ഡീനിന്റെ വിജയം കളറാക്കാതെ പാർട്ടി
text_fieldsതൊടുപുഴ: ലോക്സഭ തെരഞ്ഞെടുപ്പ് ഫലം വന്ന ചൊവ്വാഴ്ച വൈകുന്നേരം തൊടുപുഴക്കാർ പ്രതീക്ഷിച്ചത് നഗരം ഇളക്കി മറിക്കുന്ന വിജയാഹ്ലാദ പ്രകടനമായിരുന്നു.
പക്ഷേ, വൈകുന്നേരമായപ്പോൾ പേരിനൊരു ആഹ്ലാദപ്രകടനം മങ്ങാട്ടു കവലയിൽ നിന്നാരംഭിച്ച് നഗരം ചുറ്റി കടന്നുപോയി. അതിൽ പോലും കോൺഗ്രസുകാരുടെ സാന്നിധ്യം കുറവുമായിരുന്നു. ജാഥയിലുടനീളം ഉയർന്നുപാറിയത് മുസ്ലിം ലീഗിന്റെ കൊടികൾ. പേരിനുമാത്രമുണ്ട് കോൺഗ്രസ് പതാക.
തുടർച്ചയായ രണ്ടാം വട്ടവും ലക്ഷത്തിലേറെ വോട്ടുകൾക്ക് ഡീൻ കുര്യാക്കോസ് ജയിച്ചിട്ടും വലിയ ആവേശമൊന്നും കോൺഗ്രസ് ക്യാമ്പിൽ കാണാനില്ല.
കണക്കുകൂടലുകളും എക്സിറ്റ് പോൾ പ്രവചനങ്ങളും തെറ്റിച്ചാണ് ഡീൻ അപ്രതീക്ഷിത ഭൂരിപക്ഷം നേടിയത്. എന്നിട്ടും അത് ആഘോഷമാക്കാൻ പാർട്ടി വൃത്തങ്ങൾക്കാവുന്നില്ല.
ചിട്ടയായ പ്രവർത്തനങ്ങളിലൂടെ മണ്ഡലം ഇളക്കി മറിച്ചത് ഇടതു സ്ഥാനാർഥി ജോയ്സ് ജോർജായിരുന്നു. ഏഴിൽ അഞ്ച് നിയമസഭ മണ്ഡലങ്ങളിലും ഇടതിനുള്ള മുൻതൂക്കം തുണയ്ക്കുമെന്നു തന്നെയായിരുന്നു ജോയ്സിന്റെ പ്രതീക്ഷ. അതുകൊണ്ടുതന്നെ ഡീൻ വിജയിച്ചാലും 50,000ൽ താഴെയായിരിക്കും ഭൂരിപക്ഷം എന്നായിരുന്നു യു.ഡി.എഫുകാരുടെ പോലും കണക്ക്. എക്സിറ്റ് പോളുകളിൽ ഡീനിന്റെ വോട്ട്മല ഇടിയുമെന്ന് തന്നെയായിരുന്നു പ്രവചനം.
അതെല്ലാം തകർത്ത് തുടർച്ചയായ രണ്ടാം വട്ടവും 1,33,727 വോട്ടിന്റെ വമ്പൻ ഭൂരിപക്ഷത്തിലാണ് ഡീൻ ജയിച്ചുകയറിയത്. എന്നിട്ടും അതൊന്ന് നിറപ്പകിട്ടാർന്ന ആഘോഷമാക്കാതെ കോൺഗ്രസുകാർ മടിച്ചു നിൽക്കുന്നു. പ്രചാരണഘട്ടത്തിലും ഈ പിൻവലിയലുണ്ടായിരുന്നതായി പാർട്ടി പ്രവർത്തകർ ആരോപിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.