നാടിന്റെ വെളിച്ചമാകാൻ.
text_fieldsതൊടുപുഴ: വൈദ്യുതോൽപാദനത്തിൽ സ്വയംപര്യാപ്തത കൈവരിക്കാനുള്ള സംസ്ഥാനത്തിന്റെ കുതിപ്പിന് കരുത്ത് പകരാൻ ജില്ലയിൽ പുരോഗമിക്കുന്നത് നാല് സുപ്രധാന ജലവൈദ്യുതി പദ്ധതികൾ. ചിന്നാർ, തൊട്ടിയാർ, പള്ളിവാസൽ എക്സ്റ്റൻഷൻ, മാങ്കുളം എന്നീ പദ്ധതികളുടെ നിർമാണം വിവിധ ഘട്ടങ്ങളിലാണ്. പ്രതികൂല ഘടകങ്ങളും സാങ്കേതിക തടസ്സങ്ങളുംമൂലം സമയബന്ധിതമായി പൂർത്തിയാക്കാൻ കഴിയാതിരുന്ന ചില പദ്ധതികളുടെ നിർമാണ ജോലികൾ ദ്രുതഗതിയിൽ നടന്നുവരുന്നു. ഈ പദ്ധതികൾ പൂർത്തിയാകുന്നതോടെ സംസ്ഥാനത്തിന്റെ ആഭ്യന്തര വൈദ്യുതോൽപാദനത്തിൽ ഗണ്യമായ വർധന പ്രതീക്ഷിക്കുന്നു.
തൊട്ടിയാർ
പെരിയാറിന്റെ പ്രധാന കൈവഴിയായ തൊട്ടിയാറിലെ ജലം ഉപയോഗിച്ച് നടപ്പാക്കുന്നതാണ് 40 മെഗാവാട്ട് ശേഷിയുള്ള തൊട്ടിയാർ ജലവൈദ്യുതി പദ്ധതി. ദേവികുളം താലൂക്കിൽ മന്നാംകണ്ടം വില്ലേജിൽ 2009ലാണ് നിർമാണം ആരംഭിച്ചത്. മന്നാംകണ്ടം പഞ്ചായത്തിലെ വാളറയിൽ നിർമിക്കുന്ന 222 മീറ്റർ നീളമുള്ള കോൺക്രീറ്റ് പിയർ, 2.60 മീറ്റർ വ്യാസവും 199 മീറ്റർ നീളവുമുള്ള ടണൽ, 1252 മീറ്റർ നീളമുള്ള പെൻസ്റ്റോക്ക് പൈപ്പ്, പവർഹൗസ്, ഇലക്ട്രോ മെക്കാനിക്കൽ എന്നിവ ഉൾപ്പെടുന്ന പ്രവൃത്തികൾ 144 കോടിക്ക് സി.പി.പി.എൽ - ചോങ്കിങ് കൺസോർട്യം ആണ് ആദ്യം ഏറ്റെടുത്തത്. സമയബന്ധിതമായി നിർമാണം പുരോഗമിക്കാത്തതിനാൽ 2017ൽ കരാർ അവസാനിപ്പിച്ച് 280 കോടിക്ക് പുതുക്കിയ ഭരണാനുമതി നേടി. 2018ൽ ബാക്കി ജോലികൾ പ്രിൽ-എസ്.എസ്.ഐ.പി.എൽ കൺസോർട്യത്തിന് കരാർ നൽകി. നിലവിൽ പദ്ധതിയുടെ 85 ശതമാനത്തോളം പ്രവൃത്തികൾ പൂർത്തിയായി. പദ്ധതിക്ക് മൊത്തം വേണ്ടത് 23.05 ഹെക്ടർ ഭൂമിയാണ്. ഇതിൽ 4.81 ഹെക്ടർ വനഭൂമിയും 7.34 ഹെക്ടർ നദീതടവും 10.90 ഹെക്ടർ സ്വകാര്യ വ്യക്തികളിൽനിന്ന് ഏറ്റെടുക്കുന്നതുമാണ്. പദ്ധതിയുടെ ഒന്നാംഘട്ട പ്രവൃത്തികളാണ് പുരോഗമിക്കുന്നത്. പദ്ധതി പ്രവർത്തനക്ഷമമാകുമ്പോൾ പ്രതിവർഷം 29 ദശലക്ഷം യൂനിറ്റ് വൈദ്യുതി ലഭിക്കും. 12 വർഷംകൊണ്ട് മുടക്ക് മുതൽ തിരികെ ലഭിക്കുന്ന തരത്തിലാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. അടുത്ത മാർച്ചോടെ പൂർത്തിയാക്കാൻ ലക്ഷ്യമിടുന്നു.
മാങ്കുളം
ദേവികുളം താലൂക്കില്‍ മാങ്കുളം, അടിമാലി ഗ്രാമപഞ്ചായത്തുകളിലായി മേലാച്ചേരി പുഴയിലാണ് മാങ്കുളം ജലവൈദ്യുതി പദ്ധതി നിർമാണം. 40 മെഗാവാട്ട് സ്ഥാപിതശേഷിയും 102 ദശലക്ഷം യൂനിറ്റ് വാര്‍ഷിക ഉൽപാദനശേഷിയുമുള്ള നിലയമാണ് ആദ്യഘട്ടത്തില്‍ നിർമിക്കുക. രണ്ടാം ഘട്ടത്തില്‍ സ്ഥാപിതശേഷി 80 മെഗാവാട്ടായി ഉയർത്താൻ ലക്ഷ്യമിടുന്നു. 80.01 ഹെക്ടർ സ്ഥലമാണ് പദ്ധതിക്ക് ആവശ്യം. ഇതിൽ 52.94 ഹെക്ടർ സ്വകാര്യ ഭൂമിയും 11.9 ഹെക്ടർ വനഭൂമിയും 15.16 ഹെക്ടർ നദീതടവുമാണ്. സ്വകാര്യ ഭൂമിയുടെ 92 ശതമാനവും 250ലധികം ഭൂവുടമകളിൽനിന്നായി ഏറ്റെടുത്തു.
ഇതിനായി 60 കോടിയിലധികം ചെലവഴിച്ചു. ശേഷിക്കുന്ന ഭൂമി ഏറ്റെടുക്കാൻ നടപടി പുരോഗമിക്കുന്നു. പദ്ധതിക്കായി കുറത്തിക്കുടി ആദിവാസി സെറ്റിൽമെന്റ് കോളനിയിൽനിന്ന് 3.43 ഹെക്ടർ സ്ഥലം ഏറ്റെടുത്തിരുന്നു. ഒന്നാംഘട്ടം നാല് വർഷംകൊണ്ട് പൂർത്തീകരിച്ച് വൈദ്യുതോൽപാദനം ആരംഭിക്കാനാണ് പദ്ധതി.
ചിന്നാർ
24 മെഗാവാട്ട് സ്ഥാപിത ശേഷിയുള്ള ചിന്നാർ ചെറുകിട ജലവൈദ്യുതി പദ്ധതിയുടെ രണ്ടാംഘട്ടം കഴിഞ്ഞ ജൂലൈയിലാണ് നിർമാണം ആരംഭിച്ചത്. 16.03 ഹെക്ടർ ഭൂമിയാണ് പദ്ധതിക്കായി ഏറ്റെടുത്തിട്ടുള്ളത്. ആദ്യഘട്ടത്തിൽ 150 മീറ്റർ നീളമുള്ള തടയണ, ഇൻടേക്, 3125 മീറ്റർ നീളമുള്ള ഭൂഗർഭ തുരങ്കം, 55 മീറ്റർ ആഴമുള്ള സർജ് ഷാഫ്റ്റ്, 92 മീറ്റർ നീളമുള്ള ലോ പ്രഷർ പൈപ്പ് എന്നിവ സ്ഥാപിച്ചിരുന്നു. വാൽവ് ഹൗസ്, പെൻസ്റ്റോക്ക് പൈപ്പ്, ഇലക്ട്രോ മെക്കാനിക്കൽ ജോലികൾ, പവർഹൗസ്, സ്വിച്ച് യാർഡ് എന്നിവയാണ് രണ്ടാം ഘട്ടത്തിൽ പൂർത്തീകരിക്കുക. 2024 ജൂലൈയോടെ പദ്ധതിയിൽനിന്ന് ഉൽപാദനം ആരംഭിക്കാനാകുമെന്നാണ് പ്രതീക്ഷ.
പള്ളിവാസൽ എക്സ്റ്റൻഷൻ
30 വാട്ട് വീതമുള്ള രണ്ട് ജനറേറ്റുകളിലായി 60 മെഗാവാട്ട് ശേഷിയുള്ള പള്ളിവാസൽ എക്സ്റ്റൻഷൻ സ്കീം 2007ലാണ് നിർമാണം ആരംഭിച്ചത്. 2011ൽ കമീഷൻ ചെയ്യാൻ ഉദ്ദേശിച്ചെങ്കിലും പ്രാദേശികവും കാലാവസ്ഥാപരവും സാങ്കേതികവുമായ പ്രശ്നങ്ങൾ കാരണം നിർമാണം നീണ്ടു. ഇടവേളക്ക് ശേഷം 2020ൽ നിർമാണ ജോലികൾ പുനരാരംഭിച്ചു. സിവിൽ ജോലികൾ ഡിസംബറോടെ തീരുമെന്ന് പ്രോജക്ട് മാനേജർ പറഞ്ഞു. ടണലിന്റെ 60 മീറ്റർ ലൈനിങ്, അനുബന്ധ ഗ്രൗട്ടിങ്, 2036 മീറ്റർ പെൻസ്റ്റോക്ക് പൈപ്പിന്റെ ആറ് മീറ്റർ എന്നിവയാണ് പ്രധാനമായും അവശേഷിക്കുന്ന ജോലികൾ. അടുത്ത മാർച്ച് 31നകം കമീഷൻ ചെയ്യാൻ ലക്ഷ്യമിട്ടാണ് നിർമാണ ജോലികൾ പുരോഗമിക്കുന്നത്. കുണ്ടള, മാട്ടുപ്പെട്ടി, മൂന്നാർ ഹെഡ്വർക്സ് അണക്കെട്ടുകൾ പള്ളിവാസൽ പദ്ധതിയുടെ ഭാഗമാണ്. പള്ളിവാസൽ പവർഹൗസിന് അടുത്ത്തന്നെയാണ് എക്സ്റ്റൻഷൻ പദ്ധതിയുടെ നിർമാണവും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.