പത്തു ചെയിൻ കർഷകർക്ക് പട്ടയമില്ല; എതിർപ്പുമായി വൈദ്യുതി ബോർഡ്
text_fieldsചെറുതോണി: പത്തു ചെയിൻ മേഖലയിലുള്ള കർഷകർക്ക് പട്ടയം നൽകുന്നതിൽ എതിർപ്പുമായി വൈദ്യുതി ബോർഡ്. അരനൂറ്റാണ്ടായി പട്ടയത്തിന് അപേക്ഷ നൽകി കാത്തിരിക്കുന്ന കർഷകർക്ക് ഇത് കനത്ത തിരിച്ചടിയായി.
പത്തു ചെയിനിൽപെട്ട സ്ഥലം വൈദ്യുതി ബോർഡിന്റെ വിവിധ ആവശ്യങ്ങൾക്കു വേണ്ടി വിനിയോഗിക്കാനാണ് തീരുമാനം. വൈദ്യുതി ബോർഡ് അനുമതി നിഷേധിച്ചതോടെ പത്തു ചെയിനിലും മൂന്നു ചെയിനിലുമുൾപ്പെട്ടവർക്ക് പട്ടയം കിട്ടാക്കനിയായിരിക്കുകയാണ്. ജില്ലയിലെ പരിസ്ഥിതി ദുർബല പ്രദേശങ്ങളും മിച്ചഭൂമികളും പത്തു ചെയിൻ പ്രദേശങ്ങളും അളന്നു തരംതിരിച്ചു റിപ്പോർട്ടു നൽകാൻ റവന്യൂ വകുപ്പിന് സർക്കാർ നിർദേശം നൽകിയെങ്കിലും വെറും 25 ശതമാനം മാത്രമാണ് നടപ്പായത്.
അർഹരായവർക്ക് പട്ടയം നൽകുന്നതിൽ കാലതാമസം നേരിടുന്നതിനെക്കുറിച്ച് റവന്യൂ ഉദ്യോഗസ്ഥർ സർക്കാറിന് നൽകിയ റിപ്പോർട്ടിൽ പറയുന്നത് ഡാമുകളുടെ ക്യാച്ച്മെന്റ് ഏരിയ ഇനിയും അളന്നു തിട്ടപ്പെടുത്താനുണ്ടെന്നാണ്. എന്നാൽ, പട്ടയം കൊടുക്കാവുന്ന സ്ഥലങ്ങൾ ഏതൊക്കെയെന്ന് 24 വർഷം മുമ്പ് വൈദ്യുതി ബോർഡ് എൻജിനീയർക്ക് അന്നത്തെ കലക്ടർ 2001 ഫെബ്രുവരി 17ന് കത്ത് നൽകിയതാണ്. ഇതിനു മറുപടിയായി മാർച്ച് 27ന് നൽകിയ കത്തിൽ വൈദ്യുതി ബോർഡിന്റെ കൈവശത്തിലില്ലാത്തതും ജനങ്ങൾ അധിവസിക്കുന്നതുമായ പ്രദേശത്ത് പട്ടയം നൽകുന്നതിന് എതിർപ്പില്ലെന്നും അറിയിച്ചിരുന്നു.
ജില്ലയിലെ എല്ലാ ഡാമുകളുടെയും വാട്ടർ ലെവലിൽനിന്നും പത്തു ചെയിൻ വീതി (660 അടി) ഒഴിവാക്കി വേണം കൊടുക്കാനെന്നും വ്യക്തമാക്കിയിരുന്നു. മൂന്നാർ ഡിവിഷനു കീഴിലുള്ള ആനയിറങ്കൽ, പൊന്മുടി, കല്ലാർകുട്ടി, കുണ്ടള, മാട്ടുപ്പെട്ടി, ചെങ്കുളം തുടങ്ങിയ ഡാമുകളുടെ പരമാവധി ജലനിരപ്പിൽനിന്നും പത്തു ചെയിൻ വീതിയിലുള്ള സ്ഥലം അളന്നു മാറ്റിയിട്ട ശേഷം പട്ടയം കൊടുക്കാമെന്നാണ് വൈദ്യുതി ബോർഡ് അന്ന് സർക്കാറിനെ അറിയിച്ചിരുന്നത്.
എന്നാൽ, വൈദ്യുതി ബോർഡിന്റെ ഇപ്പോഴത്തെ തീരുമാനപ്രകാരം ഈ അണക്കെട്ടുകളുടെ മേഖലകളിൽപെട്ട പത്തു ചെയിൻ പ്രദേശത്ത് പട്ടയം കിട്ടില്ല.
ഇതു കൂടാതെ ബോർഡിന്റെ പദ്ധതികൾക്കായി പരിഗണനയിലിരിക്കുന്ന തൂവെള്ളാർ, ചെമ്മണ്ണാർ, പാമ്പാർ, ചിന്നാർ, മാങ്കുളം പെരിയ വരെയുള്ള പ്രദേശത്തും പട്ടയം നൽകില്ല. ആനയിറങ്കൽ ഡാമിന്റെ ചുറ്റുമായി 169 ഹെക്ടർ സ്ഥലം വൈദ്യുതി ബോർഡിനുണ്ട്. ഇതിനു ബോർഡ് കരമടക്കുന്നുമുണ്ട്. ബേർഡിന്റെ തീരുമാനം വന്നതോടെ കെ.എസ്.ഇ.ബി പദ്ധതിക്കായി ഏറ്റെടുത്തതും പിന്നീട് പദ്ധതി വേണ്ടന്നു വെച്ചതുമായ പെരിഞ്ചാംകുട്ടി മേഖലയിലും ബൈസൺ വാലി മേഖലയിലുമുള്ള കർഷകരും ആശങ്കയിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.