കുര്യനാട് ചന്ദ്രന് നാടകംതന്നെ ജീവിതം
text_fieldsചെറുതോണി: എട്ടുവർഷത്തിനിടെ മാന്ത്രികച്ചെപ്പ് എന്ന നാടകം കളിച്ചത് 1200 വേദികളിൽ. ഇപ്പോഴും വേദികളിൽനിന്ന് വേദികളിലേക്ക് സഞ്ചരിച്ചുകൊണ്ടിരിക്കുന്ന ഈ നാടകത്തിന്‍റെ സാരഥിയാണ് കുര്യനാട് ചന്ദ്രൻ. നാടകംതന്നെ ജീവിതമാക്കി മാറ്റിയ കലാകാരനാണ് കുര്യനാട് ചന്ദ്രൻ. 41 വർഷങ്ങളായി നാടകത്തിന്‍റെ അണിയറയിൽ ചന്ദ്രനുണ്ട്.
1998ലാണ് സ്വന്തം നാടകസമിതിയായ അങ്കമാലി അമൃതക്ക് രൂപംനൽകുന്നത്. ആദ്യവർഷങ്ങളിൽ മറ്റു നാടകകൃത്തുക്കളുടെ നാടകങ്ങളാണ് അവതരിപ്പിച്ചതെങ്കിൽ പിന്നീട് സ്വന്തംനാടകം വേദിയിലെത്തിച്ചു. ഇതുവരെ എഴുതിയ ഏഴോളം നാടകങ്ങൾ അരങ്ങിലെത്തി. ആകാശക്കൊട്ടാരം, അക്ഷരമന്ത്രം, കാട്ടുപ്രമാണി, ഈ വീടും സ്ഥലവും വിൽപനക്ക്, മാന്ത്രികച്ചെപ്പ് തുടങ്ങിയ നാടകങ്ങളാണ് സ്വന്തം സമിതിക്കുവേണ്ടി എഴുതിയത്. കുത്താട്ടുകുളം സഹൃദയ തിയറ്റേഴ്സ് അവതരിപ്പിച്ച് എൻ.എൻ. പിള്ളയുടെ പ്രേതലോകം നാടകം കാണാനിടയായതായിരുന്നു നാടകത്തിലേക്കുള്ള രംഗപ്രവേശമെന്ന് ചന്ദ്രൻ പറയുന്നു. ഇതിന് ശേഷമാണ് സ്വന്തമായി ഒരു ട്രൂപ്പ് തുടങ്ങണമെന്ന് ആഗ്രഹമുണ്ടായത്. 2000 മുതൽ സ്വന്തമായി നാടകം എഴുതി. പത്താമത്തെ നാടകമായിരുന്നു മാന്ത്രികച്ചെപ്പ്. പ്രേക്ഷകരും സംഘാടകരും അഭിനന്ദനങ്ങളുമായി എത്തി. സാമൂഹിക വിപത്തുകൾക്കെതിരെ ശക്തമായി പ്രതികരിച്ച നാടകമാണ് മാന്ത്രികച്ചെപ്പ്. കേരളത്തിൽ ഏറ്റവും കൂടുതൽ പള്ളി വേദികളിൽ അവതരിപ്പിച്ച നാടകമെന്ന ഖ്യാതിയും മാന്ത്രികച്ചെപ്പ് നേടിയെടുത്തതായി ചന്ദ്രൻ പറഞ്ഞു.
സംസ്ഥാന സർക്കാറിന്‍റെ ആദരവും ഇദ്ദേഹത്തെ തേടിയെത്തിയിരുന്നു. കേരള സംഗീത നാടക അക്കാദമിയുടെ 2020ലെ ഗുരുപൂജ പുരസ്ക്കാര ജേതാവാണ്. ഇപ്പോൾ എഴുതിക്കൊണ്ടിരിക്കുന്ന തിളക്കുന്ന കടൽ എന്ന നാടകം അരങ്ങിലെത്തിക്കാനുള്ള തിരക്കിട്ട ശ്രമത്തിലാണ് ഈ കലാകാരൻ. ഭാര്യ തങ്കമ്മ. മക്കൾ: അനുമോൾ ഗവ. ഹയർ സെക്കൻഡറി സ്ക്കൂൾ നാമക്കുഴി, ബിനു (സോഫ്റ്റ് വെയർ എൻജിനീയർ യു.പി) സിനു (ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതി പെരുമ്പാവൂർ).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.