ഇടുക്കിയിൽ വരുന്നു,കൊലുമ്പൻ തിയറ്റർ
text_fieldsതൊടുപുഴ: ഇടുക്കി ആർച്ച് ഡാം നിർമാണത്തിന് വഴികാട്ടിയ ആദിവാസി ഗോത്രത്തലവൻ ചെമ്പൻ കൊലുമ്പെൻറ പേരിൽ ഇടുക്കിയിൽ സാംസ്കാരിക തിയറ്റർ വരുന്നു.ജില്ലയിലെ സാംസ്കാരിക പ്രവർത്തനങ്ങൾക്കുള്ള പൊതുവേദിയെന്ന നിലയിലാകും തിയറ്റർ സജ്ജീകരിക്കുക. ഇതോടൊപ്പം ജില്ലയിലെ കലാരൂപങ്ങളുടെ ശിൽപങ്ങളും സ്ഥാപിക്കും. 50 ലക്ഷം രൂപ ഇതിന് നീക്കിവെച്ചിട്ടുണ്ടെന്ന് ജില്ല പഞ്ചായത്ത് പ്രസിഡൻറ് ജിജി കെ. ഫിലിപ് പറഞ്ഞു.
കൊലുമ്പെൻറ പ്രതിമയും 100 പേർക്ക് ഇരിക്കാവുന്ന സൗകര്യവുമാണ് തിയറ്ററിൽ പ്രധാനമായും ഒരുക്കുക. പുറത്ത് നാടകങ്ങൾ, ജില്ലയുടെ തനത് കലകൾ, നാടൻ കലാരൂപങ്ങൾ, മറ്റ് സാംസ്കാരിക പരിപാടികൾ തുടങ്ങിയവ നടത്താനുള്ള ഇടവും ക്രമീകരിക്കും. ഇടുക്കി പാറേമാവ് ആശുപത്രിക്ക് സമീപം ജില്ല പഞ്ചായത്തിെൻറ സ്ഥലത്തായിരിക്കും തിയറ്റർ സ്ഥാപിക്കുക. ഇതിന് സ്ഥലം കണ്ടെത്തി. പ്രാരംഭ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കും.
ജില്ല പഞ്ചായത്തിെൻറ പദ്ധതിയാണ് കൊലുമ്പൻ തിയറ്റർ. സ്മാരകത്തിനകത്ത് ഒരു മ്യൂസിയംകൂടി സ്ഥാപിക്കുക എന്ന ആശയവും ഉണ്ട്. ഇതോടൊപ്പം കൊലുമ്പൻ സ്മാരകം ഇനിയും നവീകരിക്കാൻ പദ്ധതിയുണ്ടെന്ന് ജില്ല പഞ്ചായത്ത് പ്രസിഡൻറ് പറഞ്ഞു.
കുറവന്‍-കുറത്തി മലകളെ ബന്ധിപ്പിച്ച് ഇടുക്കി ആര്‍ച്ച് ഡാം നിർമിക്കാന്‍ സ്ഥലം കാണിച്ച ആദിവാസി ഗോത്രത്തലവനാണ് ചെമ്പന്‍ കൊലുമ്പൻ. ഇടുക്കി വെള്ളപ്പാറയിലാണ് കൊലുമ്പെൻറ സമാധി സ്ഥിതിചെയ്യുന്നത്. കരിങ്കല്ലില്‍ തീര്‍ത്ത പഞ്ചവര്‍ഗ പീഠത്തിലാണ് ചെമ്പന്‍ കൊലുമ്പെൻറ അഞ്ചേമുക്കാല്‍ അടി പൊക്കമുള്ള വെങ്കല പ്രതിമ നിലകൊള്ളുന്നത്. 27 അടി ഉയരത്തിൽ മണ്ഡപവുമുണ്ട്.
ചെമ്പന്‍ കൊലുമ്പനെ സമാധി ചെയ്തിരിക്കുന്ന സ്ഥലത്ത് കരിങ്കല്ലില്‍ തീര്‍ത്ത പഞ്ചവർഗ കല്ലറയും സമാധിക്കുസമീപം 20 അടി പൊക്കമുള്ള സിമൻറിൽ തീര്‍ത്ത മരവും അതില്‍ ഒരു ഏറുമാടത്തിെൻറ മാതൃകയും കാണാം.ഇടുക്കിയിലെത്തുന്നവരുടെ പ്രധാന ആകർഷണ കേന്ദ്രമായി ഇവിടം മാറ്റുമെന്നും ജില്ല പഞ്ചായത്ത് പ്രസിഡൻറ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.