കോവിഡ്: ഇടുക്കിയിൽ ആശുപത്രി ജീവനക്കാരുടെ കുറവ് പ്രതിസന്ധി
text_fieldsതൊടുപുഴ: കോവിഡ് തീവ്രവ്യാപനത്തിനിടെ ജില്ലയിലെ ആശുപത്രികളില്‍ ജീവനക്കാരുടെയും അനുബന്ധ സൗകര്യങ്ങളുടെയും അഭാവം പ്രതിസന്ധിക്കിടയാക്കുന്നു. രണ്ടാം തരംഗത്തിന് ശേഷം ആശുപത്രികളില്‍നിന്ന് കോവിഡ് ബ്രിഗേഡ് വഴി നിയമിച്ചവരെ പിരിച്ചുവിട്ടിരുന്നു.
പല ആശുപത്രിയിലും ജീവനക്കാരുടെ കുറവ് അനുഭവപ്പെടുന്നുണ്ട്. 85 രോഗികളെയാണ് ബുധനാഴ്ച ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടിവന്നത്. രോഗികളുടെ എണ്ണം ഇനിയും കൂടുകയാണെങ്കിൽ ഇത് ആശുപത്രികൾക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കും.
തൊടുപുഴ ജില്ല ആശുപത്രിയില്‍ ജീവനക്കാരുടെ വലിയ കുറവാണുള്ളത്. ജില്ലയിൽ ദിവസങ്ങളായി രോഗികൾ കൂടുതൽ റിപ്പോർട്ട് ചെയ്യുന്നതും തൊടുപുഴയിലാണ്. നേരത്തേ 90 പേരെ വരെ ഇവിടെ കിടത്തിച്ചികിത്സിച്ചിരുന്നു. എന്നാല്‍, ഇപ്പോള്‍ ജീവനക്കാരുടെ കുറവുമൂലം കൂടുതല്‍ രോഗികളെ പ്രവേശിപ്പിക്കാനാവാത്ത അവസ്ഥയാണ്.
നിലവില്‍ കോവിഡ് ബാധിതർക്ക് 23 ഓക്സിജന്‍ കിടക്ക മാത്രമാണുള്ളത്. ഇതില്‍ ആറെണ്ണം ഐ.സി.യു കിടക്കകളാണ്. നിലവില്‍ 21 പേര് ഇവിടെ ചികിത്സയിലുണ്ട്. തൊടുപുഴ മേഖലയിൽ കോവിഡ് കേസുകള്‍ ദിനംപ്രതി വര്‍ധിച്ചുവരുന്ന സാഹചര്യമാണുള്ളത്. സ്റ്റാഫ് നഴ്സ്, നഴ്സിങ് അസിസ്റ്റന്റ്, ക്ലീനിങ് സ്റ്റാഫ് എന്നിങ്ങനെയുള്ള ജീവനക്കാരുടെ കുറവ് ആശുപത്രിയിലെ ദൈനംദിന പ്രവര്‍ത്തനങ്ങളെ സാരമായി ബാധിക്കുന്നുണ്ട്.
ഡോക്ടര്‍മാരുടെ കുറവും പ്രതിസന്ധിയാണ്. ഡോക്ടര്‍മാര്‍ക്കും ജീവനക്കാര്‍ക്കും കോവിഡ് റിപ്പോര്‍ട്ട് ചെയ്തുതുടങ്ങിയതും ആശങ്ക വര്‍ധിപ്പിക്കുന്നു. അത്യാവശ്യത്തിനുപോലും ജീവനക്കാര്‍ ഇല്ലാതായതോടെ ആഴ്ചയില്‍ മൂന്നുദിവസം മാത്രമാണ് ഇപ്പോള്‍ ആർ.ടി.പി.സി.ആർ പരിശോധന നടത്തുന്നത്.
ജില്ലയില്‍ സര്‍ക്കാര്‍ ആശുപത്രികള്‍ക്കുപുറമെ സ്വകാര്യ ആശുപത്രികളിലും സൗജന്യമായി കോവിഡ് ചികിത്സ നല്കാന് നേരത്തേ സംവിധാനമുണ്ടായിരുന്നെങ്കിലും ഇനി ഇതുണ്ടാകുമോയെന്ന കാര്യത്തില്‍ വ്യക്തതയില്ല. ജില്ലയില്‍ തൊടുപുഴ, കട്ടപ്പന, മൂന്നാര്‍ എന്നിവിടങ്ങളിലെ ആശുപത്രികളിലായിരുന്നു സൗജന്യ ചികിത്സ ലഭിക്കാനുള്ള അവസരമുണ്ടായിരുന്നത്. രോഗികളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ സ്വകാര്യ ആശുപത്രികളിലും സൗജന്യ ചികിത്സ ലഭ്യമാക്കണമെന്ന ആവശ്യം ശക്തമാണ്.
അതേസമയം, രണ്ടാം തരംഗത്തെക്കാൾ രോഗവ്യാപനം കാണുന്നുണ്ടെങ്കിലും ഗുരുതരാവസ്ഥയിൽ രോഗികൾ എത്തുന്നില്ലെന്ന് ഡി.എം.ഒ ജേക്കബ് വർഗീസ് പറഞ്ഞു. നിലവിൽ രണ്ട് ജില്ല ആശുപത്രികളിലായി അഡ്മിറ്റ് ചെയ്യേണ്ട രോഗികളേ ഉള്ളൂ. കട്ടപ്പനയിൽ നിലവിൽ സി.എഫ്.എൽ.ടി.സി പ്രവർത്തിക്കുന്നുണ്ട്. വീട്ടിൽ രോഗികളായി ഇരിക്കുന്നവരുമായി ആരോഗ്യ വകുപ്പ് ബന്ധപ്പെടുന്നുണ്ട്. രോഗികളുടെ എണ്ണം കൂടിയാൽ ജീവനക്കാരും കൂടുതലായി വേണ്ടിവരുമെന്ന് ഡി.എം.ഒ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.