വിദൂര ആദിവാസിക്കുടികളിലും കോവിഡ്
text_fieldsെതാടുപുഴ: ജില്ലയിലെ വിദൂര ആദിവാസിക്കുടികളിലടക്കം കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നത് ആശങ്കക്കിടയാക്കുന്നു. കഴിഞ്ഞ ദിവസം ചിന്നാർ വന്യജീവി സങ്കേതത്തിൽ ഒറ്റപ്പെട്ട പാളപ്പെട്ടി ആദിവാസി കോളനിയിലും കോവിഡ് സ്ഥിരീകരിച്ചു. ചൊവ്വാഴ്ച കുടിയിലെ ഒരു യുവതി ആശുപത്രിയിലെത്തിയപ്പോഴാണ് പരിശോധനയിൽ കോവിഡ് പോസിറ്റിവായത്. തുടർന്ന് കോളനിയിലെ 48 പേരെ പരിശോധനക്ക് വിധേയമാക്കിയപ്പോൾ അഞ്ചുപേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ചികിത്സയടക്കം നൽകുന്നതിനായി പ്രാഥമിക ചികിത്സ കേന്ദ്രങ്ങളിലേക്ക് മാറാൻ ആരോഗ്യ -വനം വകുപ്പ് അധികൃതർ കുടിയിലെത്തി അഭ്യർഥിച്ചിട്ടും ഇവർ കാട്ടിനുള്ളിൽ തങ്ങുന്നത് ആശങ്ക സൃഷ്ടിക്കുന്നു. തങ്ങൾ കുടികളിൽ നിരീക്ഷണത്തിൽ കഴിയാമെന്നാണ് അറിയിച്ചിരിക്കുന്നത്.
ഗതാഗത സൗകര്യമുള്ള പ്രദേശത്തുനിന്ന് വണ്ണാന്തുറവരെ നാല് കിലോമീറ്റർ ജീപ്പിലെത്തി അവിടെനിന്ന് കാട്ടിലൂടെ നടന്നു വേണം പാളപ്പെട്ടി കുടിയിലെത്താൻ. കോവിഡ് ബാധിതരുണ്ടെന്നറിഞ്ഞ് ബന്ധപ്പെട്ടവർ സ്ഥലത്തെത്തിയെങ്കിലും ചികിത്സ കേന്ദ്രങ്ങളിലേക്കടക്കം വരാൻ തയാറാകാതിരുന്നതിനെ തുടർന്ന് മരുന്നുകൾ നൽകി മടങ്ങി. ഏതെങ്കിലും അടിയന്തര സാഹചര്യമുണ്ടായാൽ ഇവരെ ദുർഘടപാതയിലൂെട ചുമന്നുവേണം വാഹനത്തിനടുത്തെത്തിക്കാൻ.
പാളപ്പെട്ടിക്ക് പിന്നാലെ കർശനാട് ഗ്രാമത്തിൽ നടത്തിയ പരിശോധനയിൽ എട്ടുപേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ജില്ലയിലെ പല ആദിവാസി കോളനികളിലുമുള്ളവർക്ക് രോഗലക്ഷണങ്ങളുണ്ടെങ്കിലും ഇവരാരും പരിശോധനക്ക് വിമുഖത കാണിക്കുകയാണെന്ന് ആരോഗ്യവകുപ്പ് ചൂണ്ടിക്കാട്ടുന്നു.
മാത്രമല്ല ഇവരിൽ പലരും കുടികളിൽനിന്ന് പുറത്തുപോകുന്ന സാഹചര്യവുമുണ്ട്. ഊരിലെ കാണികളുമായി ചർച്ച ചെയ്ത് ബോധവത്കരണ പരിപാടികളടക്കം നടത്തി വരുകയാണെന്ന് വനം വകുപ്പ് അധികൃതർ പറയുന്നു. കുടികൾ കേന്ദ്രീകരിച്ച് ആൻറിജൻ പരിശോധനയും ആരോഗ്യവകുപ്പ് തുടങ്ങിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.