സൂസമ്മക്ക് ജീവിക്കണം, നിങ്ങളുടെ ഹൃദയം കനിയുമോ?
text_fieldsചെറുതോണി: സൂസമ്മയുടെയും വിജയെൻറയും വിവാഹ വാർഷികമായിരുന്നു ഇന്നലെ. നീണ്ട 17 വർഷം. മക്കളില്ലാത്ത ദുഃഖം മറച്ചുവെച്ചവർ ജീവിക്കുന്നു. ഹൃദയസംബന്ധമായ അസുഖത്താൽ വലയുന്ന സൂസമ്മക്കിനി ആശ്രയം കനിവ് വറ്റാത്ത സുമനസ്സുകളാണ്. സഹായത്തിന് മറ്റാരുമില്ലാത്ത നിർധന കുടുംബമാണ് കഞ്ഞിക്കുഴി പ്രഭസിറ്റി എഴുത്തുപള്ളിയിൽ സൂസമ്മ-വിജയൻ ദമ്പതികളുടേത്. ഭർത്താവ് വിജയൻ മാനസിക വെല്ലുവിളി നേരിടുന്ന ആളാണ്. സൂസമ്മ ആകട്ടെ നിത്യരോഗിയും. കളമശ്ശേരിയിലെ ആശുപത്രിയിലാണ് ചികിത്സ.
ഇതിന് പ്രതിമാസം നല്ലൊരു തുകവേണം. മറ്റു മാർഗമില്ലാത്തതിനാൽ കാക്കനാട്ടെ ഒരുവീട്ടിൽ ജോലിക്കുനിൽക്കുകയാണ്. രോഗിയായ ഭർത്താവിനെ തനിച്ചാക്കി പോകാൻ കഴിയാത്തതിനാൽ ഭർത്താവ് വിജയനും കൂടെയുണ്ട്. ജോലിക്കുനിൽക്കുന്ന വീട്ടുകാരുടെ സമ്മതത്തോടെ ഭർത്താവിനെയും ഒപ്പം താമസിപ്പിച്ചിരിക്കുകയാണ്.
കീരിത്തോട് സ്വദേശിനിയാണ്. വിജയെൻറ എല്ലാ പരിമിതികളും മനസ്സിലാക്കി സ്വന്തം ഇഷ്ടപ്രകാരം അയാളെ ഭർത്താവായി സ്വീകരിക്കുകയായിരുന്നു. ഇരുവരും വ്യത്യസ്ത മതക്കാരാണ്. രണ്ടുവർഷം മുമ്പാണ് സൂസമ്മക്ക് ഹൃദ്രോഗത്തിെൻറ ആരംഭമാണെന്ന് ഡോക്ടർ പറഞ്ഞത്. അന്നുമുതൽ തുടങ്ങിയ ചികിത്സയാണ്. ഭർത്താവിെൻറ അനുജനാണ് സഹായിച്ചിരുന്നത്. ഉയർന്ന ജോലിയുണ്ടായിരുന്ന അനുജൻ അകാലത്തിൽ മരിച്ചതോടെ ഇവരും അനാഥരായി. നല്ലവരായ നാട്ടുകാരുടെ കാരുണ്യംകൊണ്ടാണ് ചികിത്സ തുടർന്നത്. കിടപ്പാടം വിറ്റ് ചികിത്സ നടത്താൻ ശ്രമിച്ചെങ്കിലും നടപ്പുവഴിയുമായി ബന്ധപ്പെട്ട തർക്കം വിൽപനക്കും തടസ്സമായി. ചികിത്സക്കായി സുമനസ്സുകൾ സഹായിക്കുമെന്ന പ്രതീക്ഷയിലാണ് ഇപ്പോൾ ഈ കുടുംബം. ഫോൺ:9961355877.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.