മകളുടെ മരണം: പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കണമെന്ന് മാതാവ്
text_fieldsമൂന്നാർ: നാലുവർഷം മുമ്പ് ദുരൂഹ സാഹചര്യത്തിൽ ഒമ്പതു വയസ്സുകാരി മരിച്ച കേസിൽ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കണമെന്ന് ആവശ്യപ്പെട്ട് പെൺകുട്ടിയുടെ മാതാവിന്റെ പരാതി. കണ്ണൻ ദേവൻ കമ്പനി ഗുണ്ടുമല എസ്റ്റേറ്റ് അപ്പർ ഡിവിഷനിൽ പാണ്ടിയമ്മാളാണ് ഇതുസംബന്ധിച്ച് മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും പരാതി നൽകിയത്.
2019 സെപ്റ്റംബർ ഒമ്പതിനാണ് ഇവരുടെ ഏക മകളെ വീട്ടിനുള്ളിൽ കഴുത്തിൽ കയർ കുരുങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. അപകടമരണം എന്നായിരുന്നു പ്രാഥമിക നിഗമനം. എന്നാൽ, പോസ്റ്റ്മോർട്ടത്തിൽ പെൺകുട്ടി പലതവണ പീഡനത്തിന് ഇരയായതായി കണ്ടെത്തിയതോടെയാണ് കൊലപാതകമാകാമെന്ന സംശയം ഉയർന്നത്. മൂന്നാറിലെ ഒരു സ്വകാര്യ സ്കൂളിൽ നാലാം ക്ലാസ് വിദ്യാർഥിനിയായിരുന്നു പെൺകുട്ടി. കാഴ്ചപരിമിതിയുള്ള മുത്തശ്ശി മാത്രം വീട്ടിലുണ്ടായിരുന്ന പകലായിരുന്നു സംഭവം നടന്നത്. മൂന്നാർ ഡിവൈ.എസ്.പിയുടെ നേതൃത്വത്തിൽ ലോക്കൽ പൊലീസാണ് ആദ്യം കേസ് അന്വേഷിച്ചത്.
ഇത് എങ്ങും എത്താതായതോടെ ജില്ല പൊലീസ് മേധാവിയുടെ മേൽനോട്ടത്തിൽ ഒമ്പതു പേരടങ്ങിയ പ്രത്യേക സംഘത്തെ നിയോഗിച്ചു. ഗുണ്ടുമലയിൽ ക്യാമ്പ് ഓഫിസ് തുറന്നും പ്രദേശവാസികളെ ചോദ്യം ചെയ്തും ഇവർ നടത്തിയ മാസങ്ങൾ നീണ്ട അന്വേഷണത്തിലും തുമ്പുണ്ടാക്കാനായില്ല. ഇതേ തുടർന്ന് ഇടുക്കി നാർകോട്ടിക് സെൽ ഡിവൈ.എസ്.പിയുടെ നേതൃത്വത്തിൽ പുതിയ സംഘത്തിന് അന്വേഷണം കൈമാറി. ഏറെനാൾ നീണ്ട ഈ അന്വേഷണം ഇപ്പോൾ നിലച്ച മട്ടാണ്. ഇതേ തുടർന്നാണ് പെൺകുട്ടിയുടെ മാതാവ് പാണ്ടിയമ്മാൾ മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും പരാതി നൽകിയത്. പുതിയ അന്വേഷണ സംഘത്തെ നിയോഗിക്കണമെന്നും അന്വേഷണം കഴിയുന്നതുവരെ സംഘത്തിലെ ഉദ്യോഗസ്ഥരെ സ്ഥലംമാറ്റരുതെന്നും ആവശ്യപ്പെട്ടാണ് ഇവർ പരാതി നൽകിയത്. പരാതി മുഖ്യമന്ത്രിയുടെ ഓഫിസിൽനിന്ന് ജില്ല പൊലീസ് മേധാവിക്ക് കൈമാറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.