തീരുമാനം നടപ്പായില്ല;കുരുക്ക് മുറുകി ചെറുതോണി
text_fieldsചെറുതോണി: ടൗണിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാൻ ആര്.ടി.ഒ നേതൃത്വത്തിലെടുത്ത സര്‍വകക്ഷി തീരുമാനം നടപ്പായില്ല. ഇതോടെ ഗതാഗതക്കുരുക്ക് വീണ്ടും വർധിച്ചു. പാര്‍ക്കിങ് നിരോധിച്ചെന്ന രണ്ടുബോര്ഡ് സ്ഥാപിക്കുക മാത്രമേ ഇവിടെ ചെയ്തിട്ടുള്ളൂ. ബോര്‍ഡിന് സമീപം പഴയപടി പാര്‍ക്കിങ് തുടരുകയാണ്. യോഗത്തില്‍ ബന്ധപ്പെട്ട ജനപ്രതിനിധികളോ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളോ പങ്കെടുത്തില്ല.
എല്ലാവരെയും അറിയിച്ചില്ലെന്നാണ് ആക്ഷേപം. ചില ക്ലബിന്റെ ഭരാവാഹികളെ മാത്രമേ ക്ഷണിച്ചൂ എന്നും ആരോപണമുണ്ട്. ത്രിതലപഞ്ചായത്ത് പ്രതിനിധികളും യോഗത്തില്‍ പങ്കെടുത്തില്ല. ചെറുതോണി ഫെഡറല്‍ ബാങ്കിനു സമീപം മുതല്‍ വഞ്ചിക്കവല റോഡില്‍ ഒരു വശം മാത്രമേ പാര്‍ക്കിങ് അനുവദിച്ചിട്ടുള്ളൂ.
മറുവശത്ത് ബോര്ഡുവെച്ചെങ്കിലും ഇതു സംബന്ധിച്ച അറിയിപ്പ് പൊലീസോ, മോട്ടോർ വാഹന വകുപ്പോ നല്‍കിയില്ല. അതിനാല്‍ ഇവിടെ പാര്‍ക്കിങ് തുടരുകയാണ്. ചെറുതോണി പാലത്തിന് സമീപത്തുനിന്ന് ആലിന്‍ചുവട് വരെയുള്ള റോഡുവശത്തിലെ കല്ലും മണ്ണും മാറ്റി ഇവിടെയും പെട്രോള്‍പമ്പിനു സമീപത്ത് മണ്ണുമാറ്റിയ സ്ഥലത്തും പാര്‍ക്കിങ് ആരംഭിക്കാമെന്നുമാണ് തീരുമാനിച്ചത്.
എന്നാല്‍, ഇവിടെയും ക്രമീകരണം നടപ്പാക്കിയില്ല. സ്കൂള്‍ സമയമായ രാവിലെയും വൈകീട്ടും തിരക്കുമൂലം കുട്ടികളും കാല്‍നടക്കാരും ബുദ്ധിമുട്ടുകയാണ്. ടൗണിലെ ഗതാഗതക്കുരുക്ക് പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് താലൂക്ക് സഭയില്‍ പലതവണ പരാതി നല്‍കിയിരുന്നു. തഹസില്‍ദാര്‍ പ്രത്യേക പരിഗണന നല്കി ആര്.ടി.ഒക്കും കലക്ടർക്കും കത്ത് നല്‍കിയശേഷമാണ് ഒരു ആലോചനയോഗം ചേര്‍ന്നത്. എന്നാല്‍, യോഗത്തിലെടുത്ത തീരുമാനം നടപ്പാക്കാന്‍ പൊലീസോ, ആര്.ടി.ഒയോ തയാറായിട്ടില്ല. അടുത്തു നടക്കുന്ന താലൂക്ക് സഭയില്‍ വീണ്ടും പരാതി നല്‍കുമെന്ന് വ്യാപാരികള്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.