുന്നത് സ്വർണം മാത്രം
text_fieldsചെറുതോണി: പകൽ ആളില്ലാത്ത വീടുകളിൽ മോഷണം നടത്തിവരികയായിരുന്നു ഇടുക്കി പൊലീസ് അറസ്റ്റു ചെയ്ത മുളകുവള്ളി സ്വദേശി ഏർത്തടത്തിൽ സുനിത (44). സ്വർണം മാത്രമേ മോഷ്ടിക്കൂ. ലക്ഷ്യം ആർഭാട ജീവിതമായിരുന്നു. ചൊവ്വാഴ്ച കാക്കനാട്ട് വനിത ജയിലിലേക്ക് റിമാൻഡുചെയ്ത സുനിതയെ കൂടുതൽ തെളിവെടുപ്പിനായി പൊലീസ് കസ്റ്റഡിയിൽ വാങ്ങും.
കഴിഞ്ഞ രണ്ടു മാസമായി ജില്ല ആസ്ഥാനത്ത് പൊലീസിന് തലവേദനയായി മാറിയ പകൽ മോഷണമാണ് സുനിത പിടിയിലായതോടെ തെളിഞ്ഞത്. പ്രത്യക സ്ക്വാഡ് രൂപവൽകരിച്ച് എല്ലാ പഴുതുകളുമടച്ചായിരുന്നു അന്വേഷണം. പൊലീസ് അന്വേഷിച്ചെത്തുമ്പോൾ തൊഴിലുറപ്പുജോലിയിലായിരുന്നു സുനിത. ആദ്യം നിഷേധിച്ചെങ്കിലും പൊലീസിന്റെ തെളിവുകൾക്കുമുന്നിൽ പിടിച്ചു നിൽക്കാൻ കഴിഞ്ഞില്ല.
പകൽ വീടുകളിലെത്തി സ്ത്രീകളുമായി ചങ്ങാത്തം കൂടിയ ശേഷം വീടുപൂട്ടി പുറത്തുപോകുമ്പോൾ താക്കോൽവെക്കുന്ന സ്ഥലം മനസിലാക്കും. പിന്നീട് വന്ന് താക്കോലെടുത്ത് മോഷണം നടത്തുന്നതാണ് ശൈലി. കൂടുതലും സ്ത്രീകൾ തൊഴിലുറപ്പിനുപോകുന്ന വീടുകളാണ് ലക്ഷ്യം. രണ്ടു മാസമായി ഇവർ പല വീടുകളിലും സമാന രീതിയിൽ മോഷണം നടത്തി സ്വർണം പണയം വെച്ചത് കരിമ്പനിലെ സ്വകാര്യ ബാങ്കിൽ നിന്നും കണ്ടെടുത്തു. ഭൂമിയാംകുളം മേഖലയിൽ സ്വർണ മോഷണം പതിവായതോടെ ആദ്യം പുതുഷന്മാരെ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണമെങ്കിലും വിരലടയാളം സ്ത്രീയിലേക്കാണ് പോലീസിനെ കൊണ്ടെത്തിച്ചത്. പിന്നീട് വീടുകളിൽ സ്ഥിരമായി ജോലിക്കുചെയ്യുന്ന സ്ത്രീകളെക്കുറിച്ചായി അന്വേഷണം. ഈ അന്വേഷണമാണ് സുനിതയിലേക്കെത്തിച്ചത്. ഒന്നര മാസത്തിനിടെ നാലുവീട്ടിലാണ് മോഷണം നടന്നത്. ദിവസങ്ങൾക്ക് ശേഷം മാത്രമാണ് മോഷണ വിവരം വീട്ടുകാരറിയുന്നത്. അതിനാൽ തെളിവുകളെല്ലാം നഷ്ടപ്പെട്ടിരിക്കും. റോഡരികിലുള്ള വീടുകളിൽ പകൽ ആളില്ലാത്ത സമയം മനസിലാക്കിയാണ് ഇവർ അകത്ത് കടക്കുന്നത്. അലമാരയിൽ സൂക്ഷിച്ചിരിക്കുന്ന സ്വർണാഭരണങ്ങളിൽ ഒന്നോ രണ്ടോ മാത്രം മോഷ്ടിക്കുന്നതാണ് ഇവരുടെ രീതി.
ഫോട്ടോ
സുനിത ഭൂമിയാംകുളത്ത് മോഷണം നടത്തിയ വീട് പോലീസിന് കാണിച്ചുകൊടുക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.