തോട്ടം മേഖലയിലും ആശങ്ക പടർത്തി കോവിഡ്
text_fieldsതൊടുപുഴ: തോട്ടം മേഖലയിൽ കോവിഡ് കേസുകളുടെ എണ്ണം ദിനം പ്രതി വർധിക്കുന്നത് ആശങ്കക്കിടയാക്കുന്നു. ഇടുക്കിയിൽ തോട്ടം മേഖല ഉൾപ്പെടുന്ന ദേവികുളം, പീരുമേട്, ഉടുമ്പൻചോല താലൂക്കുകളിലെ മിക്ക പഞ്ചായത്തുകളിലും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 20ന് മുകളിലാണ്.
രോഗികളുടെ എണ്ണം കൂടുേമ്പാഴും തോട്ടം മേഖലയിൽ മതിയായ മുൻ കരുതൽ എടുക്കാത്തതാണ് രോഗികളുടെ എണ്ണം വർധിക്കാൻ കാരണമായി ചൂണ്ടിക്കാട്ടുന്നത്. പലരും കോവിഡ് ടെസ്റ്റുകൾക്ക് വിധേയരാകുന്നില്ല. പകരം പനിക്ക് ചികിത്സ തേടി മരുന്നും വാങ്ങി തിരികെ എസ്റ്റേറ്റിലേക്ക് പോകുകയാണ്. ഇവർ കോവിഡ് രോഗബാധിതരാണെങ്കിൽ സമ്പർക്കം കൂടാനും സാധ്യതകൾ ഏറെയാണ്. ഓരോ ദിവസവും കോവിഡ് ബാധിക്കുന്നവരുടെയും ക്വാറൻറീനിൽ പോകുന്നവരുടെയും എണ്ണവും കൂടി വരുന്നതായാണ് കണക്ക്.
ഉടുമ്പൻചോല താലൂക്കിൽ ബൈസൺവാലിയിൽ 79 ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ഇവിടെ 62 പേരെ പരിശോധിച്ചതിൽ 49 പേർക്കും രോഗ ബാധ കണ്ടെത്തി. രാജാക്കാട്- 40, ഉടുമ്പൻചോല- 33, രാജകുമാരി- 34, ചക്കുപള്ളം- 22 എന്നിങ്ങനെയാണ് താലൂക്കിലെ മറ്റ് പഞ്ചായത്തുകളിലെ കണക്ക്. പീരുമേട് താലൂക്കിലെ വണ്ടിപ്പെരിയാറിൽ 39 ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.
ഇവിടെ ഞായറാഴ്ച 168 പേരെ പരിശോധിച്ചതിൽ 67 പേർക്കും രോഗം സ്ഥിരീകരിച്ചിരുന്നു. കുമളിയിൽ 96 പേരെ പരിശോധിച്ചതിൽ 25 പേർക്കും രോഗബാധ കണ്ടെത്തി. തോട്ടം മേഖല ഉൾപ്പെടുന്ന ഉപ്പുതറയിലും പെരുവന്താനത്തും സ്ഥിതി വ്യത്യസ്തമല്ല. പെരുവന്താനത്ത് 21 ഉം ഉപ്പുതറയിൽ 18 മാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. കോവിഡ് പോസിറ്റീവാകുന്ന തൊഴിലാളികളെ ആദ്യം ഹോം ക്വാറൻറീനിലേക്കാണ് അയച്ചത്. ഇവരിൽ പലരും ലയങ്ങളിൽ തന്നെയാണ് ക്വാറൻറീനിൽ കഴിഞ്ഞത്. പല ലയങ്ങളിലും അഞ്ചു മുതൽ പന്ത്രണ്ടു വരെ അംഗങ്ങളാണ് താമസിക്കുന്നത്. കോവിഡ് രോഗികൾ ഉള്ള സാഹചര്യത്തിൽ പോലും ലയങ്ങളിൽനിന്ന് പലരും ജോലിക്ക് പോയതോടെ തൊഴിലിടങ്ങളിലേക്കും രോഗം ബാധിച്ചു. ഇതാണ് കേസുകൾ വർധിക്കാൻ കാരണമായി ചൂണ്ടിക്കാട്ടുന്നത്.
തേയില തോട്ടങ്ങൾ ഉൾപ്പെടുന്ന ദേവികുളം താലൂക്കിലെ പഞ്ചായത്തുകളിലും കോവിഡ് കേസുകൾ വർധിക്കുകയാണ്. മറയൂർ- 39, അടിമാലി-33, പള്ളിവാസൽ-23, മൂന്നാർ-22, മാങ്കുളത്ത് 20 എന്നതാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ഇവിടങ്ങളിൽ പല ഡിവിഷനുകളിലും ആളുകൾക്ക് പനി ബാധിച്ചിട്ടുണ്ടെന്നും തൊഴിലാളികൾ പറയുന്നു. അതേസമയം തോട്ടം മേഖലയിൽ കോവിഡ് കേസുകൾ വർധിച്ചുവരുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും ചൊവ്വാഴ്ച തോട്ടം മാനേജ്മെൻറുകളുടെയടക്കം യോഗം വിളിച്ചിട്ടുണ്ടെന്നും കലക്ടർ എച്ച്. ദിനേശൻ 'മാധ്യമ'ത്തോട് പറഞ്ഞു.
ആവശ്യമെങ്കിൽ മേഖലയിൽ കൂടുതൽ പരിശോധന ക്യാമ്പുകൾ നടത്തി രോഗ ബാധിതരെ കണ്ടെത്തുമെന്ന് ഡി.എം.ഒ എൻ. പ്രിയ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.