കോവിഡ് മാസ് വാക്സിനേഷൻ ക്യാമ്പിന് ഇന്ന് തുടക്കം; വയോധികർക്ക് മുൻഗണന
text_fieldsതൊടുപുഴ: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ജില്ലയിലെ വിവിധയിടങ്ങളിൽ മാസ് വാക്സിനേഷൻ ക്യാമ്പുമായി ആരോഗ്യവകുപ്പ്. വാക്സിനേഷൻ സ്വീകരിക്കുന്നവരുടെ എണ്ണം ജില്ലയിൽ താരതമ്യേന കുറവായതിനാലാണ് മാസ് വാക്സിനേഷൻ ഒരുക്കാൻ ജില്ല ഭരണകൂടം തീരുമാനിച്ചത്. രണ്ടാം ഘട്ട വാക്സിനേഷൻ ആരംഭിച്ച ശേഷം 10 ദിവസം പിന്നിടുമ്പോൾ ഇതുവരെ 6000 താഴെയാളുകൾ മാത്രമാണ് ജില്ലയിൽ വാക്സിൻ സ്വീകരിച്ചത്. 60 വയസിന് മുകളിലുള്ളവർ ഏതാണ്ട് മൂന്ന് ലക്ഷത്തിന് മുകളിൽ വരുമ്പോഴാണിത്.
സ്വകാര്യ മേഖലയിലെയടക്കം 43 ആശുപത്രികളിലാണ് നിലവിൽ വാക്സിൻ നൽകുന്നത്. വയോധികർക്കടക്കം പരമാവധി പൊതുജനങ്ങൾക്ക് വാക്സിനേഷൻ നൽകുകയെന്ന ലക്ഷ്യത്തോടെയാണ് മാസ് വാക്സിനേഷൻ ക്യാമ്പ് സംഘടിപ്പിക്കുന്നത്. ആദ്യഘട്ടത്തിൽ തൊടുപുഴ ന്യൂമാൻ കോളജിൽ 12, 13 തീയതികളിൽ രാവിലെ ഒമ്പതു മുതൽ വൈകീട്ട് നാലുവരെ മാസ് വാക്സിനേഷൻ നടത്തും.
ഓൺലൈൻ രജിസ്റ്റർ ചെയ്തവർക്കും കൂടാതെ കേന്ദ്രത്തിലെത്തി നേരിട്ട് രജിസ്റ്റർ ചെയ്തും വാക്സിൻ സ്വീകരിക്കാം. വയോധികർക്ക് മാസ് വാക്സിനേഷനിൽ മുൻഗണനയുണ്ട്. തുടർന്ന് വരുന്ന ആഴ്ചകളിൽ ജില്ലയിലെ അഞ്ച് താലൂക്കിലും മാസ് വാക്സിൻ ക്യാമ്പ് സംഘടിപ്പിക്കുമെന്ന് ഡി.എം.ഒയുടെ ചുമതലയുള്ള ഡോ. സുഷമ അറിയിച്ചു.
ആളുകൾക്ക് എത്താൻ സൗകര്യമുള്ള പ്രധാന ടൗണുകൾ കേന്ദ്രീകരിച്ചാകും വാക്സിനേഷൻ നടക്കുക. ഒരു സമയത്ത് 10 പേർക്ക് വരെ വാക്സിൻ നൽകാനും ഇവർക്ക് വിശ്രമിക്കാനും വേണ്ട സൗകര്യവും ഒരുക്കുന്നുണ്ട്. ആയിരത്തിലധികം പേരെയാണ് ആരോഗ്യവകുപ്പ് ഒരു ദിവസം പ്രതീക്ഷിക്കുന്നത്. വാക്സിനേഷനു വരുന്നവർ ഫോട്ടോയുള്ള തിരിച്ചറിയൽ കാർഡുമായി എത്തണം.
42 ആശുപത്രികൾ സജ്ജം
തൊടുപുഴ: ജില്ലയിൽ വാക്സിൻ എടുക്കാനായി സൗകര്യം ഒരുക്കിയിരിക്കുന്നത് 42 ആശുപത്രികളിൽ. 27 സർക്കാർ ആശുപത്രികളിലും 15 സ്വകാര്യ ആശുപത്രികളിലുമാണ് വാക്സിനെടുക്കാൻ സൗകര്യമുള്ളത്.
സർക്കാർ ആശുപത്രികൾ
ഇടുക്കി ജില്ല ആശുപത്രി, തൊടുപുഴ ജില്ല ആശുപത്രി, കട്ടപ്പന താലൂക്ക് ആശുപത്രി, പീരുമേട് താലൂക്ക് ആശുപത്രി, നെടുങ്കണ്ടം താലൂക്ക് ആശുപത്രി, അറക്കുളം പി.എച്ച്.സി, രാജാക്കാട് സി.എച്ച്.സി, ചിത്തിരപുരം സി.എച്ച്.സി, കൊന്നത്തടി എഫ്.എച്ച്.സി, വണ്ണപ്പുറം പി.എച്ച്.സി, ഉപ്പുതറ സി.എച്ച്.സി, വണ്ടൻമേട് സി.എച്ച്.സി, കുമളി എഫ്.എച്ച്.സി, കഞ്ഞിക്കുഴി എഫ്.എച്ച്.സി, കരിമണ്ണൂർ, മറയൂർ സി.എച്ച്.സി, മുട്ടം സി.എച്ച്.സി, ദേവികുളം സി.എച്ച്.സി, വാത്തിക്കുടി സി.എച്ച്.സി, പുറപ്പുഴ സി.എച്ച്.സി, വണ്ടിപ്പെരിയാർ സി.എച്ച്.സി, ഉടുമ്പൻചോല എഫ്.എച്ച്.സി, കാഞ്ചിയാർ എഫ്.എച്ച്.സി, ദേവിയാർ കോളനി പി.എച്ച്.സി, ശാന്തൻപാറ പി.എച്ച്.സി, പെരുവന്താനം എഫ്.എച്ച്.സി.
സ്വകാര്യ ആശുപത്രികൾ
മൂലമറ്റം ബിഷപ് വയലിൻ ആശുപത്രി, മുതലക്കോടം ഹോളി ഫാമിലി, തൊടുപുഴ സഹകരണ ആശുപത്രി, എം.എം.ടി മുണ്ടക്കയം, തൊടുപുഴ സെൻറ് മേരീസ്, തൊടുപുഴ ചാഴികാട്ട്, കട്ടപ്പന സെൻറ് ജോൺസ് ആശുപത്രി, അടിമാലി മോർണിങ് സ്റ്റാർ ആശുപത്രി, അടിമാലി എം.എസ്.എസ് ഐ.ക്യു ആർ.ആർ.എ, വണ്ണപ്പുറം ബാവാസ് അർച്ചന, നെടുങ്കണ്ടം മെഡിക്കൽ ട്രസ്റ്റ്, മൂന്നാർ ടാറ്റ ജി.എച്ച്, തൊടുപുഴ ഫാത്തിമ ഐ ക്ലിനിക്ക്, തൊടുപുഴ അൽ-അസ്ഹർ മെഡിക്കൽ കോളജ്, മുരിക്കാശ്ശേരി അൽഫോൻസ ആശുപത്രി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.