ഇടുക്കി ഡാമിന്റെ പിറവി ഓർമിക്കാൻ ഈ ആൽമരം
text_fieldsചെറുതോണി: ഇടുക്കി ഡാമിന്റെ നിർമാണം പൂർത്തിയാക്കി തൊഴിലാളികളും എൻജിനീയർമാരും മടങ്ങിയപ്പോൾ ഓർമക്കായി നട്ട ആൽമരത്തിന് 54 വയസ്സ്. ചെറുതോണി-ഇടുക്കി റോഡിൽ തലയുയർത്തി നിൽക്കുന്ന ഈ ആൽമരം ഓട്ടേറെ ടൂറിസ്റ്റുകളെ ആകർഷിക്കുന്നു. ഇടുക്കി ഡാമിന്റെ പ്രായത്തിന്റെ ചരിത്രം ലോകത്തിന് കാട്ടിക്കൊടുക്കുന്നതും ഈ ആൽമരം.
ഡാം സന്ദർശിക്കാനെത്തുന്നവർ പഴക്കം ചോദിക്കുമ്പോൾ നാട്ടുകാർ ഈ ആൽമരത്ത ചൂണ്ടിക്കാട്ടി അതിന്റെ പ്രായമാണ് ഡാമിനുമെന്ന് പറയും.
ചെറുതോണി ടൗണിൽനിന്ന് കട്ടപ്പന റൂട്ടിൽ ഒന്നര കിലോമീറ്റർ ദൂരെ സംസ്ഥാനപാതക്ക് അരികിലാണ് ഈ ആൽമരം. ഡാമിന്റെ നിർമാണം പൂർത്തീകരിച്ച 1970ലാണ് ഹിന്ദുസ്ഥാൻ കമ്പനിയുടെ സൂപ്രണ്ട് ഓഫിസ് സ്ഥിതി ചെയ്യുന്ന കെട്ടിടത്തിന് മുന്നിൽ സുപ്രണ്ടിന്റെ നേതൃത്വത്തിൽ ആൽമരത്തിന്റെ തൈ നട്ടത്. വേനലിൽ ഉണങ്ങിപ്പോകാതിരിക്കാൻ സൂപ്രണ്ട് ഇതിനുവേണ്ടി മാത്രം ജോലിക്കാരെ ചുമതലപ്പെടുത്തി. 1972ൽ പ്രധാനമന്ത്രിയായിരുന്ന ഇന്ദിര ഗാന്ധി ഡാം രാജ്യത്തിന് സമർപ്പിക്കുമ്പോൾ ആൽമരത്തിന് രണ്ടു വയസ്സ്. ഡാം നിർമാണം പൂർത്തിയാക്കി കമ്പനി മടങ്ങിയപ്പോൾ ആൽമരത്തിന്റെ സംരക്ഷണം നാട്ടുകാർ ഏറ്റെടുത്തു. മരച്ചുവട്ടിൽ പിന്നീട് നാട്ടുകാർ ക്ഷേത്രം പണിതെങ്കിലും പ്രദേശം ആലിൻചുവട് എന്നാണ്
അറിയപ്പെടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.