ബിവറേജിൽ വിജിലൻസിന്റെ മിന്നൽ പരിശോധന; കണക്കിൽപ്പെടാത്ത പണം പിടിച്ചെടുത്തു
text_fieldsചെറുതോണി: ബിവറേജസ് കോർപറേഷന്റെ തടിയമ്പാട്ടെ ഔട്ട് െലറ്റിൽ വിജിലൻസ് നടത്തിയ മിന്നൽ പരിശോധനയിൽ ക്രമക്കേടുകൾ കണ്ടെത്തി. കണക്കിൽപ്പെടാതെ സൂക്ഷിച്ചിരുന്ന 46,850 രൂപ പിടിച്ചെടുത്തു.
ജീവനക്കാർ അനധികൃതമായി ഗൂഗിൾ പേ ഉൾപ്പെടെയുള്ള പെയ്മെൻറ് ആപ്പുകൾ വഴി പണം വാങ്ങി ചെറുകിട കച്ചവടക്കാർക്ക് വൻതോതിൽ മദ്യം കൂടുതൽ അളവിൽ വിൽപന നടത്തുന്നതായി അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. സ്റ്റോക്കിലും കൃത്രിമം കണ്ടെത്തി.
കിഴക്കൻ മേഖല പൊലീസ് സൂപ്രണ്ട് വി.ജി. വിനോദ് കുമാറിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ യൂനിറ്റ് ഡി.വൈ.എസ്.പി ഷാജു ജോസിന്റെ നിർദേശാനുസരണം പൊലീസ് ഇൻസ്പെക്ടർ അജിത് കുമാറും സംഘവും വ്യാഴാഴ്ച രാത്രി നടത്തിയ മിന്നൽ പരിശോധനയിലാണ് ക്രമക്കേടുകൾ കണ്ടെത്തിയത്. കഴിഞ്ഞ ദിവസത്തെ ആകെ വിറ്റുവരവ് 14,86,350 രൂപയാണ്. കലക്ഷനിൽ 14,94,650 രൂപ കണ്ടു. കണക്ക് പ്രകാരമുള്ള തുകയേക്കാൾ 8300 രൂപ കൂടുതൽ. ടീ ഔട്ട് ലെറ്റിൽ ഹാജർ ഉണ്ടായിരുന്ന ജീവനക്കാരുടെ കൈവശമുള്ള പണം പരിശോധിച്ചപ്പോൾ ഒരു എൽ.ഡി ക്ലർക്കിന്റെ കൈവശം 15,600 അധികമായി കണ്ടെത്തി. ഷോപ്പ് ഇൻ ചാർജ് ആയ ഉദ്യോഗസ്ഥൻ താമസിക്കുന്ന ഔട്ട് ലെറ്റിന് മുകളിലെ നിലയിലുള്ള മുറി പരിശോധിച്ചപ്പോൾ 15,950 രൂപയും കമ്പനികളിൽനിന്ന് കമീഷൻ ലഭിക്കുന്ന കണക്കുകൾ എഴുതി സൂക്ഷിക്കുന്ന ഡയറിയും കണ്ടെത്തി. ഒരു ജീവനക്കാരന്റെ കാറിൽനിന്ന് കണക്കിൽ പെടാത്ത 7000 രൂപയും കണ്ടെടുത്തു. കണക്കിൽപ്പെടാത്ത 46,850 രൂപ മൊത്തം കണ്ടെടുത്തതായി അന്വേഷണോദ്യോഗസ്ഥർ പറഞ്ഞു.
ഗൂഗിൾ പേ അക്കൗണ്ടുകൾ പരിശോധിച്ചതിൽ നാലു ജീവനക്കാരുടെ അക്കൗണ്ടിലേക്ക് അനധികൃതമായി പണമിടപാടുകൾ നടന്നതായി കാണപ്പെട്ടു. മദ്യത്തിന്റെയും ബിയറിന്റെയും സ്റ്റോക്കിൽ വ്യത്യാസം കണ്ടിട്ടുണ്ട്. അനധികൃതമായി കണ്ടെത്തിയ പണം ട്രഷറിയിൽ അടക്കും. അപാകതകൾ സംബന്ധിച്ച് റിപ്പോർട്ട് വിജിലൻസ് ഡയറക്ടർക്ക് സമർപ്പിക്കും. മിന്നൽ പരിശോധന നടത്തിയ സംഘത്തിൽ പൊലീസ് ഇൻസ്പെക്ടർ അജിത് കുമാറിനെ കൂടാതെ എസ്.ഐ. ഇ.എ. മുഹമ്മദ് എ.എസ്. ഐ. ബേസിൽ പി ഐസക്, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ കൃഷ്ണകുമാർ, ദിലീപ് കുമാർ, സിവിൽ പൊലീസ് ഓഫിസർമാരായ സന്ദീപ് ദത്തൻ ശ്രീജിത്ത് കൃഷ്ണൻ എന്നിവരും ഉണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.