വീട്ടമ്മമാരുടെ രുചിക്കൂട്ടിലൊരുക്കിയ ഉപ്പേരി, ഒന്നേകാല്‍ ലക്ഷം കുടുംബങ്ങളിലേക്ക്
text_fieldsതൊടുപുഴ: ഒന്നേകാല്‍ലക്ഷം കുടുംബങ്ങളില്‍ ഇക്കുറി ഓണ സദ്യക്കൊപ്പം ജില്ലയിലെ വനിത രുചിക്കൂട്ടിലൊരുക്കിയ ഉപ്പേരിയും ശര്‍ക്കര വരട്ടിയും. സംസ്ഥാന സര്‍ക്കാര്‍ നല്കുന്ന 16 ഇന ഓണക്കിറ്റില്‍ ഈ വര്‍ഷം കുടുംബശ്രീ ഉല്പന്നങ്ങള് കൂടി ഉണ്ടാകും.
ഉപ്പേരിയും ശര്‍ക്കരവരട്ടിയും കൂടി ഒന്നേകാല്‍ ലക്ഷം പാക്കറ്റുകളാണ് ജില്ലയിലെ കുടുംബശ്രീ അംഗങ്ങള്‍ തയാറാക്കിയത്. ഏത്തക്കായ അരിയുന്നത് മുതല്‍ ഉപ്പേരിയും ശര്‍ക്കര വരട്ടിയും തയാറാക്കി പായ്ക്ക് ചെയ്യുന്നതുവരെയുള്ള ജോലികളാണ് ഇവര്‍ ചെയ്യുന്നത്. ഭക്ഷ്യ സുരക്ഷ മാനദണ്ഡങ്ങള്‍ കൃത്യമായി പാലിച്ചാണ് നിര്‍മാണം. ഒരു ദിവസം ഉപയോഗിച്ച എണ്ണ അടുത്ത ദിവസം ഉപയോഗിക്കില്ല. പാചകമുറിയിലും പായ്ക്കിങ് കേന്ദ്രങ്ങളിലും പുറമേ നിന്നുള്ളവര്‍ക്ക് പ്രവേശനമില്ല. കുടുംബശ്രീ ഉദ്യോഗസ്ഥരുടെയും സെപ്ലെകോ അധികൃതരുടെയും നിരീക്ഷണവുമുണ്ടാകും. തൊടുപുഴ (29,000), മൂന്നാര്‍ (42,000), നെടുങ്കണ്ടം (54,000) എന്നിങ്ങനെ ജില്ലയിലെ സപ്ലൈകോ ഡിപ്പോകളിലേക്കായി ഒന്നേകാല്‍ലക്ഷം പാക്കറ്റുകളുടെ ഓര്‍ഡറാണ് ഇതുവരെ ലഭിച്ചത്.
ഭൂരിഭാഗവും ഇതിനോടകം നല്‍കിക്കഴിഞ്ഞു. 100 ഗ്രാം വീതമുള്ള പാക്കറ്റുകളാണ്. ഒരു പാക്കറ്റിന് കുടുംബശ്രീക്ക് 26 രൂപ വീതമാണ് ലഭിക്കുക. സപ്ലൈകോ ഗോഡൗണുകളില്‍ ഉല്പന്നം എത്തിച്ചുകഴിഞ്ഞാല്‍ രണ്ടാഴ്ചക്കകം പണം നല്‍കും. ജില്ലതല കുടുംബശ്രീ കോഓഡിനേഷന്‍ കമ്മിറ്റി നേതൃത്വം നല്‍കും. ജില്ലയിലെ കര്‍ഷകര്‍ ജൈവരീതിയില്‍ ഉല്പാദിപ്പിച്ച ഏത്തക്കായകളാണ് ഉപ്പേരി നിര്‍മാണത്തിനായി മുഖ്യമായും സംഭരിച്ചത്. കുടുംബശ്രീ ഉല്പന്നങ്ങള് ഓണക്കിറ്റില്‍ ഉള്‍പ്പെടുത്താനുള്ള സര്‍ക്കാര്‍ തീരുമാനത്തെ അംഗങ്ങള്‍ അഭിനന്ദിച്ചു.
വരും വര്‍ഷങ്ങളില്‍ കൂടുതല്‍ കുടുംബശ്രീ ഉല്പന്നങ്ങള് ഉള്‍പ്പെടുത്തുമെന്നാണ് പ്രതീക്ഷയെന്നും ഇവര്‍ പറയുന്നു. തൊടുപുഴ നഗരസഭയില്‍ 12ആം വാര്‍ഡിലെ കുന്നത്ത് പ്രവര്‍ത്തിക്കുന്ന വീണ കുടുംബശ്രീ യൂനിറ്റില്‍നിന്നാണ് പ്രധാനമായും തൊടുപുഴയിലും പരിസരങ്ങളിലേക്കുമുള്ള ഉല്പന്നം എത്തിക്കുന്നത്. സപ്ലൈകോ, മാവേലി സ്റ്റോര്‍ എന്നിവയുടെ 14 പാക്കിങ് കേന്ദ്രങ്ങളിലേക്ക് ഓര്‍ഡര്‍ നല്കിയ ശര്‍ക്കരവരട്ടി ഇതിനകം എത്തിച്ചുകഴിഞ്ഞതായി കുടുംബശ്രീ അംഗങ്ങള്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.