പാതിവഴിയിൽ നിലച്ച് തൂക്കുപാലം മാർക്കറ്റ് നിർമാണം
text_fieldsനെടുങ്കണ്ടം: പഴയത് പൊളിച്ചുനീക്കുകയും പുതിയതിന്റെ നിർമാണം പാതി വഴിയിലാകുകയും ചെയ്തതോടെ തൂക്കുപാലം നിവാസികൾക്ക് മാർക്കറ്റില്ലാതായി. കുടിയേറ്റ കാലം മുതലുള്ള ഹൈറേഞ്ചിലെ പ്രധാന മാര്‍ക്കറ്റിന്റെ പ്രവര്‍ത്തനമാണ് നിലച്ചത്. മധ്യകേരളത്തിലെ ഏറ്റവും പഴക്കം ചെന്ന മാര്‍ക്കറ്റുകളിലൊന്നാണ് തൂക്കുപാലം. ഹൈടെക് മാർക്കറ്റ് നിർമിക്കുമെന്ന പ്രഖ്യാപനത്തോടെ മുമ്പുണ്ടായിരുന്ന കെട്ടിടങ്ങള്‍ പൊളിച്ചു നീക്കുകയായിരുന്നു.
മൂന്നുവര്‍ഷം മുമ്പാണ് തൂക്കുപാലം മാര്‍ക്കറ്റിലെ, പതിറ്റാണ്ടുകളായി ഹൈറേഞ്ചുകാര്‍ ആശ്രയിച്ചിരുന്ന ശോച്യാവസ്ഥയിലുള്ള കെട്ടിടങ്ങള്‍ പൊളിച്ച് നീക്കിയത്.2020 ഫെബ്രുവരി 20ന് ഹൈടെക് മാർക്കറ്റ് നിർമാണം ആരംഭിച്ചു.
ഏഴ് കോടി മുതല്‍മുടക്കില്‍ നാല് നിലകളിലായി മത്സ്യ, മാംസ, പച്ചക്കറി സ്റ്റാളുകൾക്ക് പ്രത്യേക സൗകര്യങ്ങളോടെയുള്ള സമുച്ചയമാണ് വിഭാവനം ചെയ്തത്. എന്നാല്‍, രണ്ടുവർഷമായി നിർമാണം പൂർണമായും നിലച്ചിരിക്കയാണ്. തമിഴ്നാട്ടില്‍നിന്നുള്ള പച്ചക്കറിക്കും പലചരക്ക് സാധനങ്ങള്‍ക്കുമൊപ്പം ഹൈറേഞ്ചിലെ കര്‍ഷകരുടെ ഉൽപന്നങ്ങളും ആടുമാടുകളെയും ഇവിടെ വിപണനത്തിന് എത്തിച്ചിരുന്നു. മാർക്കറ്റ് ഇല്ലാതായതോടെ ഗതാഗതക്കുരുക്ക് രൂക്ഷമായ ടൗണിന്റെ വിവിധ ഭാഗങ്ങളിലും വഴിയോരങ്ങളിലുമായാണ് ഞായറാഴ്ചകളിൽ കച്ചവടം.
ഹൈടെക് ഇല്ലെങ്കിലും മഴയും വെയിലും കൊള്ളാതെ സാധനങ്ങള്‍ വാങ്ങാനും വിൽക്കാനും സൗകര്യമൊരുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. കുടിയേറ്റ കാലത്ത് തമിഴ്നാട്ടില്‍നിന്ന് എത്തിക്കുന്ന അരി തൂക്കുപാലം മാര്‍ക്കറ്റില്‍ സംഭരിച്ചാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് എത്തിച്ചിരുന്നത്. ഇപ്പോൾ ടൗണിലെ പാതയോരങ്ങളിലാണ് കച്ചവടം. പാർക്കിങ്, ശുചിമുറി, നടപ്പാത സൗകര്യങ്ങളൊന്നും ഇവിടങ്ങളിൽ ഇല്ല.
മൂന്നുവര്‍ഷം കൊണ്ട് നിർമാണം പൂര്‍ത്തീകരിക്കാൻ ലക്ഷ്യമിട്ട ഹൈടെക് മാർക്കറ്റിൽ ഓഡിറ്റോറിയം ഡൈനിങ് ഹാള്‍, അടുക്കള തുടങ്ങിയ സൗകര്യങ്ങളും മാലിന്യ സംസ്കരണ പ്ലാന്റും വിശാലമായ പാര്‍ക്കിങ് സംവിധാനവും വിഭാവനം ചെയ്തിരുന്നു. സിഡ്കോയാണ് നിർമാണച്ചുമതല വഹിക്കുന്നത്. കരുണാപുരം ഗ്രാമപഞ്ചായത്തിന്റെയും ജില്ല പഞ്ചായത്തിന്റെയും നേതൃത്വത്തിലായിരുന്നു നിർമാണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.