ഗവ. എൻജിനീയറിങ് കോളജിൽ വാഹനങ്ങൾ തുരുമ്പെടുത്ത് നശിക്കുന്നു
text_fieldsചെറുതോണി: യഥാസമയം അറ്റകുറ്റപ്പണി നടത്താത്തതിനെ തുടർന്ന് പൈനാവ് ഗവ. എൻജിനീയറിങ് കോളജ് കാമ്പസിൽ ലക്ഷക്കണക്കിന് രൂപയുടെ വാഹനങ്ങൾ തുരുമ്പെടുത്തു നശിക്കുന്നു. സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽനിന്ന് കോളജിനു നൽകിയ രണ്ട് ബസും ഓഫിസ് ആവശ്യത്തിനായി ഉപയോഗിച്ചിരുന്ന ജീപ്പുമാണ് അധികൃതരുടെ അനാസ്ഥകൊണ്ട് നശിച്ചുകൊണ്ടിരിക്കുന്നത്. കോളജിന്റെ പ്രധാന കവാടത്തിനരികെ ഒതുക്കിയിട്ടിരിക്കുകയാണ് ഇവ. അധികം ഓടിയിട്ടില്ലാത്ത നല്ലതും വില കൂടിയതുമായ ടയറുകളാണ് ഇവക്കുള്ളത്. ഓടാതെ കിടന്നതുമൂലം ടയറുകൾ ഉപയോഗിക്കാൻ പറ്റാത്ത അവസ്ഥയിലാണ്. ജീപ്പിന്റെ ടയർ സാമൂഹികവിരുദ്ധർ കുത്തിക്കീറിയ നിലയിലാണ്.
വാഹനത്തിന് ചെറിയ തകരാറുകൾ കണ്ടപ്പോൾതന്നെ പരിഹരിക്കാതെ ഉപേക്ഷിക്കുകയായിരുന്നെന്നും ആരോപണമുണ്ട്. അറ്റകുറ്റപ്പണി വേണ്ടിവരുമ്പോൾ ശ്രദ്ധിക്കാൻ അധികൃതർ തയാറാകുന്നില്ല. ഇവയുപേക്ഷിച്ച ശേഷം പുതിയ വാഹനങ്ങൾ വാങ്ങുമ്പോൾ സർക്കാറിന് ലക്ഷങ്ങളുടെ നഷ്ടമാണ് ഉണ്ടാകുന്നത്. ഉപയോഗിക്കാൻ പറ്റാത്ത സാഹചര്യമുണ്ടായാൽ കൃത്യസമയത്തു വിൽപന നടത്തി പുതിയ വാഹനമെടുത്താലും ലാഭമാണ്. വാഹനങ്ങൾ വാങ്ങാൻ കളമശ്ശേരിയിൽനിന്ന് ആവശ്യക്കാർ വന്നിട്ടും അധികൃതരുടെ മെല്ലപ്പോക്കുമൂലം നടന്നില്ലെന്നും ആരോപണമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.