പഴയ ക്ലാസ്മുറിയിലെ ബെഞ്ചിൽ പഴയ കൂട്ടുകാരായി അവർ വീണ്ടും...
text_fieldsചെറുതോണി: ആരവങ്ങളും ആഘോഷങ്ങളുമില്ലാതെ വേറിട്ടൊരു പൂർവവിദ്യാർഥി സംഗമത്തിന് വേദിയായി തങ്കമണി സെന്‍റ് തോമസ് ഹൈസ്കൂൾ. 1989ൽ സ്കൂളിലെ എട്ട് ഡി ഡിവിഷനിൽ പഠിച്ചിരുന്ന എട്ടുപേരാണ് ഒത്തുചേർന്നത്.
'ഒരുവട്ടംകൂടി' എന്ന സ്കൂൾ വാട്സ്ആപ് ഗ്രൂപ് വഴിയാണ് ഒത്തുചേരലിന് വഴിയൊരുക്കിയത്. ക്ലാസിൽ ഇരുപത്തഞ്ചോളം പേരുണ്ടായിരുന്നെങ്കിലും ഇപ്പോൾ സ്ഥലത്തുള്ളവർ മാത്രമാണ് എത്തിയത്. സഹപാഠി ടിറ്റോയുടെ മകന്‍റെ ആദ്യകുർബാന ചടങ്ങിനെത്തുന്ന ദിവസം ഒത്തുചേരലിന് തെരഞ്ഞെടുക്കുകയായിരുന്നു. ബിജുവൈശ്യൻ, റോയി തോമസ്, ജോജോ മാത്യു, എ.എം. മാത്യു, ഷൈജു വർക്കി, മജു വർഗീസ്, ഷീജ തോമസ്, സോണി ജോജി എന്നിവർ സ്ക്കൂൾ മാനേജരുടെ പ്രത്യേക അനുമതി വാങ്ങി പഴയ ക്ലാസ് മുറിയിൽ തങ്ങളിരുന്ന അതേ ഇരിപ്പിടങ്ങളിൽ പഴയ കുസൃതികളായി.
അകാലത്തിൽ വിട്ടുപിരിഞ്ഞ നാലു സഹപാഠികൾക്ക് ആദരാഞ്ജലി അർപ്പിച്ചായിരുന്നു തുടക്കം. അധ്യാപകരുടെ ശിക്ഷകളും ശാസനകളും തമാശകളും പഠിപ്പിക്കുന്ന രീതികളുമെല്ലാം ഓരോരുത്തർ ഓർമകളിൽനിന്ന് തപ്പിയെടുത്തു. എട്ടുനിലയിൽ പൊട്ടിയ സഹപാഠികളുടെ കൗമാരപ്രണയം മുതൽ വിദേശത്ത് ചേക്കേറിയ കൂട്ടുകാരുടെ ഓൺലൈൻ വിശേഷങ്ങൾ വരെ പങ്കുവെച്ച് ഒന്നരമണിക്കൂർ ചെലവഴിച്ചാണ് ഉദ്ഘാടനവും സമാപനവുമില്ലാതെ പഴയ കൂട്ടുകാർ പിരിഞ്ഞത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.