ആഘോഷവേളകൾ ലഹരിമയമാക്കാൻ വ്യാജമദ്യ ലോബി സജീവം
text_fieldsചെറുതോണി: ഈസ്റ്റർ, വിഷു ആഘോഷവേളകൾ ലഹരിമയമാക്കാൻ ജില്ല ആസ്ഥാന പട്ടണമായ ചെറുതോണിയിൽ വ്യാജമദ്യ ലോബി സജീവമായി. ചെറുതോണിയിൽ പുതിയ പാലം വന്നതോടെ പാലത്തിനടിയലാണ് വ്യാജമദ്യ വിൽപന. ഇതിനെതിരെ അധികൃതര്‍ നടപടിയെടുക്കുന്നില്ലെന്ന് പരക്കെ ആക്ഷേപമുണ്ട്. വ്യാജമദ്യ ദുരന്തമുണ്ടാകാൻ സാധ്യതയും തള്ളിക്കളയാനാവില്ല.
കഴിഞ്ഞയാഴ്ച ഭൂമിയാംകുളം പ്രദേശത്ത് ഉപേക്ഷിച്ച നിലയില്‍ പാന്‍മസാല പാക്കറ്റുകള്‍ കണ്ടെത്തിയിട്ടും ഇതു സംബന്ധിച്ച് അന്വേഷണം നടത്താന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ തയ്യാറായില്ല. പൈനാവ്, ചെറുതോണി, ഇടുക്കി, മണിയാറന്‍കുടി, മരിയാപുരം, നാരകക്കാനം, കഞ്ഞിക്കുഴി, കീരിത്തോട്, മുരിക്കാശേരി, തോപ്രാംകുടി പ്രദേശങ്ങളിലും വ്യാജമദ്യ ലോബി സജീവമാണ്. വണ്ടന്മേട്, രാജാക്കാട് മേഖലകളില്‍ നിന്നാണ് വ്യാജമദ്യം എത്തുന്നതെന്നും സൂചനയുണ്ട്. പ്രമുഖ കമ്പനികളുടെ ലേബലൊട്ടിച്ചാണ് വ്യാജമദ്യം വില്പന നടത്തുന്നത്. കഞ്ഞിക്കുഴി പഞ്ചായത്തിലെ പുന്നയാറിൽ സർക്കാർ മദ്യ വിൽപന ശാലയിലെ ഉദ്യോഗസ്ഥന്റെ നേതൃത്വത്തിൽ നടത്തിവന്ന വ്യാജ മദ്യ നിർമാണശാല ഉദ്യോഗസ്ഥർ റെയ്ഡ് നടത്തി പിടികൂടിയത് അടുത്ത കാലത്താണ്. പ്ലാസ്റ്റിക് കുപ്പികളില്‍ നിറക്കുന്ന മദ്യം ചാക്കുകളിലാക്കി വാഹനങ്ങളില്‍ ഏജന്റുമാര്‍ക്ക് എത്തിച്ച് നല്‍കുകയാണ് പതിവ്.
വ്യാജൻ എത്തുന്നത് രാത്രിയിൽ
രാത്രി 12നുശേഷമാണ് വ്യാജമദ്യം വിൽപന കേന്ദ്രങ്ങളിൽ എത്തിക്കുന്നത്. ആളൊഴിഞ്ഞ വീടുകള്‍, വനപ്രദേശങ്ങള്‍ എന്നിവടങ്ങളിലിറക്കി വെക്കുന്ന മദ്യം പിന്നീട് സൗകര്യപ്രദമായ സ്ഥലത്തേക്ക് മാറ്റും.
വ്യാജമദ്യ വില്പനക്കാര് രണ്ടാഴ്ച മുമ്പ് പൊലീസിനെ ആക്രമിച്ച സംഭവവും ഉണ്ടായി. കുടുംബശ്രീയുമായി ബന്ധപ്പെട്ട സ്ത്രീകളും സന്നദ്ധ സംഘടനകളും രാഷ്ട്രീയ പാര്‍ട്ടി നേതാക്കളും താലൂക്ക് സഭയിലും മറ്റു ബന്ധപ്പെട്ടവര്‍ക്കും നിരവധി പരാതികള്‍ നല്‍കിയിട്ടും ഉദ്യോഗസ്ഥര്‍ നടപടിയെടുക്കുന്നില്ല. കൂടുതല്‍ പരാതികള്‍ വരുമ്പോള്‍ പേരിന് ഒന്നോ രണ്ടോ പേരെ പിടിക്കും പിന്നീട് അവർ പുറത്തിറങ്ങി വ്യാജമദ്യവില്പന തുടരുകയും ചെയ്യും.
സത്യസന്ധരായ ചില ഉദ്യോഗസ്ഥർ വ്യാജ വിൽപനക്കാരെ പിടിച്ചാൽ തന്നെ രാഷ്ട്രീയ നേതാക്കൾ ഇടപെട്ട് പുറത്തറിയാതെ മോചിപ്പിക്കുന്നതും പതിവാണ്. ചില മേഖലകളിലെ വ്യാജ മദ്യ വിൽപനക്കാർക്ക് പൊലീസ് സ്റ്റേഷനിലും മറ്റും സ്വാധീനമുള്ളതായാണറിവ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.