കോവിഡ് കവർന്നത് 77 കുട്ടികളുടെ ഉറ്റവരെ; പൂർണമായും അനാഥരായത് അഞ്ചുപേർ
text_fieldsതൊടുപുഴ: കോവിഡ് ബാധിച്ച് ജില്ലയിൽ മാതാവിനെ-പിതാവിനെ നഷ്ടപ്പെട്ട കുട്ടികളുടെ എണ്ണം 77. പൂർണമായും അനാഥമാക്കപ്പെട്ട കുട്ടികൾ അഞ്ചാണ്. നേരത്തേ മറ്റ് രോഗങ്ങൾ മൂലം രക്ഷിതാക്കളിൽ ആരെങ്കിലും മരണപ്പെടുകയും ആശ്രയമായിരുന്ന ഏക ആൾകൂടി കോവിഡ് ബാധിച്ച് മരിക്കുകയും ചെയ്തവരാണിവർ. ഇത്തരത്തിൽ മാതാപിതാക്കളെ-രക്ഷിതാക്കളെ നഷ്ടപ്പെട്ട കുട്ടികൾക്ക് സംരക്ഷണം നൽകുന്നതിനോടനുബന്ധിച്ച് നടത്തിയ കണക്കെടുപ്പിലാണ് ഈ വിവരം.
ഈ കുട്ടികളെ ബാല നീതി നിയമത്തിെൻറ ശ്രദ്ധയും പരിചരണവും ആവശ്യമായ ഗണത്തിൽ ഉൾപ്പെടുത്തി പരിഗണന നൽകുകയും ഇവരുടെ സംരക്ഷണം, വിദ്യാഭ്യാസം, മറ്റ് അടിയന്തര ആവശ്യങ്ങൾ എന്നിവ മുൻനിർത്തി അടിയന്തര സഹായം അനുവദിക്കാനും നടപടികളായിട്ടുണ്ട് .
മാതാപിതാക്കൾ രണ്ടുപേരും നഷ്ടപ്പെട്ട കുട്ടികൾക്കും അതോടൊപ്പം മാതാപിതാക്കളിൽ ഒരാൾ നഷ്ടപ്പെടുകയും ശേഷിച്ചയാൾ ഇപ്പോൾ കോവിഡ് മൂലം മരണപ്പെട്ട് രക്ഷിതാക്കൾ പൂർണമായും നഷ്ടപ്പെട്ടതുമായ എല്ലാ കുട്ടികൾക്കും വനിത ശിശുവികസന വകുപ്പിെൻറ ഫണ്ടിൽനിന്ന് 2000 രൂപ വീതം കുട്ടിക്ക് 18 വയസ്സാകുന്നതുവരെ കുട്ടിയുടെയും കുട്ടിയുടെ രക്ഷിതാവിെൻറയും പേരിലുള്ള ജോയൻറ് അക്കൗണ്ടിലേക്ക് മാസംതോറും നിക്ഷേപിക്കും. അനാഥരാക്കപ്പെട്ട കുട്ടികളുടെ പേരിൽ മൂന്നുലക്ഷം രൂപയുടെ സ്ഥിരനിക്ഷേപം തുടങ്ങും.
കൂടാതെ കുട്ടിയുടെ ബിരുദതലം വരെയുള്ള പഠനച്ചെലവുകൾ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽനിന്ന് നൽകുന്നതിനുമാണ് സർക്കാർ തീരുമാനിച്ചിരിക്കുന്നത്. രക്ഷിതാക്കളിൽ ഒരാൾ മാത്രം നഷ്ടപ്പെട്ട കുട്ടികളുടെ കാര്യത്തിലും തീരുമാനമുണ്ടാകും. ജില്ലയിൽ കോവിഡ് മൂലം പിതാവ് നഷ്ടപ്പെട്ട കുട്ടികളാണ് കൂടുതൽ.
അതിനാൽ കുട്ടികളുടെ അമ്മമാർക്ക് ഏതെങ്കിലും തരത്തിലുള്ള സഹായം എത്തിക്കുന്നതിനെക്കുറിച്ചും ആലോചിക്കുന്നുണ്ടെന്ന് ജില്ല ചൈൽഡ് പ്രൊട്ടക്ഷൻ ഓഫിസർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.