കോടിക്കണക്കിന് രൂപയുടെ വാഹനങ്ങൾ പൊലീസ് സ്റ്റേഷൻ വളപ്പിൽ നശിക്കുന്നു
text_fieldsചെറുതോണി: കോടിക്കണക്കിന് രൂപയുടെ വാഹനങ്ങൾ ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷൻ പരിസരങ്ങളിൽ കിടന്നുനശിക്കുന്നു.
ഒന്നരവർഷം മുമ്പ് പൈനാവിൽ കടാശ്വാസ കമീഷൻ സിറ്റിങിന് വന്ന ജഡ്ജി സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു. അന്ന് ഇടുക്കി സ്റ്റേഷൻ വളപ്പിൽ കൊണ്ടിട്ട കാർ ഇന്നുവരെ കൊണ്ടുപോയിട്ടില്ല. അപകടത്തിൽ പെട്ടും കേസിലും മറ്റും എത്തിയ തൊണ്ടി വാഹനങ്ങളാണ് വർഷങ്ങളായി നശിപ്പിക്കുന്നത്.
ലേലം ചെയ്തുവിറ്റാൽ കോടിക്കണക്കിനു രൂപ കിട്ടുന്ന വാഹനങ്ങളാണ് ജില്ലയിലെ 18 പൊലീസ് സ്റ്റേഷൻ വളപ്പുകളിൽ കിടന്ന് നശിക്കുന്നത്. ഏറ്റവും കൂടുതൽ വാഹനങ്ങൾ വെറുതെ കിടക്കുന്നത് പീരുമേട്ടിലാണ് (66 വാഹനങ്ങൾ). ഏറ്റവും കുറവ് തങ്കമണിയിലും (രണ്ട്). കരിങ്കുന്നം (മൂന്ന്), ഉപ്പുതറ (നാല്), നെടുങ്കണ്ടം (ഒമ്പത്), പെരുവന്താനം (15), മുരിക്കാശ്ശേരി (15), മുട്ടം (16), വാഗമൺ (16), വണ്ടൻമേട് (20), വണ്ടിപ്പെരിയാർ (21), കുമളി (23), കഞ്ഞിക്കുഴി (25), കമ്പംമെട്ട് (30), കാളിയാർ (31), കട്ടപ്പന (50) എന്നിങ്ങനെയാണ് മറ്റ് സ്റ്റേഷനുകളിലെ കണക്ക്. ലോറിയും കാറും ബൈക്കും ജീപ്പുമടക്കം അഞ്ഞൂറോളം വാഹനങ്ങളാണ് നശിക്കുന്നത്.
പഴക്കം ചെല്ലുന്തോറും ഇവയെല്ലാം ഉപയോഗശൂന്യമായിക്കൊണ്ടിരിക്കുകയാണ്. കഞ്ചാവും മണലും കടത്തിയ കേസുകളിൽപ്പെട്ടതുമുണ്ട്. ചില വാഹനങ്ങൾക്ക് വ്യക്തമായ രേഖകളില്ല. കേസിൽപ്പെട്ട ചില വാഹനങ്ങൾ ഉടമ തിരിച്ചെടുക്കാൻ വരാത്തതുമുണ്ട്. വർഷങ്ങളായി കേസ് തീരാതെ വിധിയും കാത്തുകിടക്കുന്ന ഒരു ഡസൻ വിലപിടിപ്പുള്ള വാഹനങ്ങളും സ്റ്റേഷൻ വളപ്പിലുണ്ട്.
കേസിൽപ്പെട്ട വാഹനങ്ങൾ കോടതിയുടെ നിയന്ത്രണത്തിലാണ്. ഇത് ലേലം ചെയ്യണമെങ്കിൽ കോടതിയുടെ അനുമതി വേണം. പലസ്റ്റേഷനുകളിലും വാഹനങ്ങൾ കാടുമൂടി ഇഴജന്തുക്കളുടെ വിഹാരരംഗമായി മാറിക്കഴിഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.