ആശുപത്രി പരിസരം ദുർഗന്ധപൂരിതം;മെഡിക്കൽ കോളജിലേക്കാണോ, മൂക്കുപൊത്തണം
text_fieldsചെറുതോണി: ഇടുക്കി മെഡിക്കൽ കോളേജിലേക്കാണോ, എങ്കിൽ മൂക്കുപൊത്തുകയാണ് ആരോഗ്യത്തിന് നല്ലത്. ആശുപത്രി പരിസരം ദുർഗന്ധപൂരിതം. നിർമ്മാണ പ്രവർത്തനത്തിലെ അപാകത മൂലം ഇടുക്കി മെഡിക്കൽ കോളജാശുപത്രി പരിസരം രോഗവ്യാപന കേന്ദ്രമായി മാറി. കിറ്റ്കോയുടെ മേൽനോട്ടത്തിൽ നിർമാണ പ്രവർത്തനം നടത്തിയിരിക്കുന്ന മെഡിക്കൽ കോളജ് ആശുപത്രിയുടെ ശുചിമുറി മാലിന്യം പിടിപ്പുകേടും അഴിമതിയും മൂലം റോഡിലേക്കാണ് ഒഴുക്കുന്നത്.
സാംക്രമിക രോഗവ്യാപനത്തിന് ഇത് കാരണമാകാമെന്ന ആശങ്കയിലാണ് പരിസരവാസികൾ. മലിനജലം ശേഖരിക്കുന്ന ടാങ്കിൽ നിന്ന് റോഡിലേക്കാണ് വലിയ പൈപ്പ് തുറന്ന് വിട്ടിരിക്കുന്നത്. മഴ മാറിയതോടെ ദുർഗന്ധം വമിക്കുന്ന മലിനജലം റോഡിലൂടെ തോടിലേക്കാണ് ഒഴുകിയെത്തുന്നത്. റോഡിനോട് ചേർന്ന് നിർമിച്ചിരിക്കുന്ന ടാങ്കിൽ നിന്ന് നിറഞ്ഞ് കവിയുന്ന മലിന ജലമാണ് വലിയ പി.വി.സി പൈപ്പിലൂടെ പുറത്തേക്ക് പോകുന്നതെന്നാണ് നാട്ടുകാർ പറയുന്നത്.
ആശുപത്രിയിലേക്ക് പ്രവേശിക്കാനുള്ള ഏക റോഡിലൂടെയാണ് മലിനജലം ദുർഗന്ധം പരത്തി ഒഴുകുന്നത്. രോഗികളും ആശുപത്രി ജീവനക്കാരുമെല്ലാം ഈ മലിനജലത്തിലൂടെ കടന്ന് വേണം ആശുപത്രിയിലെത്താൻ. പഴയ ആശുപത്രിയിലേക്കും ഇതിന് സമീപമുള്ള കാന്റീനിലേക്കും പോകാൻ ഈ വഴി മാത്രമാണുള്ളത്. ചെറുതോണി അണക്കെട്ടിലേക്കും മെഡിക്കൽ കോളജ് ഹോസ്റ്റലിലേക്കുമെല്ലാമുള്ള റോഡിലൂടെയാണ് മലിന ജലം തുറന്നുവിട്ടിരിക്കുന്നത്. ദുർഗന്ധം വർധിക്കുമ്പോൾ ക്ലോറിൻ വിതറുകയാണ് ചെയ്യുന്നത്.
വേനൽ ശക്തമായതോടെ മലിനജലം റോഡരികിലെ കുഴികളിൽ കെട്ടിനിന്ന് കൊതുക് വളരാനും സാംക്രമിക രോഗങ്ങൾ പടർന്നുപിടിക്കാനും കാരണമാകുമെന്ന് രോഗികളും ആശുപത്രി ജീവനക്കാരും നാട്ടുകാരും ആശങ്കപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.