കുട്ടികൾ ചോദിക്കുന്നു; എന്ന് പോകും സ്കൂളിൽ?
text_fieldsതൊടുപുഴ: ക്ലാസ്മുറി വിട്ടിറങ്ങിയ കുട്ടികളുടെ വീട്ടിലിരുപ്പ് ഒരുവർഷം പിന്നിട്ടു. വാർഷിക പരീക്ഷയെഴുതി കൂട്ടുകാരോട് യാത്രപറഞ്ഞ് രണ്ടുമാസത്തെ വേനലവധിയും പുതിയ അധ്യയനവർഷവും സ്വപ്നം കണ്ടിരിക്കുേമ്പാഴാണ് കോവിഡ് വ്യാപനത്തെത്തുടർന്ന് കഴിഞ്ഞവർഷം മാർച്ച് അവസാനം സ്കൂളുകൾ അടച്ചുപൂട്ടിയത്. ഒമ്പത് വരെയുള്ള ക്ലാസുകളുടെ പരീക്ഷകൾ ഇടക്ക് അവസാനിപ്പിക്കുകയും ബാക്കിയുള്ളവ ഉപേക്ഷിക്കുകയുമായിരുന്നു. അന്ന് മുതൽ ഒാരോ കുട്ടിയും രക്ഷിതാക്കളോടും അധ്യാപകരോടും ചോദിക്കുന്നത് ഒരേ കാര്യമാണ്: എന്ന് പോകാനാകും സ്കൂളിൽ?.
എസ്.എസ്.എൽ.സി, പ്ലസ്ടു വിദ്യാർഥികൾക്ക് ഇടക്ക് ക്ലാസിൽ പോകാൻ അവസരം ഒരുങ്ങിയെങ്കിലും ഒമ്പതാംക്ലാസ് വരെയുള്ള കുട്ടികൾ ഒാൺലൈൻ പഠനവും പരീക്ഷയുമായി വീടുകളിൽതന്നെ കഴിയുകയായിരുന്നു.
പുതിയ കുട്ടുകാരെ കാണാതെ, പഠിപ്പിക്കുന്ന അധ്യാപകരെ അടുത്തറിയാതെ വീടിെൻറ നാല് ചുവരുകൾക്കുള്ളിൽ മൊബൈൽ, ടി.വി സ്ക്രീനുകൾക്ക് മുന്നിലെ പഠനം അവർക്ക് എളുപ്പം പൊരുത്തപ്പെടാൻ കഴിയുന്നതായിരുന്നില്ല. ഇൗ സ്ഥിതിവിശേഷം കുട്ടികളിൽ സൃഷ്ടിച്ച സാമൂഹികവും മാനസികവുമായ സമ്മർദങ്ങൾ ഏറെയാണ്. കുട്ടികളുടെ പെരുമാറ്റത്തെയും ജീവിത ശീലങ്ങളെയും മാനസികാരോഗ്യത്തെയും കാഴ്ചപ്പാടുകളെയും ഇത് പ്രതികൂലമായി ബാധിച്ചെന്ന് അധ്യാപകരും ആരോഗ്യവിദഗ്ധരും വിലയിരുത്തുന്നു.
അടുത്ത ജൂണായിരുന്നു സ്വപ്നം
ഒരുവർഷത്തോളം വീട്ടിലിരുന്ന് പഠിച്ച കുട്ടികൾ ജനുവരി പിറന്നപ്പോൾ മുതൽ സ്വപ്നം കണ്ട് തുടങ്ങിയിരുന്നു; വരുന്ന ജൂൺ മാസത്തിലെ സ്കൂളിൽപോക്ക്. ജൂണിൽ സ്കൂളുകൾ തുറക്കുമെന്നും അധ്യയനം പഴയനിലയിൽ പുനരാരംഭിക്കുമെന്നും വിദ്യാർഥികളും അധ്യാപകരും രക്ഷിതാക്കളും ഒന്നുപോലെ പ്രതീക്ഷിച്ചിരുന്നു. ഇത് മുന്നിൽ കണ്ട ഒരുക്കങ്ങളും പല സ്കൂളുകളും നടത്തി.
ഇതിനിടെയാണ് ആശങ്കയായി കോവിഡിെൻറ രണ്ടാംതരംഗം എത്തിയത്. ഇതോടെ ജൂണിലും സ്കൂളുകൾ തുറക്കാനിടയില്ലെന്നാണ് നിലവിലെ സൂചന. മാത്രമല്ല, എന്ന് തുറക്കാനാകുമെന്ന് പറയാനും അധികൃതർക്ക് കഴിയുന്നില്ല. ജൂണിൽ ഒാൺലൈൻ പ്ലാറ്റ്ഫോമിൽ ക്ലാസുകൾ ആരംഭിക്കുന്നതിന് ഒൗദ്യോഗികതലത്തിൽ തയാറെടുപ്പ് തുടങ്ങിയിട്ടുണ്ട്.
സ്കൂൾ തുറക്കൽ നീണ്ടുപോകുന്നത് ഏറെ നിരാശപ്പെടുത്തുന്നു എന്നാണ് ഭൂരിഭാഗം കുട്ടികളുടെയും പ്രതികരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.