കുട്ടികളിലെ ആത്മഹത്യ: ബാലാവകാശ കമീഷൻ ഇടപെടുന്നു
text_fieldsതൊടുപുഴ: ജില്ലയിൽ ജീവനൊടുക്കുന്ന കുട്ടികളുടെ എണ്ണം അടുത്തിടെ വർധിച്ചുവരുന്ന സാഹചര്യത്തിൽ സംസ്ഥാന ബാലാവകാശ കമീഷൻ വിഷയത്തിൽ ഇടപെടുന്നു. ഒരുമാസത്തിനിടെ മാത്രം അഞ്ച് കുട്ടികളാണ് ജില്ലയിൽ ജീവനൊടുക്കിയത്.ഒന്നരവർഷത്തിനിടെ ജീവിതം അവസാനിപ്പിച്ച കുട്ടികളുടെ എണ്ണം 23 ആണ്. മുൻ വർഷത്തെക്കാൾ ജില്ലയിലും സംസ്ഥാനത്തും കേസുകൾ വർധിച്ചതായാണ് കണക്കുകൾ വ്യക്തമാക്കുന്നത്.
2020നെ അപേക്ഷിച്ച് ഈ വർഷം ആറുമാസത്തെ കണക്ക് വന്നപ്പോൾ ജീവനൊടുക്കിയ കുട്ടികളുടെ എണ്ണം കൂടുതലാണെന്ന് സംസ്ഥാന ബാലവകാശ കമീഷൻ ചെയർമാൻ കെ.വി. മനോജ്കുമാർ 'മാധ്യമ'ത്തോട് പറഞ്ഞു. മുതിർന്നവർക്ക് നിസ്സാരമെന്ന് തോന്നുന്ന കാര്യങ്ങളിൽ പോലും കുട്ടികൾ ജീവനൊടുക്കുന്ന സംഭവങ്ങളാണ് റിപ്പോർട്ട് ചെയ്യുന്നത്.
കുട്ടികൾ ദുർബലരായി േപാകുന്ന സാഹചര്യം മാറ്റിയെടുക്കാൻ കമീഷൻ പദ്ധതി തയാറാക്കിവരികയാണ്. കുട്ടികളുടെ വീടുകളിലുള്ള പ്രശ്നങ്ങൾ, അവരുടെ സാമൂഹിക സാഹചര്യങ്ങൾ എല്ലാം ഇതിനുള്ള കാരണങ്ങളാണെന്നാണ് മനസ്സിലാകുന്നത്.
വീടുകളിലെ അന്തരീക്ഷം മെച്ചപ്പെടുത്തും
കുട്ടികളോട് രക്ഷിതാക്കൾ എങ്ങനെ പെരുമാറണം എന്നതടക്കം ബോധവത്കരണം ലക്ഷ്യമിട്ടുള്ള പേരൻറിങ് കാമ്പയിനാണ് കമീഷൻ പ്രധാനമായും ഉദ്ദേശിക്കുന്നത്. ആ മേഖലയുമായി ബന്ധപ്പെട്ടവരുമായി ഉടൻ കൂടിയാലോചന നടക്കും.
വീടുകളുടെ അന്തരീക്ഷം മെച്ചപ്പെടുത്തുക എന്നതാണ് കുട്ടികളുടെ മാനസിക ഉല്ലാസത്തിനും ധൈര്യസംഭരണത്തിനും ഏക വഴിയെന്നാണ് ഇതുമായി ബന്ധപ്പെട്ട് നടത്തിയ പഠനങ്ങളിലെ കണ്ടെത്തൽ. സ്കൂൾ തുറക്കൽ നല്ല പരിഹാരമാണ്. പക്ഷേ കോവിഡ് സാഹചര്യത്തിൽ അതിനായി കാത്തിരിക്കേണ്ടിവരുന്ന സ്ഥിതിയാണ്.
സ്കൂൾ തുറക്കാത്തതും വീടുകളിൽ തന്നെ കഴിയുന്നതും മൂലമുള്ള ബുദ്ധിമുട്ടുകൾ കുട്ടികളെ സാരമായി ബാധിക്കുന്നുണ്ട്. വിഷയത്തെ ഗൗരവമായി കണ്ട് കുട്ടികളും രക്ഷിതാക്കളും തമ്മിലുള്ള ബന്ധം എങ്ങനെ കൂടുതൽ ഗുണകരമാക്കാം എന്ന രീതിയിലുള്ള കൂടിയാലോചനകൾ നടത്തി, ഇതിൽ രൂപപ്പെട്ടുവരുന്ന പദ്ധതിയാകും നടപ്പാക്കുകയെന്നും ബാലാവകാശ കമീഷൻ ചെയർമാൻ പറഞ്ഞു.
ഒരുമാസത്തിനിടെ അഞ്ചുമരണം
കഴിഞ്ഞ ഒരുമാസത്തിനിടെ അഞ്ച് കുട്ടികളാണ് ജില്ലയിൽ ജീവനൊടുക്കിയത്. ഞായറാഴ്ച കുമളി ചക്കുപള്ളത്ത് ഏഴാംക്ലാസ് വിദ്യാർഥിയെ വീടിന് പുറത്തെ ശൗചാലയത്തിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയതാണ് ഏറ്റവും ഒടുവിലത്തെ സംഭവം. സംഭവം പൊലീസ് അന്വേഷിച്ചുവരുകയാണ്. ജൂൺ 30ന് കട്ടപ്പന കല്യാണത്തണ്ട് സ്വദേശിയായ 14കാരൻ ജീവനൊടുക്കിയത് മൊബൈൽ റീചാർജ് ചെയ്ത് ഗെയിം കളിച്ചത് പിതാവ് ചോദ്യംചെയ്തതിനായിരുന്നു.
ജൂലൈ നാലിനാണ് മുരിക്കാശ്ശേരിയിൽ പൂമാംകണ്ടം പാറസിറ്റി വെട്ടിമലയിൽ പത്താം ക്ലാസുകാരിയെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്. സഹോദരങ്ങളുമായി ടെലിവിഷൻ കാണുന്നതിനെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് 19നാണ് തൊടുപുഴ മണക്കാട് 11കാരിയെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. 22ന് കട്ടപ്പന കുന്തളംപാറയിൽ ആത്മഹത്യചെയ്തതും ഒമ്പതാംക്ലാസ് വിദ്യാർഥിയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.