ബാലവിവാഹം: ബാലാവകാശ കമീഷൻ ഇടുക്കിയിലേക്ക്
text_fieldsതൊടുപുഴ: ഇടമലക്കുടിയിലടക്കം ജില്ലയിലെ അതിർത്തി ഗ്രാമങ്ങളിലും തോട്ടം മേഖലകളിലും നിരന്തരം ബാലവിവാഹങ്ങൾ നടക്കുന്നുവെന്ന റിപ്പോർട്ടുകൾ പുറത്തുവന്ന സാഹചര്യത്തിൽ സംസ്ഥാന ബാലാവകാശ കമീഷൻ വിഷയത്തിൽ ഇടപെടുന്നു. ഇതിന്‍റെ ഭാഗമായി ഫെബ്രുവരി 28, മാർച്ച് ഒന്ന് തീയതികളിൽ ഇടമലക്കുടിയിലും മൂന്നാറിലും കമീഷൻ യോഗം വിളിച്ചു. ജില്ലയിൽ ബാല വിവാഹമടക്കം കുട്ടികൾക്കെതിരായ അതിക്രമങ്ങൾ നേരിടുന്നതിനുള്ള സമഗ്ര രൂപരേഖ തയാറാക്കുന്നതിന് മുന്നോടിയായാണ് കമീഷൻ അധ്യക്ഷന്‍റെ നേതൃത്വത്തിലുള്ള യോഗം.
കഴിഞ്ഞമാസം 30നും ഫെബ്രുവരി നാലിനും ഇടമലക്കുടിയിൽ ബാലവിവാഹം റിപ്പോർട്ട് ചെയ്തിരുന്നു. ആദ്യസംഭവം രണ്ടാഴ്ച കഴിഞ്ഞാണ് പുറംലോകം അറിഞ്ഞത്. പതിനാറുകാരിയെ നാൽപത്തിയേഴുകാരൻ വിവാഹം ചെയ്തതായാണ് ജില്ല ശിശുക്ഷേമ സമിതി കണ്ടെത്തിയത്. സംഭവത്തിൽ വരനെതിരെ പോക്സോ പ്രകാരം കേസെടുത്തു.
തമിഴ്നാട്ടിലേക്ക് കടന്നതായി സംശയിക്കുന്ന ഇയാളെ കണ്ടെത്താൻ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 26കാരൻ 17കാരിയെ വിവാഹം കഴിച്ച സംഭവമാണ് രണ്ടാമത്തേത്. ഇതിലും അന്വേഷണം നടക്കുകയാണ്. ബാലവിവാഹമടക്കം കുട്ടികൾക്കെതിരായ അതിക്രമങ്ങൾ ജില്ലയിൽ കൂടിവരുന്ന സാഹചര്യത്തിൽ പ്രശ്നത്തെ ഗൗരവമായി കണ്ട് കൂടുതൽ കർശനമായി ഇടപെടാനാണ് കമീഷൻ തീരുമാനം.
ഫെബ്രുവരി 28, മാർച്ച് ഒന്ന് തീയതികളിൽ ഇടമലക്കുടിയും മൂന്നാറിലെ മറ്റ് പ്രദേശങ്ങളും സന്ദർശിക്കുന്ന കമീഷൻ, വിഷയം വിശദമായി ചർച്ച ചെയ്യും. ഇടമലക്കുടിയിലെ യോഗത്തിനുപുറമെ പൊലീസ്, ചൈൽഡ്ലൈൻ, ശിശുസംരക്ഷണ യൂനിറ്റ്, ശിശുക്ഷേമ സമിതി എന്നിവയടക്കം ബന്ധപ്പെട്ട എല്ലാ വകുപ്പുകളുടെയും ഉദ്യോഗസ്ഥരുടെയും യോഗം പ്രത്യേകം ചേരും. യോഗത്തിൽ ഉരുത്തിരിയുന്ന അഭിപ്രായങ്ങളും നിർദേശങ്ങളും ക്രോഡീകരിച്ച് ബാലവിവാഹമടക്കം തടയുന്നതിനുള്ള ഭാവിപ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുമെന്ന് സംസ്ഥാന ബാലാവകാശ കമീഷൻ ചെയർമാൻ കെ.വി. മനോജ്കുമാർ പറഞ്ഞു.
ടാസ്ക് ഫോഴ്സ് വീണ്ടും സജീവമാകും
ജില്ലയിൽ ശൈശവ വിവാഹങ്ങൾ ഉൾപ്പെടെയുള്ളവ തടയുന്നതിന് കമീഷൻ മുൻകൈയെടുത്ത് നേരത്തേ ടാസ്ക്ഫോഴ്സ് രൂപവത്കരിച്ചിരുന്നു. മൂന്നാർ സന്ദർശനവേളയിൽ ഈ ടാസ്ക് ഫോഴ്സിന്‍റെ യോഗവും വിളിച്ചുചേർത്തിട്ടുണ്ട്.ടാസ്ക് ഫോഴ്സിന്‍റെ പ്രവർത്തനങ്ങൾ കൂടുതൽ ഊർജിതമാക്കാനുള്ള തീരുമാനങ്ങളും ഉണ്ടാകും.
ആദിവാസി മേഖലയിൽ ഉൾപ്പെടെ റിപ്പോർട്ട് ചെയ്യപ്പെടുന്നതും അല്ലാത്തതുമായ ബാലവിവാഹങ്ങൾ കണ്ടെത്തുക, ബാലവിവാഹത്തിനെതിരെ രക്ഷിതാക്കളെയും ജനപ്രതിനിധികളെയും മറ്റ് ബന്ധപ്പെട്ടവരെയും ബോധവത്കരിക്കുക, അതിർത്തി മേഖലകളിലൂടെ കുട്ടികളെ ബാലവേലക്ക് കൊണ്ടുവരുന്നത് കർശനമായി നിരീക്ഷിക്കുക, ആദിവാസി മേഖലകളിലെ കുട്ടികളുടെ ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ കാര്യങ്ങളിൽ പ്രത്യേക ജാഗ്രത പുലർത്തുക, ആദിവാസി മേഖലകൾ ബാലസൗഹൃദ കേന്ദ്രങ്ങളാക്കുക തുടങ്ങിയ പ്രവർത്തനങ്ങളാണ് കമീഷൻ പ്രധാനമായും ലക്ഷ്യമിടുന്നത്.
ഇതിന് സ്കൂൾ കൗൺസിലർമാരുടേതടക്കം സേവനം പ്രയോജനപ്പെടുത്തും.ജില്ലയിൽ കഴിഞ്ഞ രണ്ടുവർഷത്തിനിടെ 15ലധികം ശൈശവ വിവാഹങ്ങൾ തടഞ്ഞതായാണ് ഔദ്യോഗിക കണക്ക്. എന്നാൽ, റിപ്പോർട്ട് ചെയ്യാത്ത സംഭവങ്ങൾ ഇതിലും കൂടും. അതിർത്തി മേഖലയിലെ പഞ്ചായത്തുകളിലാണ് ശൈശവ വിവാഹങ്ങൾ കൂടുതലും. ലോക്ഡൗൺ കാലത്ത് ജില്ലയിലെ തോട്ടം മേഖലയിൽനിന്ന് പെൺകുട്ടികളെ തമിഴ്നാട്ടിലെത്തിച്ച് ശൈശവവിവാഹം നടത്തുന്നതായി രഹസ്യാന്വേഷണവിഭാഗം റിപ്പോർട്ട് ചെയ്തിരുന്നു.
വ്യക്തമായ രൂപരേഖ തയാറാക്കും
ബാലവിവാഹം ഉൾപ്പെടെ കുട്ടികൾ നേരിടുന്ന എല്ലാവിധ അതിക്രമങ്ങളും തടയുക എന്നതാണ് കമീഷൻ ലക്ഷ്യമിടുന്നത്. ഇടുക്കിയിൽ നടക്കാനിരിക്കുന്ന യോഗത്തിൽ ഇതുസംബന്ധിച്ച് സുപ്രധാന തീരുമാനങ്ങൾ കൈക്കൊള്ളാൻ കഴിയുമെന്നാണ് പ്രതീക്ഷ. യോഗത്തിൽ ഉരുത്തിരിയുന്ന നിർദേശങ്ങളുടെ അടിസ്ഥാനത്തിൽ വ്യക്തമായ രൂപരേഖ തയാറാക്കിയാകും ഭാവിപ്രവർത്തനം.
കെ.വി. മനോജ്കുമാർ (ചെയർമാൻ, സംസ്ഥാന ബാലാവകാശ സംരക്ഷണ കമീഷൻ)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.