ചിന്നക്കനാൽ പഞ്ചായത്ത് ഓഫിസ് ആക്രമണം; നാലുപേർ അറസ്റ്റിൽ
text_fieldsമൂന്നാർ: അനധികൃത കെട്ടിടം റവന്യൂ അധികൃതർ പൊളിച്ചുമാറ്റിയതിെന തുടർന്ന് ചിന്നക്കനാൽ പഞ്ചായത്ത് ഒാഫിസ് അടിച്ചുതകർക്കുകയും ജീവനക്കാരെ മർദിക്കുകയും ചെയ്ത സംഭവത്തിൽ നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. സൂര്യനെല്ലി സ്വദേശിയും കരാറുകാരനുമായ ഗൗരി വാച്ച്ഹൗസ് ഗോപിരാജൻ (46), ഇയാളുടെ മാനേജർ ആൻറണി രാജ (27), ജോലിക്കാരായ വസന്തഭവൻ മുത്തുകുമാർ (30), വിജയ് (31) എന്നിവരെയാണ് ശാന്തമ്പാറ എസ്.ഐ വി. വിനോദ്കുമാറിെൻറ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.
തിങ്കളാഴ്ച രാത്രി ഏഴരയോടെയാണ് പ്രതികൾ പഞ്ചായത്ത് ഒാഫിസിൽ അതിക്രമിച്ച് കയറി ആക്രമണം നടത്തിയത്. അംഗപരിമിതനായ പഞ്ചായത്ത് സെക്രട്ടറി ടി. രഞ്ജൻ, ജീവനക്കാരായ എസ്. ശ്രീകുമാരൻ, പി.എസ്. സുമേഷ്, മനു ഗോപി, രാമൻ രാഘവൻ എന്നിവരാണ് ഈ സമയം പഞ്ചായത്ത് ഒാഫിസിനോടു ചേർന്ന ക്വാർട്ടേഴ്സിൽ ഉണ്ടായിരുന്നത്. ഒാഫിസിെൻറ ജനൽ ചില്ലുകൾ തകർത്ത ആക്രമികൾ തുടർന്ന് സെക്രട്ടറി ടി. രഞ്ജനെയും മറ്റ് ജീവനക്കാരെയും ആക്രമിക്കുകയായിരുന്നു.
സെക്രട്ടറിയെ തള്ളിവീഴ്ത്തിയ ശേഷം മുതുകിൽ ചവിട്ടിയതായി പരിക്കേറ്റ ജീവനക്കാർ പറഞ്ഞു. തടയാനെത്തിയ ജീവനക്കാരൻ എസ്. ശ്രീകുമാരനെ പട്ടിക കഷ്ണം ഉപയോഗിച്ച് തല്ലി. ശ്രീകുമാരെൻറ ഇടതുകൈക്ക് പൊട്ടലുണ്ട്. ഇദ്ദേഹത്തിെൻറ വലതുകൈക്കും നെറ്റിയിലും മുറിവേറ്റു. മറ്റുള്ളവർക്കും മുറിവും ചതവുമുണ്ട്. പരിക്കേറ്റവരിൽ മനുഗോപി ഒഴികെ ജീവനക്കാരെ അടിമാലി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സയിൽ ഉള്ളവരുടെ മൊഴി രേഖപ്പെടുത്തി കേസെടുത്തതായി ശാന്തമ്പാറ പൊലീസ് അറിയിച്ചു. പഞ്ചായത്ത് ഓഫിസ് പരിധിയിൽ അനുമതിയില്ലാതെ നിർമിച്ച കെട്ടിടം റവന്യൂ വകുപ്പ് കഴിഞ്ഞ ദിവസം പൊളിച്ചുമാറ്റിയതിലെ പ്രതികാരമാണ് അക്രമത്തിൽ കലാശിച്ചതെന്നാണ് ജീവനക്കാർ പറയുന്നത്. ഈ കെട്ടിട നിർമാണത്തിന് പഞ്ചായത്ത് സ്റ്റോപ് മെമ്മോ നൽകിയതായിരുന്നു.
സംഭവത്തെ തുടർന്ന് ഇടുക്കി പഞ്ചായത്ത് െഡപ്യൂട്ടി ഡയറക്ടർ കെ.വി. കുര്യാക്കോസ് ചിന്നക്കനാൽ പഞ്ചായത്ത് ഒാഫിസിൽ എത്തി സ്ഥിതിഗതികൾ വിലയിരുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.