വില കൂടിയപ്പോള്‍ വിളവില്ല; നിരാശയിൽ നേന്ത്രവാഴക്കർഷകർ
text_fieldsഅടിമാലി: വിളവെടുപ്പ് കഴിഞ്ഞപ്പോള്‍ നേന്ത്രക്കായ വില ഉയരുന്നു. ഇതോടെ വിലവർധനയുടെ ഗുണം മിക്ക കർഷകർക്കും ലഭിക്കാത്ത സ്ഥിതിയാണ്. കിലോക്ക് 37 മുതൽ 47വരെയാണ് ജില്ലയിൽ നേന്ത്രക്കായ വില. കഴിഞ്ഞദിവസം 50രൂപ വരെ വില എത്തിയിരുന്നു.
വിളവെടുപ്പ് കഴിഞ്ഞതോടെയാണ് വിലവർധന. മിക്ക കർഷകരും 18 മുതൽ 28 രൂപ വരെ വിലയിലാണ് കായവിറ്റത്. കോവിഡ് വ്യാപനത്തെ തുടർന്ന് ലോക്ഡൗൺ പ്രഖ്യാപിച്ചതും ലോക്ഡൗണിനുശേഷം വിവിധ സ്ഥലങ്ങൾ കണ്ടെയ്ൻമെൻറ് സോൺ ആയതും വില ഇടിയുന്നതിന് കാരണമായി.
വാഴക്കുല കയറ്റി അയക്കുന്ന മാർക്കറ്റുകൾ അടക്കം അടഞ്ഞുകിടന്നതോടെ ആവശ്യക്കാർ ഇല്ലാതായതും വിലയിടിവുണ്ടാക്കി. അതിനിടെ, ഒട്ടേറെ പ്രദേശങ്ങളിൽ ശക്തമായ കാറ്റിനെ തുടർന്ന് വൻതോതിൽ കൃഷിനാശം സംഭവിക്കുകയും ചെയ്തു.
മിച്ചംവന്ന കൃഷി വിളവെടുപ്പ് സമയം ആയപ്പോഴേക്കും കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും നശിച്ചു. ഒരു നേന്ത്രവാഴ വിളവെടുപ്പിന് പാകമാകുമ്പോഴേക്കും 200 മുതൽ 250 രൂപ ചെലവ് വരും. എന്നാൽ, വിലക്കുറവും കൃഷിനാശവും കർഷകർക്ക് ഇത്തവണ വൻ നഷ്ടമാണ് വരുത്തിയത്. ഓണവിപണി ലക്ഷ്യമാക്കി കൃഷി നടത്തുന്ന ചില ഭാഗങ്ങളിൽ മാത്രമാണ് ഇപ്പോൾ വിളവെടുപ്പ്. അത്തരം സ്ഥലങ്ങളിലും പ്രകൃതിക്ഷോഭം ഏൽക്കാത്ത കൃഷിക്ക് മാത്രമാണ് അധികവിലയുടെ ഗുണം. അതിനിടെ ജില്ലയിൽ പല ഭാഗത്തും വില വ്യത്യാസം ഉള്ളതായി കർഷകർ പറയുന്നു. ചില ഇടങ്ങളിൽ കിലോക്ക് നാല് രൂപ വരെ അധികം ഈടാക്കുന്നു. എന്നാൽ, ഗുണമേന്മയിലെ വ്യത്യാസമാണ് വില വ്യത്യാസത്തിന് ഇടയാക്കുന്നതെന്നാണ് കച്ചവടക്കാർ പറയുന്നത്. ജൈവരീതിയിൽ നിർമിക്കുന്നത് അയൽ ജില്ലകളിലേക്ക് കയറ്റി അയക്കുകയും ചെയ്യുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.