ഇടുക്കി മെഡി. കോളജിനു വേണം അടിയന്തര ചികിത്സ
text_fieldsചെറുതോണി: ഇടുക്കി മെഡിക്കൽ കോളജ് വികസന പാതയിലാണെന്ന് അധികൃതർ ആവർത്തിക്കുമ്പോഴും മതിയായ ചികിത്സ സംവിധാനം ഒരുക്കാൻ അധികൃതർ ഇടപെടുന്നില്ല. അടിയന്തിര ചികിത്സ സൗകര്യങ്ങൾ തീരെയില്ലാതെ എന്താണ് മെഡിക്കൽ കോളജ് കൊണ്ട് അധികൃതർ ഉദ്ദേശിക്കുന്നതെന്നാണ് ചികിത്സ തേടിയെത്തുന്നവർ ചോദിക്കുന്നത്. അപകടത്തിൽപ്പെടുന്നവർക്കെങ്കിലും വിദഗ്ധ ചികിത്സ നൽകാനുള്ള സംവിധാനമുണ്ടാകണമെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. സൂപ്പർ സ്പെഷാലിറ്റി ഒന്നു പോലും ഇവിടെയില്ല. ഹൃദ്രോഗം, വൃക്കരോഗം, കാർഡിയോതൊറാസിക്ക് സർജറി, നൂറോ സർജറി, ഓർത്തോപീഡിയാട്രിക്ക് സർജറി , ഉദര രോഗ വിഭാഗം, ഓങ്കോളജി എന്നിവയിലൊന്നും ഡോക്ടർമാരില്ല.
‘റഫർ’ ചെയ്യാനൊരു മെഡിക്കൽ കോളജ്
പേര് മെഡിക്കൽ കോളജെന്നാണെങ്കിലും വിദഗ്ധ ചികിത്സക്കുള്ള ഉപകരണങ്ങളൊന്നും ഇവിടെയില്ല. ചികിത്സ സംവിധാനങ്ങളുടെ അപര്യാപ്തത മൂലം രോഗികളുടെ ജീവൻ നഷ്ടമാകുന്ന സംഭവങ്ങളുമുണ്ട്. എത്തുന്ന രോഗികളെ റഫർ ചെയ്യലാണ് പതിവ്. ഇങ്ങനെ അടിയന്തിര ചികിത്സ വേണ്ട രോഗികൾ മണിക്കൂറുകൾ യാത്ര ചെയ്ത് ജില്ലക്ക് പുറത്തുളള അടുത്ത സർക്കാർ മെഡിക്കൽ കോളജിലെത്തുമ്പോഴേക്കും കാര്യങ്ങൾ കൈവിട്ടു പോയിരിക്കും. അടുത്ത കാലത്തായി ചെറിയ അപകടങ്ങൾ പോലും മെഡിക്കൽ കോളജിൽ നിന്ന് റഫർ ചെയ്യുകയാണ്.
ജനറൽ മെഡിസിൻ, ജനറൽ സർജറി, ഗൈനക്കോളജി ശിശുരോഗ വിഭാഗം, സ്കിൻ, റസ്പിറേറ്ററി മെഡിസിൻ, അസ്ഥിരോഗ വിഭാഗം, മാനസികാരോഗ്യ വിഭാഗം എന്നീ വിഭാഗങ്ങളാണ് മെഡിക്കൽ കോളജിൽ ഇപ്പോൾ പ്രവർത്തിക്കുന്നത്. എന്നാൽ ഓരോ വിഭാഗത്തിലും ഡോക്ടർമാരുടെ എണ്ണം നാമമാത്രമാണ്. അതിനാൽ ഒരു ഡോക്ടർ അവധിയെടുത്താൽ രോഗികൾക്ക് ഈ വിഭാഗത്തിലും ചികിത്സ ലഭിക്കില്ല.
കാത്ത് ലാബിനായി കാത്തിരിപ്പ്
ഇവിടെ കാത്ത് ലാബ് ഉടൻ ആരംഭിക്കുമെന്ന പ്രഖ്യാപനം വർഷങ്ങളായി കേൾക്കുന്നതാണ്. മെഡിക്കൽ കോളജ് ജില്ലാ ആശുപത്രിയായിരുന്ന കാലം മുതൽ മാറി മാറി വരുന്ന മന്ത്രിമാരും ജനപ്രതിനിധികളും നിരവധി തവണ ഇക്കാര്യം വാഗ്ദാനംനൽകിയിരുന്നു. ജനങ്ങൾ കബളിപ്പിക്കപ്പെട്ടതല്ലാതെ ലാബ് വന്നില്ല .
മെഡിക്കൽ കോളജിന്റെ ഉദ്ഘാടനത്തിലും വാഗ്ദാനം ആവർത്തിച്ചിരുന്നു. കാത്ത് ലാബിനൊപ്പം ഫ്രീകാത്ത് വാർഡും തയ്യാറാവണം. ഏകദേശം എട്ടു കോടി രൂപയുണ്ടെങ്കിൽ എല്ലാ സൗകര്യങ്ങളുമുള്ള കാത്ത് ലാബ് സജ്ജീകരിക്കാമെന്ന് വിദഗ്ധ ഡോക്ടർമാർ പറയുന്നു. മെഡിക്കൽ കോളജിന്റെ പുതിയ ബ്ലോക്ക് പണി പൂർത്തിയായാൽ സൂപ്പർസ്പഷാലിറ്റി സേവനങ്ങൾ ആരംഭിക്കുമെന്നാണ് അധികൃതർ പറയുന്നത്. ഇതിൽ പ്രഥമപരിഗണന കാത്ത് ലാബിനു നൽകും .
ലാബ് തയാറായാലും പുതിയ ഡോക്ടർമാരുടെ നിയമനം തലവേദനയാകും. അടിമാലി താലൂക്കാശുപത്രിയിൽ കെട്ടിടമുണ്ടാക്കിക്കഴിഞ്ഞപ്പോഴാണ് ഒരു ജില്ലയിൽ ഒരു കാത്ത്ലാബ് മതിയെന്ന സർക്കാർ നിർദേശംവരുന്നത്. ഇതോടെ കാത്ത് ലാബ് ഇടുക്കിയിൽ മതിയെന്ന തീരുമാനമായി.
ലാബ് ഉപകരണങ്ങൾ വാങ്ങാൻ ഒരു കോടി അനുവദിച്ചെങ്കിലും ഇത് ഉപയോഗപ്പെടുത്താൻ കഴിഞ്ഞിട്ടില്ല. ഇതിനിടെ മെഡിക്കൽ കോളജിൽ കൂടുതൽ ഡോക്ടർമാരെ നിയോഗിച്ചെങ്കിലും രോഗികൾക്കുമെച്ചപ്പെട്ട സേവനം നൽകാൻ വിവിധ ഡിപ്പാർട്ടുമെൻറുകൾ കൂടി അനുവദിക്കണം. ഡോക്ടർമാരുടെ കുറവ് പരാതിയായതോടെ അടുത്ത കാലത്ത് കുറച്ച് ഡോക്ടർമാരെക്കൂടി നിയമിച്ചു. എന്നാൽ ഇവർ പലരും അവധിയിലായിരിക്കും. ഒപ്പിട്ട ശേഷം മുങ്ങുന്നവരും കുറവല്ലെന്നാണ് നാട്ടുകാർ പറയുന്നത്.
മെഡിക്കൽ കോളജിലേക്ക് ഇന്ന് കോൺഗ്രസ് മാർച്ച്
ചെറുതോണി: സാധാരണക്കാർ ആശ്രയിക്കുന്ന സർക്കാർ ആശുപത്രികളോടുള്ള അവഗണനയും രോഗികളുടെ ജീവൻ വെച്ചുള്ള കളിയും അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസിന്റെ നേതൃത്വത്തിൽ ഇടുക്കി മെഡിക്കൽ കോളേജിലേക്ക് ചൊവ്വാഴ്ച രാവിലെ 11 ന് മാർച്ചും ധർണയും നടത്തുമെന്ന് ഡി.സി.സി. ജന. സെക്രട്ടറി എം.ഡി. അർജുനൻ അറിയിച്ചു. സർക്കാർ ആശുപത്രികളിൽ ഉപകരണങ്ങൾ ഇല്ലാതെ ശസ്ത്രക്രിയകൾ നിർത്തി വെയ്ക്കേണ്ടിവരുന്ന സ്ഥിതിയാണ്.
മരുന്നുകൾക്കും ഉപകരണങ്ങൾക്കും ക്ഷാമം നേരിടുകയാണ്. ആശുപത്രികളിൽ ആവശ്യത്തിന് ഡോക്ടർമാരും ജീവനക്കാരുമില്ല. സർക്കാർ ആശുപത്രികൾ അപകടകരമായ അവസ്ഥയിലൂടെകടന്നുപോകുകയാണെന്നും അദ്ദേഹം പറഞ്ഞു. ധർണ രാഷ്ട്രീയകാര്യ സമിതി അംഗം ഷാനിമോൾ ഉസ്മാൻ ഉദ്ഘാടനം ചെയ്യും. ഡി.സി.സി പ്രസിഡൻറ് സി.പി. മാത്യു അധ്യക്ഷത വഹിക്കും.
ജില്ല ആശുപത്രിയിലെ ലിഫ്റ്റ് വീണ്ടും പണിമുടക്കി; ഡയാലിസിസിനായി രോഗികളെ ചുമന്ന് കയറ്റി
തൊടുപുഴ: ജില്ല ആശുപത്രിയിലെ ലിഫ്റ്റ് തകരാർ പതിവാകുന്നു. കാരിക്കോടുളള ജില്ല ആശുപത്രിയാണ് രോഗികൾക്ക് ദുരിതം സമ്മാനിക്കുന്നത്. ആശുപത്രിയിലെ പുതിയ കെട്ടിടത്തിലെ ലിഫ്റ്റ് തകരാറിലായതിനെത്തുടർന്ന് തിങ്കളാഴ്ചയും രോഗികൾ ദുരിതത്തിലായി. ഇതിനെ തുടർന്ന് അഞ്ചാം നിലയിലെ ഡയാലിസിസ് യൂനിറ്റിലേക്ക് രോഗികളെ ചുമന്നുകയറ്റി. കസേരയിൽ ഇരുത്തിയാണ് രോഗികളെ ചുമന്നു കയറ്റിയത്. ശനിയാഴ്ചയാണ് ആശുപത്രിയിലെ ലിഫ്റ്റ് തകരാറിലായത്.
സംഭവം വിവാദമായതോടെ മുസ്ലിം ലീഗ് പ്രവർത്തർ ആശുപത്രിയിലേക്ക് പ്രതിഷേധമാർച്ച് നടത്തി സൂപ്രണ്ടിനെ ഉപരോധിച്ചു. തുടർന്ന് എറണാകുളത്ത് നിന്ന് ടെക്നിഷ്യന്മാരെ വിളിച്ച് വരുത്തി സാങ്കേതിക തകരാർപരിഹരിക്കുമെന്ന് ഉറപ്പ് നൽകിയതോടെയാണ് സമരക്കാർ പിൻവാങ്ങിയത്. ഉച്ചയോടെ സാങ്കേതിക വിദഗ്ധരെത്തി ലിഫ്റ്റിൻറെ തകരാർ പരിഹരിച്ചു.
ഇവിടെ അടിക്കടി ലിഫ്റ്റ് തകരാറിലാകുന്നത് രോഗികളേയും കൂട്ടിരിപ്പുകാരേയും ഏറെ വലക്കുന്നുണ്ട്. താത്കാലികമായി പ്രശ്നം പരിഹരിച്ച് അധികൃതർ തടിയൂരുകയാണ് പതിവ്. ലിഫ്റ്റ് പൂര്ണമായി മാറ്റി സ്ഥാപിച്ചാലെ പ്രശ്നത്തിന് പരിഹാരമാകൂവെന്നാണ് രോഗികളടക്കം പറയുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.