സഹോദരൻ പീഡിപ്പിച്ചെന്ന പരാതി കെട്ടിച്ചമച്ചത്
text_fieldsചെറുതോണി: കഞ്ഞിക്കുഴിയില്‍ സഹോദരിയെ സഹോദരനുള്‍പ്പെടെ അഞ്ചുപേര്‍ പീഡിപ്പിച്ചെന്ന കേസ് വിവാഹ ദല്ലാളായ മറ്റൊരു യുവതി വൈരാഗ്യം തീര്‍ക്കാന്‍ കെട്ടിച്ചമച്ചതാണെന്ന് പൊലീസ് കണ്ടെത്തി. പരാതി കൊടുപ്പിച്ച യുവതിയുടെ പേരില്‍ കേസെടുത്തു. ഇടുക്കി ഡിവൈ.എസ്.പി ഫ്രാന്‍സീസ് ഷെല്‍ബിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പരാതി വ്യാജമെന്ന് കണ്ടെത്തിയത്.
കഞ്ഞിക്കുഴിയില്‍ 14കാരിയെ സഹോദരനും നാലു സുഹൃത്തുക്കളും ചേർന്ന് പീഡിപ്പിച്ചെന്ന് കഴിഞ്ഞ ഏപ്രില്‍ 20ന് തൃശൂരിലെ മനുഷ്യാവകാശ പ്രവര്‍ത്തക വഴിയാണ് പൊലീസിന് പരാതി ലഭിക്കുന്നത്. പെണ്‍കുട്ടിയുടെ മൊഴിയെടുത്തശേഷം നടത്തിയ പരിശോധനയില്‍ പീഡനം നടന്നിട്ടുണ്ടാകാമെന്ന് ഗൈനകോളജിസ്റ്റ് റിപ്പോര്‍ട്ട് നല്‍കി. എന്നാല്‍, മൊഴിയെടുത്തപ്പോള്‍ പ്രദേശവാസിയും വിവാഹദല്ലാളുമായ യുവതി ഒപ്പം വേണമെന്ന് പെണ്‍കുട്ടി പറഞ്ഞതും ഡോക്ടറുടെ റിപ്പോര്‍ട്ടിലെ ഉറപ്പില്ലായ്മയും പൊലീസിൽ സംശയം ജനിപ്പിച്ചു.
കുറ്റം ചെയ്തിട്ടില്ലെന്ന സഹോദരെൻറയും അയല്‍വാസികളുടെയും മൊഴിയും പൊലീസ് വിശദമായി പരിശോധിച്ചു. ഇതിനിടെ അഭയകേന്ദ്രത്തിലാക്കിയ പെണ്‍കുട്ടി അവിടത്തെ രജിസ്റ്ററില്‍ സഹോദരന് എന്നോട് തെറ്റൊന്നും ചെയ്തിട്ടില്ലെന്നും 'കലാമ്മ' പറഞ്ഞിട്ടാണ് വ്യാജപരാതി നല്‍കിയതെന്നും എഴുതിയിരുന്നു. ഇക്കാര്യം അറിഞ്ഞതോടെ െപാലീസ് ഇടപെട്ട് പെണ്‍കുട്ടിയെ ഇടുക്കി മെഡിക്കല്‍ കോളജിലെ ഫോറന്‍സിക് സർജെൻറ സഹായത്തോടെ വീണ്ടും പരിശോധിപ്പിച്ചപ്പോൾ പീഡനം നടന്നിട്ടില്ലെന്ന് കണ്ടെത്തി. ഇതിനുശേഷം വീണ്ടും മൊഴിയെടുത്തപ്പോള്‍ വ്യാജപരാതി നല്‍കിയതാണെന്ന് പെൺകുട്ടി പൊട്ടിക്കരഞ്ഞുകൊണ്ട് പറയുകയായിരുന്നു.
വെണ്‍മണി സ്വദേശിയായ വിവാഹദല്ലാള്‍ ശ്രീകല കുട്ടിയുടെ സഹോദരന് വിവാഹമാലോചിച്ച് സ്ഥിരമായി വീട്ടില്‍ എത്തിയിരുന്നു. മകള്‍ പെണ്‍കുട്ടിയുടെ സുഹൃത്തായിരുന്നതിനാൽ ഇവര്‍ പെൺകുട്ടിയുമായി പെെട്ടന്ന് അടുത്തു. പെണ്‍കുട്ടിയോടുള്ള ഇവരുടെ പെരുമാറ്റത്തില്‍ അസ്വഭാവികത തോന്നിയ സഹോദരന്‍, വീട്ടില്‍ വരുന്നതില്‍നിന്ന് ശ്രീകലയെ വിലക്കി. ഇതിെൻറ വൈരാഗ്യത്തിലാണ് സഹോദരനെതിരെ മൊഴി നല്‍കാന്‍ പെണ്‍കുട്ടിയെ പ്രേരിപ്പിച്ചത്. കുട്ടിയെ ദുരുപയോഗം ചെയ്തതിനും പൊലീസിനെ തെറ്റിദ്ധരിപ്പിച്ചതിനുമാണ് ശ്രീകലയുടെ പേരില്‍ കേസ്. സഹോദരനും സുഹൃത്തുക്കള്‍ക്കുമെതിരായ കേസ് പിന്‍വലിക്കാനും നടപടി തുടങ്ങി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.