ശൈശവ വിവാഹവും ബാലവേലയും തടയാൻ സമഗ്ര കർമപദ്ധതി
text_fieldsതൊടുപുഴ: ജില്ലയിൽ ശൈശവ വിവാഹം, ബാലവേല, സ്കൂളുകളിൽനിന്ന് കുട്ടികളുടെ കൊഴിഞ്ഞുപോക്ക് എന്നിവ തടയാൻ സമഗ്ര കർമപദ്ധതി നടപ്പാക്കുന്നു. തോട്ടം മേഖല കേന്ദ്രീകരിച്ച് ലോക്ഡൗൺ കാലത്ത് ശൈശവ വിവാഹങ്ങൾ നടന്നെന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ ശിശുസംരക്ഷണ സമിതി വിളിച്ചുചേർത്ത യോഗത്തിലാണ് കർമപദ്ധതിക്ക് രൂപം നൽകിയത്.
ശൈശവ വിവാഹത്തിനെതിരെ കുട്ടികൾക്കും മാതാപിതാക്കൾക്കുമിടയിൽ ബോധവത്കരണം നടത്തും. ഇതോടൊപ്പം ശൈശവ വിവാഹ നിരോധന നിയമം കൂടുതൽ ശക്തമായി നടപ്പാക്കും. കുട്ടികളുടെ വിവാഹവുമായി ബന്ധപ്പെട്ട് എന്തുചടങ്ങ് നടത്തിയാലും വിവാഹമായി പരിഗണിച്ച് കേസെടുക്കും. ഇത്തരം കുട്ടികളെ രക്ഷപ്പെടുത്തി ശിശുക്ഷേമ സമിതി മുമ്പാകെ ഹാജരാക്കുകയും 18 വയസ്സുവരെ ശിശുസംരക്ഷണ കേന്ദ്രത്തിൽ പാർപ്പിക്കുകയും ചെയ്യും. കുട്ടികളെ തമിഴ്നാട്ടിൽ എത്തിച്ച് കല്യാണം നടത്താനാണ് കൊണ്ടുപോകുന്നതെന്ന് കണ്ടെത്തിയാൽ മനുഷ്യക്കടത്തായി പരിഗണിച്ച് നിയമനടപടി സ്വീകരിക്കും. ശൈശവ വിവാഹം നടക്കാൻ സാധ്യതയുള്ള കുടുംബങ്ങളുടെ പട്ടിക തയാറാക്കുകയും ഈ കുടുംബങ്ങളെ ശിശുസംരക്ഷണ സമിതി നിരന്തരം നിരീക്ഷിക്കുകയും ചെയ്യും.
സ്കൂളുകളിൽനിന്ന് കുട്ടികളുടെ കൊഴിഞ്ഞുപോക്ക് തടയാൻ വാർഡ്തലത്തിൽ ഡ്രോപ്ഔട്ട് പ്രിവൻഷൻ കമ്മിറ്റികൾ രൂപവത്കരിക്കും. കുട്ടികളുടെ സുരക്ഷയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ കൈകാര്യം ചെയ്യാൻ സ്കൂളുകളിൽ ജാഗ്രതസമിതിയും പ്രൊട്ടക്ഷൻ കമ്മിറ്റിയും രൂപവത്കരിക്കും. അവധിക്കാലത്ത് കുട്ടികൾ വീടുകളിൽ ഒറ്റക്കാകുന്ന സാഹചര്യം ഒഴിവാക്കാൻ പഞ്ചായത്തുതലത്തിൽ തൊഴിൽ പരിശീലനം ഏർപ്പെടുത്തും അന്തർ സംസ്ഥാനക്കാരായ കുട്ടികൾക്കിടയിൽ പോക്സോ കേസുകൾ ഇടക്കിടെ റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ ഇതിനെതിരെ കുട്ടികളെ കൊണ്ടുവരുന്ന ഏജന്‍റുമാർക്കും തോട്ടം ഉടമകൾക്കും തൊഴിലാളി സംഘടന പ്രതിനിധികൾക്കും ലേബർ ഓഫിസർ വഴി ബോധവത്കരണവും മാർഗനിർദേശങ്ങളും നൽകാനും തീരുമാനമുണ്ട്. പഞ്ചായത്ത്, പൊലീസ്, വിദ്യാഭ്യാസ, വനിത-ശിശു വികസന, എസ്.സി എസ്.ടി വകുപ്പുകൾ, ചൈൽഡ്ലൈൻ എന്നിവയുടെ സഹകരണത്തോടെ ശിശുസംരക്ഷണ സമിതിയാണ് കർമപദ്ധതി നടപ്പാക്കുക.
ജില്ലയില്‍ വര്‍ഷം 20 ശൈശവ വിവാഹം വരെ
നെടുങ്കണ്ടം: ജില്ലയിലെ 10 പഞ്ചായത്തില്‍ ശൈശവ വിവാഹങ്ങള്‍ നടക്കുന്നതായി ജില്ല ശിശുസംരക്ഷണ സമിതിയുടെ കണ്ടെത്തൽ. ജില്ലയില്‍ 15 മുതല്‍ 20 വരെ ശൈശവ വിവാഹങ്ങള്‍ ഒരുവര്‍ഷം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതായും സമിതി അധികൃതർ പറയുന്നു. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ നടന്ന മൂന്ന് കേസില്‍ സര്‍ക്കാര്‍ റിപ്പോര്‍ട്ട് തേടിയിരുന്നു. നെടുങ്കണ്ടം, ഉടുമ്പന്‍ചോല പഞ്ചായത്തുകളിലെ തോട്ടം മേഖലയില്‍ ലോക്ഡൗണ്‍ കാലത്ത് ഏഴ് ശൈശവ വിവാഹം നടന്നതായി റിപ്പോർട്ടുണ്ട്. ഇതില്‍ അഞ്ചെണ്ണം നെടുങ്കണ്ടം പൊലീസ് പരിധിയിലാണ്. ഉടുമ്പന്‍ചോല പഞ്ചായത്ത് ഓഫിസില്‍ ചേര്‍ന്ന ബാലസംരക്ഷണ സമിതിയുടെ അടിയന്തര യോഗത്തിലാണ് വിഷയം ചർച്ചയായത്.
16, 17 വയസ്സുള്ള പെണ്‍കുട്ടികളുടെ വിവാഹമാണ് നിര്‍ബന്ധിതമായി നടത്തിയത്. ഈ കേസുകളില്‍ പരിശോധന നടത്തും. വിവാഹം നടത്തിയവരും വധൂവരന്മാരുടെ മാതാപിതാക്കളും വിവാഹത്തില്‍ പങ്കെടുത്തവരും ഭക്ഷണം കഴിച്ചവരും നിയമനടപടി നേരിടേണ്ടിവരും. തോട്ടം മേഖലയിലെ സ്കൂളുകളില്‍നിന്ന് പഠനം നിര്‍ത്തിയ പെണ്‍കുട്ടികള്‍ എങ്ങോട്ട് പോയെന്ന് വ്യക്തതയില്ല. ഇത്തരം സംഭവങ്ങളില്‍ മിസിങ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തും. വണ്ടന്മേട് പഞ്ചായത്തില്‍ ഒരു ശൈശവ വിവാഹം തടഞ്ഞപ്പോള്‍ അധികൃതരെ ഭീഷണിപ്പെടുത്തിയ സംഭവമുണ്ടായി. വിവാഹം മുടക്കിയെന്നായിരുന്നു ആരോപണം. എന്നാല്‍, വിവാഹം മുടക്കുകയല്ല നീട്ടിവെക്കുകയാണ്. നെടുങ്കണ്ടം, കരുണാപുരം, പാമ്പാടുംപാറ മേഖലകളില്‍നിന്ന് നിലവില്‍ റിപ്പോർട്ട് ചെയ്ത അഞ്ച് കേസിൽ വിശദ അന്വേഷണം ആരംഭിച്ചു. ജില്ല ശിശുസംരക്ഷണ ഓഫിസര്‍ എം.ജി. ഗീതയുടെ നേതൃത്വത്തിലായിരുന്നു യോഗം. ഉടുമ്പന്‍ചോല പഞ്ചായത്ത് പ്രസിഡന്‍റ് കെ.കെ. സജികുമാര്‍ അധ്യക്ഷത വഹിച്ചു. പൊലീസ് ഇൻസ്പെക്ടർ ഫിലിപ് സാം, പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ബീന ബിജി, അംഗങ്ങളായ പി.ഡി. ജോര്‍ജ്, ബെന്നി തുണ്ടത്തില്‍, അമ്പിളി തമ്പി എന്നിവര്‍ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.