പാലം പുനർനിർമിച്ചില്ല; കൊക്കരക്കുളത്ത് മറുകര കടക്കാൻ തോട്ടിലിറങ്ങണം
text_fieldsചെറുതോണി: പ്രളയത്തിൽ തകർന്ന പാലം പുതുക്കിപ്പണിയുമെന്ന ജനപ്രതിനിധികളുടെ വാഗ്ദാനം മലവെള്ളത്തിൽ ഒലിച്ചുപോയി. വാഴത്തോപ്പ് പഞ്ചായത്തിലെ കൊക്കരക്കുളത്താണ് തകർന്ന പാലം. കാലവർഷം ശക്തിപ്രാപിക്കുന്നതോടെ പ്രദേശവാസികളുടെ മനസ്സിൽ ആശങ്കയുടെ കാർമേഘം ഉരുണ്ടുകൂടുകയാണ്. തോട്ടിൽ വെള്ളമുയർന്നാൽ പ്രദേശത്തെ കുട്ടികൾക്ക് സ്കൂളിൽപോലും പോകാൻ കഴിയാത്ത സാഹചര്യമാണുള്ളത്.
പഞ്ചായത്തിലെ ഒന്നും രണ്ടും വാർഡുകളുടെ അതിർത്തി പങ്കിടുന്ന പാൽക്കുളം തോടിന് കുറുകെയുള്ള കോൺക്രീറ്റ് പാലം 2018ലെ പ്രളയത്തിലാണ് തകർന്നത്. ജില്ല കലക്ടർക്ക് നിവേദനം നൽകിയെങ്കിലും നടപടിയുണ്ടായില്ല. തുടർന്ന് നാട്ടുകാർ മരത്തടി വെട്ടിയിട്ട് പാലം നിർമിച്ചു. കഴിഞ്ഞ വർഷം തടിപ്പാലവും തകർന്നു. രണ്ടുപേർക്ക് പാലം തകർന്ന് തോട്ടിൽ വീണ് പരിക്കു പറ്റിയിരുന്നു.
തുടർന്ന് ഈ പാലവും ഉപയോഗശൂന്യമായി. റോഷി അഗസ്റ്റിൻ എം.എൽ.എ ആയിരുന്നപ്പോൾ ഇവിടെ പാലം നിർമിക്കാമെന്ന് ഉറപ്പ് നൽകിയിരുന്നു. പിന്നീട് റീബിൾഡ് കേരളയിൽപെടുത്തി പാലം നിർമിക്കുമെന്ന് അദ്ദേഹം പ്രഖ്യാപിക്കുകയും ചെയ്തു. വാഴത്തോപ്പ് പഞ്ചായത്ത് നടപ്പാലം നിർമിച്ചു നൽകാമെന്ന് പ്രഖ്യാപിച്ചെങ്കിലും അതുമുണ്ടായില്ല. മന്ത്രിയുടെയും പഞ്ചായത്ത് ജനപ്രതിനിധികളുടെയും വാഗ്ദാനങ്ങളെല്ലാം പാഴാകുകയായിരുന്നു.
ഇപ്പോൾ വിദ്യാർഥികൾക്കടക്കം സ്കൂളിൽ എത്താൻ തോട്ടിലൂടെ ഇറങ്ങി കടക്കേണ്ട അവസ്ഥയാണ്. തോട്ടിൽ വെള്ളം ഉയരുന്നതോടെ വിദ്യാർഥികളുടെ സ്കൂളിലെത്തിയുള്ള പഠനം നിർത്തിവെക്കേണ്ടി വരുമെന്നാണ് രക്ഷാകർത്താക്കൾ പറയുന്നത്. രോഗികളെ ആശുപത്രിയിലെത്തിക്കാനും ഇവർ ബുദ്ധിമുട്ടുകയാണ്. എത്രയും വേഗം പാലം നിർമിച്ച് വിദ്യാർഥികളുടെ പഠനം തടസ്സപ്പെടാതിരിക്കാൻ ആവശ്യമായ നടപടിയുണ്ടാകണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.