വാഹനങ്ങൾ കട്ടപ്പുറത്ത്; മരുന്നു വിതരണം അവതാളത്തിൽ
text_fieldsചെറുതോണി: ജില്ലയിലെ സർക്കാർ ആശുപത്രികളിലേക്ക് മരുന്നെത്തിക്കുന്ന വാഹനങ്ങൾ കട്ടപ്പുറത്തായതോടെ ആശുപത്രിയിലേക്കുള്ള മരുന്നു വിതരണം അവതാളത്തിൽ. ഇടുക്കി മെഡിക്കൽ കോളജിന് സമീപം പ്രവർത്തിക്കുന്ന കേരള മെഡിക്കൽ സർവ്വീസ് കോർപ്പറേഷന്റെ ജില്ലാ മരുന്ന് വിതരണ കേന്ദ്രത്തിൽ നിന്നുള്ള മരുന്ന് വിതരണമാണ് വാഹനങ്ങളില്ലാത്തതിനാൽ അവതാളത്തിലായത്. മെഡിക്കൽ സർവീസസ് കോർപ്പറേഷനാണ് മരുന്നു വിതരണം ചെയ്യേണ്ടത്. ജീപ്പടക്കം 47 വാഹനങ്ങളാണ് ജില്ലയിലെ ആശുപത്രികളിൽ മരുന്ന് വിതരണം ചെയ്യുന്നത്. ഇതിൽ 32 എണ്ണമാണ് കട്ടപ്പുറത്തായത്.
ഇവിടെനിന്നും ജില്ലയിലെ സർക്കാർ ആശുപത്രികളിലേക്ക് ഉൾപ്പെടെ മരുന്ന് വിതരണത്തിന് ഉപയോഗിച്ചിരുന്ന വാഹനങ്ങൾ കാലപ്പഴക്കം മൂലം കട്ടപ്പുറത്ത് ആയിട്ട് നാളുകൾ ഏറെയായി. പകരം വാഹനങ്ങൾ ലഭ്യമാക്കാത്തതാണ് മരുന്നു വിതരണത്തെ സാരമായി ബാധിച്ചത്. കരാർ അടിസ്ഥാനത്തിൽ ഒരു വാഹനം ഉപയോഗിച്ച് മരുന്നുവിതരണം നടത്തുന്നുണ്ടെങ്കിലും ഇത് കാര്യക്ഷമമല്ലെന്നാണ് ആക്ഷേപം. നിലവിൽ ജില്ലയിലെ സർക്കാർ ആശുപത്രികളിൽ മരുന്ന് ക്ഷാമം അതിരൂക്ഷമാണ്. ഇതിനിടയിലാണ് ഉള്ള മരുന്നുകൾ പോലും യഥാസമയം എത്തിക്കാൻ കഴിയാതെ വരുന്നത്.
സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന രോഗികളെയാണ് സർക്കാർ ആശുപത്രിയിൽ മരുന്ന് ഇല്ലാത്തത് സാരമായി ബാധിച്ചിരിക്കുന്നത്. സർക്കാർ കോടികളുടെ ആഡംബര വാഹനങ്ങൾ തരം പോലെ വാങ്ങുമ്പോൾ ആതുര സേവന മേഖലയിൽ കണ്ടം ചെയ്ത വാഹനങ്ങൾക്ക് പകരം പുതിയ വാഹനങ്ങൾ വാങ്ങാത്തതിൽ നാട്ടുകാർക്കിടയിൽ പ്രതിഷേധം ശക്തമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.