സർക്കാർ ഉത്തരവിന് അവഗണന: എക്സൈസ് ജില്ല ഓഫിസ് തൊടുപുഴയിൽ തന്നെ
text_fieldsചെറുതോണി: എല്ലാ വകുപ്പുകളുടെയും ജില്ല ഓഫിസുകൾ ഹെഡ്ക്വാർട്ടേഴ്സിൽ പ്രവർത്തിക്കണമെന്ന സർക്കാർ ഉത്തരവ് പൂർണമായും അവഗണിച്ച് എക്സൈസ് ഡിവിഷൻ ഓഫിസ് തൊടുപുഴയിൽ തന്നെ തുടരുന്നു. എക്സൈസ് ജില്ല ഓഫിസിനായി 2004ൽ ഒന്നരക്കോടി രൂപ ചെലവഴിച്ച് പൈനാവിൽ ഓഫിസ് കോംപ്ലക്സ് നിർമിച്ചിട്ടുണ്ട്.
എക്സൈസ് ഇൻസ്പെക്ടർ, അഡീ. എക്സൈസ് ഇൻസ്പെക്ടർ ക്വാർട്ടേഴ്സുകളും ഇവിടെ നിർമിച്ചിട്ടുണ്ട്. കൂടാതെ എക്സൈസ് കോംപ്ലക്സിനോട് ചേർന്ന് സ്റ്റാഫ് ക്വാർട്ടേഴ്സും കോംപ്ലക്സ് ഹാളും നിർമിക്കാൻ ജില്ല പഞ്ചായത്ത് 70 സെൻറ് സ്ഥലവും വിട്ടുനൽകിയിട്ടുണ്ട്. എക്സൈസ് ഓഫിസ് ജില്ല ആസ്ഥാനത്തേക്ക് മാറ്റണമെന്ന ആവശ്യം ശക്തമായതോടെ തൊടുപുഴയിൽ പ്രവർത്തിച്ചിരുന്ന എക്സൈസ് സ്പെഷൽ സ്ക്വാഡ് ഓഫിസും മൂലമറ്റത്ത് പ്രവർത്തിച്ചിരുന്ന േറഞ്ച് ഓഫിസും ജില്ല ആസ്ഥാനത്തേക്ക് മാറ്റുകയാണുണ്ടായത്.
2014ൽ ഇടുക്കി താലൂക്ക് രൂപവത്കരിച്ചതോടെ പൈനാവിൽനിന്ന് േറഞ്ച് ഓഫിസ് മൂലമറ്റത്തേക്ക് വീണ്ടും മലയിറങ്ങി. ഇടുക്കി താലൂക്കിൽപെട്ട വാഴത്തോപ്പ്, കഞ്ഞിക്കുഴി വില്ലേജുകളെ തങ്കമണി േറഞ്ച് ഓഫിസിന് കീഴിലാക്കിയാണ് എക്സൈസ് േറഞ്ച് ഓഫിസ് മൂലമറ്റത്തേക്ക് തിരികെകൊണ്ടുപോയത്. ജില്ലയിലെ വലിയ രണ്ടു വില്ലേജുകളെകൂടി തങ്കമണി േറഞ്ച് ഓഫിസിന് കീഴിലാക്കിയതോടെ ഇവിടുത്തെ ഉദ്യോഗസ്ഥരുടെ ജോലിഭാരവും വർധിച്ചു. ജില്ല ഓഫിസിലുള്ള ഉദ്യോഗസ്ഥർ മാസത്തിൽ രണ്ടു തവണയെങ്കിലും കലക്ടറേറ്റിലെത്തേണ്ടിവരും. ഹൈറേഞ്ചിൽനിന്ന് ഉദ്യോഗസ്ഥർ പലതവണ കോൺഫറൻസിനും മറ്റുമായി ജില്ല ഓഫിസിലെത്താൻ മലയിറങ്ങേണ്ടിയുംവരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.