ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾക്ക് നാശം; പഞ്ചായത്ത് റിപ്പോർട്ടിനെതിരെ ജൈവ വൈവിധ്യബോർഡ്
text_fieldsഇടുക്കി: ചൊക്രമുടി ഭൂമി കൈയേറ്റത്തിലും അനധികൃത നിർമാണത്തിലും നീലക്കുറിഞ്ഞി നശിപ്പിക്കപ്പെട്ട സംഭവത്തിൽ ബൈസൺവാലി പഞ്ചായത്ത് നൽകിയ റിപ്പോർട്ട് അപൂർണമെന്ന് ജൈവവൈവിധ്യ ബോർഡ്. ചൊക്രമുടിയിലെ വിവാദ ഭൂമിയിലേക്ക് റോഡ് നിർമിക്കാനും ഭൂമി പ്ലോട്ടുകളായി തിരിക്കാനും വ്യാപകമായി നീലക്കുറിഞ്ഞി നശിപ്പിച്ച സംഭവത്തിലാണ് സംസ്ഥാന ജൈവവൈവിധ്യ ബോർഡ് മെമ്പർ സെക്രട്ടറി ബൈസൺവാലി പഞ്ചായത്ത് ജൈവവൈവിധ്യ സമിതിക്ക് (ബി.എം.സി) ഇതുസംബന്ധിച്ച് റിപ്പോർട്ട് നൽകിയത്.
പഞ്ചായത്ത് ബി.എം.സി നൽകിയ റിപ്പോർട്ട് അപൂർണമാണെന്നും ഭൂമിയുടെ ഉടമസ്ഥാവകാശം, സ്ഥലത്തിന്റെ അളവ് എന്നിവ സംബന്ധിച്ച വിവരങ്ങൾ റിപ്പോർട്ടിൽ ഇല്ലെന്നും ജൈവവൈവിധ്യ ബോർഡ് അധികൃതർ പറഞ്ഞു. ഇതേ തുടർന്ന് കൃത്യമായ വിവരങ്ങൾ നൽകാൻ ആവശ്യപ്പെട്ട് വീണ്ടും പഞ്ചായത്തിന് കത്ത് നൽകിയതായി ജൈവവൈവിധ്യ ബോർഡ് ജില്ല കോഓഡിനേറ്റർ വി.എസ്. അശ്വതി പറഞ്ഞു.
ജൈവവൈവിധ്യ ബോർഡിലെ സാങ്കേതിക സഹായ സമിതി അംഗങ്ങൾ, ജില്ല കോഓഡിനേറ്റർ, ദേവികുളം റേഞ്ച് ഫോറസ്റ്റ് ഓഫിസർ, ബൈസൺവാലി പഞ്ചായത്ത് ബി.എം.സി അംഗങ്ങൾ എന്നിവരുടെ നേതൃത്വത്തിൽ നേരത്തെ ചൊക്രമുടിയിൽ സന്ദർശനം നടത്തിയിരുന്നതാണ്.
അപൂർണമായ റിപ്പോർട്ട് ജൈവവൈവിധ്യ ബോർഡിന് നൽകിയത് കൈയേറ്റക്കാരെ സഹായിക്കാനും വിവരങ്ങൾ മറച്ചുവെക്കാനും കൈയേറ്റത്തിനെതിരായ നടപടികൾ ലഘൂകരിക്കാനും വേണ്ടിയാണെന്ന് നാട്ടുകാർ ആരോപിച്ചു. തുടക്കം മുതൽ ചൊക്രമുടി ഭൂമി വിവാദത്തിൽ ബൈസൺവാലി പഞ്ചായത്ത് അധികൃതർ നിസ്സംഗത പുലർത്തുകയാണ്.
അതിനിടെ കൈയേറ്റവും അനധികൃത നിർമാണവും നടന്ന ചൊക്രമുടിയിൽ സർവേ വകുപ്പിന്റെ സർവേ നടപടികൾ ഏകദേശം പൂർത്തിയായി. ഇത് സംബന്ധിച്ച റിപ്പോർട്ട് ഒരാഴ്ചക്കകം സമർപ്പിക്കുമെന്നും സർവേ വിഭാഗം ഉദ്യോഗസ്ഥർ അറിയിച്ചു. ചൊക്രമുടിയിലെ വിവാദ ഭൂമി അളന്ന് റിപ്പോർട്ട് നൽകാൻ ജില്ല കലക്ടറാണ് ഇടുക്കി സർവേ ഡെപ്യൂട്ടി ഡയറക്ടർക്ക് നിർദ്ദേശം നൽകിയിരുന്നത്. ചൊക്രമുടിയിൽ ആദ്യം അന്വേഷണം നടത്തിയ ഉത്തരമേഖല ഐ.ജി കെ. സേതുരാമന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം ചൊക്രമുടിയിലെ ബ്ലോക്ക് 4ൽ സർവേ നമ്പർ 35ൽ ഉൾപ്പെട്ട 354.5 ഹെക്ടർ വിസ്തീർണമുള്ള സർക്കാർ പുറമ്പോക്ക് ഭൂമിയിൽ കൈയേറ്റം നടന്നിട്ടുണ്ടെന്ന് കണ്ടെത്തിയിരുന്നു. റവന്യൂ വകുപ്പ് നടത്തിയ അന്വേഷണത്തിലും സർക്കാർ പുറമ്പോക്ക് ഭൂമിയിലെ കൈയേറ്റം സ്ഥിരീകരിച്ചു. നിലവിൽ സർവേ വിഭാഗം നടത്തിയ പരിശോധനയിലും സർക്കാർ ഭൂമിയിൽ കൈയേറ്റം നടന്നെന്ന് കണ്ടെത്തിയെന്നാണ് സൂചന. ചൊക്രമുടിയിൽ ഭൂമി വാങ്ങിയിട്ടുള്ളവരുടെയും പട്ടയ ഉടമകളുടെയും അടുത്ത വിചാരണ 21ന് ദേവികുളം സബ് കലക്ടർ ഓഫിസിൽ നടക്കും. ആദ്യം നോട്ടീസ് നൽകിയ 49 പേർക്ക് പുറമേ പിന്നീട് 35 പേർക്ക് കൂടി നോട്ടീസ് നൽകിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.