വിലങ്ങണിഞ്ഞ വികസനം; ഇങ്ങനെയും ഒരു ബസ്സ്റ്റാൻഡ്
text_fieldsനെടുങ്കണ്ടം: ഉദ്ഘാടനം നടത്തി 21 വർഷമായെങ്കിലും തൂക്കുപാലം ബസ്സ്റ്റാൻഡ് ഇന്നും യാഥാർഥ്യമായിട്ടില്ല. പട്ടം കോളനിവാസികളുടെ ചിരകാല സ്വപ്നമായിരുന്ന സ്റ്റാൻഡ് സുവർണജൂബിലി വർഷത്തിൽ നെടുങ്കണ്ടം ഗ്രാമപഞ്ചായത്തിെൻറ സ്നേഹോപഹാരമായി ഉദ്ഘാടനം ചെയ്തതായിരുന്നു. എന്നാൽ, തൂക്കുപാലം പാമ്പുമുക്ക് ജങ്ഷനിൽ പാതിവഴിയിൽ ഉദ്ഘാടനം ചെയ്ത ബസ്സ്റ്റാൻഡ് ഇപ്പോഴും അനാഥമാണ്. തൂക്കുപാലത്തെ ഗതാഗതപ്രശ്നങ്ങൾക്ക് പരിഹാരം കാണുകയെന്ന ലക്ഷ്യത്തോടെ ജനങ്ങളുടെ നിരന്തര നിവേദനഫലമായാണ് സ്റ്റാൻഡ് നിർമാണം ആരംഭിച്ചതും 2002ൽ ഉദ്ഘാടനം നടത്തിയതും. എന്നാൽ, ബസുകൾ യഥാസമയം കയറിയിറങ്ങാനും പാർക്ക് ചെയ്യാനുമുള്ള സൗകര്യം ഇതുവരെ ഒരുക്കിയിട്ടില്ല.
രാവിലെയും വൈകീട്ടും ടൗണിലെത്തുന്ന ബസുകളിലധികവും എസ്.എൻ ജങ്ഷനിലെത്തി മടങ്ങുകയാണ്. നടുറോഡിൽ വാഹനങ്ങൾ തിരിക്കുന്നത് ഗതാഗത തടസ്സത്തിനും അപകടങ്ങൾക്കും കാരണമാകുന്നുണ്ട്. നിർമാണം പൂർത്തിയാക്കി വാഹനങ്ങൾ സ്റ്റാൻഡിൽ കയറുന്നതിന് അവശ്യമായ നടപടികൾ നെടുങ്കണ്ടം പഞ്ചായത്ത് കൈക്കൊണ്ടാൽ പ്രശ്നങ്ങൾക്ക് പരിഹാരമാകും. ബസ്സ്റ്റാൻഡിനുള്ളിൽ കടമുറികൾ നിർമിച്ചിട്ടുണ്ടെങ്കിലും ഇതുവരെ ലേലം ചെയ്തുനൽകിയിട്ടില്ല. ബസ് സ്റ്റാൻഡിന് ആവശ്യമായ അടിസ്ഥാന സംവിധാനങ്ങളൊന്നും ഇവിടെ ഒരുക്കിയിട്ടില്ല. നെടുങ്കണ്ടത്തുനിന്ന് വിനോദ സഞ്ചാര കേന്ദ്രമായ രാമക്കൽമേട്ടിലേക്ക് പോകുന്ന പ്രധാനപാതയിലാണ് ഈ ബസ് സ്റ്റാൻഡ്.
ദിനേന ആയിരക്കണക്കിന് വിനോദസഞ്ചാരികൾ കടന്നുപോകുന്ന വഴിയിലാണ് പൊതുജനങ്ങൾക്ക് ഉപയോഗിക്കാനാകാതെ പേരിനൊരു ബസ് സ്റ്റാൻഡ് സ്ഥിതിചെയ്യുന്നത്. ഇപ്പോൾ ചില സ്വകാര്യ വാഹനങ്ങൾ കഴുകാനും സ്വകാര്യ സ്കൂൾ ബസുകൾ പാർക്ക് ചെയ്യാനും വളർത്തുമൃഗങ്ങളെ കെട്ടാനും മറ്റുമാണ് സ്റ്റാൻഡ് ഉപയോഗിക്കുന്നത്. ചില തടി വ്യാപാരികൾ ലോഡ് കയറ്റാനും താവളമാക്കുന്നു. തൂക്കുപാലം പൊതുമാർക്കറ്റിൽ 2020ൽ പണി തീർത്ത് ഉദ്ഘാടനം കഴിഞ്ഞ ടോയ്ലറ്റ് ഇപ്പോഴും പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തിട്ടില്ല. ഒരുപക്ഷേ, പൊതുശൗചാലയവും ബസ് കാത്തിരിപ്പ് കേന്ദ്രവുമില്ലാത്ത ജില്ലയിലെ ഏക പട്ടണം കൂടിയാകാം തൂക്കുപാലം.
(തുടരും)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.