ദൗത്യസംഘം; എം.പിയുടെ അഭിപ്രായം അറിവില്ലായ്മയുടെ ആവർത്തനം -സി.പി.എം
text_fieldsചെറുതോണി: മൂന്നാർ ദൗത്യത്തിന് ഹൈകോടതി നിർദേശപ്രകാരം രൂപവത്കരിക്കപ്പെട്ട ദൗത്യസംഘത്തെക്കുറിച്ചുള്ള എം.പിയുടെ അഭിപ്രായപ്രകടനം അറിവില്ലായ്മയുടെ ആവർത്തനം മാത്രമാണെന്ന് സി.പി.എം ജില്ല സെക്രട്ടേറിയറ്റ്.
ഇടുക്കിയിലെ ഭൂപ്രശ്നങ്ങളെക്കുറിച്ച് ഒരിക്കലും പഠിക്കാൻ തയാറാകാത്ത എം.പിയുടെ അജ്ഞതയാണ് പുതിയ പ്രസ്താവനയിലും ഉള്ളത്. ഭൂസംരക്ഷണ നിയമ പ്രകാരം മൂന്നാർ മേഖലയിൽ സ്വീകരിക്കേണ്ട സമീപനങ്ങൾ നടപ്പാക്കാൻ പ്രത്യേക സമിതി രൂപവത്കരിക്കാനാണ് ഹൈകോടതി നിർദേശിച്ചത്. കലക്ടറും റവന്യൂ ഉദ്യോഗസ്ഥരും അടങ്ങുന്ന ജില്ലതല സമിതി മാത്രമാണ് രൂപവത്കരിക്കപ്പെട്ടത്. സംസ്ഥാന സർക്കാറിന്റെ മറ്റൊരു ഉദ്യോഗസ്ഥ സംഘവും സമിതിയിലില്ല. കലക്ടറുടെ നേതൃത്വത്തിൽതന്നെയാണ് ഭൂപ്രശ്നങ്ങളിൽ ഇടപെട്ടുപോരുന്നത്.
പട്ടയം കൊടുക്കാൻ അര്‍ഹതയില്ലാത്ത സ്ഥലങ്ങൾ കൈവശമുള്ളവരോ സര്‍ക്കാർ പുറമ്പോക്ക് കൈയേറിയവരോ ഉണ്ടോ എന്ന് കണ്ടെത്താനാണ് സമിതിയെന്ന് കോടതി ഉത്തരവിൽതന്നെ വ്യക്തമാക്കിയിട്ടുണ്ട്.
എം.എം. മണിയെ അധിക്ഷേപിച്ചവരൊക്കെ രാഷ്ട്രീയ വനവാസത്തിന് പോകേണ്ടിവരുകയും ജനങ്ങളിൽനിന്ന് ഒറ്റപ്പെടുകയും ചെയ്തിട്ടുണ്ട്. ഡീൻ കുര്യാക്കോസിനെ കാത്തിരിക്കുന്നതും അതുതന്നെയാണെന്നും എം.എം. മണിക്കെതിരായ അതിരുകടന്ന പ്രയോഗങ്ങൾ ആവർത്തിക്കാതിരിക്കുന്നതാണ് അഭികാമ്യമെന്നും ജില്ല സെക്രട്ടറി സി.വി. വർഗീസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.