പാൽ ഉൽപാദനത്തിൽ കുറവ്; ക്ഷീരമേഖലയിൽ കിതപ്പ്
text_fieldsതൊടുപുഴ: കാലിത്തീറ്റ വിലവർധനമൂലം കർഷകർ പ്രതിസന്ധി നേരിടുന്നതിനിടെ ജില്ലയിൽ പാൽ ഉൽപാദനത്തിലും കുറവ്. ഏറ്റവും കൂടുതൽ ചൂടുള്ള സമയത്ത് ജില്ലയിൽ ക്ഷീരസഹകരണ സംഘങ്ങൾവഴി 1,87,000 ലിറ്റർ പാൽ ശേഖരിച്ചിരുന്നു. എന്നാൽ, ഉൽപാദനത്തിൽ ഏറ്റവും അനുകൂല സമയമായ ഒക്ടോബർ-നവംബർ മാസങ്ങളിൽ ഉൽപാദനം 1,55,000 ലിറ്ററായി കുറയുന്ന സാഹചര്യമാണ്. ജില്ലയിൽ പ്രതിദിനം 1000 ലിറ്റർ പാലിന്റെ കുറവുണ്ടാകുന്നതായി മിൽക്ക് സൊസൈറ്റികളിൽനിന്നുള്ള കണക്കുകൾ ചൂണ്ടിക്കാട്ടുന്നു.
കാലിത്തീറ്റ വില ഒരു ചാക്കിന് 160 രൂപ വർധിച്ച സാഹചര്യത്തിൽ എങ്ങനെ മുന്നോട്ട് പോകാൻ കഴിയുമെന്നറിയാത്ത സാഹചര്യമാണെന്ന് കർഷകർ പറയുന്നു. 1240 രൂപയായിരുന്ന തീറ്റയുടെ വില 1400ആയാണ് ഉയർത്തിയത്. ഇപ്പോൾ പാലിന് ലഭിക്കുന്നത് പരമാവധി 37 രൂപയാണ്. എന്നാൽ, ഉൽപാദനച്ചെലവ് മാത്രം 40 രൂപയിൽ കൂടുതലാണ്. പലരും ഈ മേഖലയിൽനിന്ന് മാറിപ്പോകുന്ന സാഹചര്യവുമുണ്ട്.
തീറ്റപ്പുൽക്ഷാമം രൂക്ഷമായതിനാൽ തമിഴ്നാട്ടിൽനിന്ന് കൊണ്ടുവരുന്ന ചോളത്തട്ടയും വയ്ക്കോലുമാണ് ക്ഷീരകർഷകർക്ക് ആശ്രയം. എന്നാൽ, അവസരം മുതലെടുത്ത് തമിഴ്നാട്ടിൽനിന്നുള്ള കച്ചവടക്കാരും വയ്ക്കോലിന് വില വർധിപ്പിച്ചു. രണ്ടു മാസം മുമ്പ് കിലോക്ക് എട്ടു രൂപ ആയിരുന്നു ഒരു കിലോ വയ്ക്കോലിന്റെ വില. ഇപ്പോൾ കച്ചവടക്കാർ 14 രൂപവരെയാണ് ഈടാക്കുന്നത്. ക്ഷീരകർഷകർക്ക് ഉൽപാദനച്ചെലവിന് അനുസരിച്ച് പാൽവില വർധിപ്പിക്കുകയും വർധിപ്പിച്ച കാലിത്തീറ്റ വില ഉടൻ പിൻവലിക്കുകയും ചെയ്തില്ലെങ്കിൽ നിരവധി കർഷകർ ഈ മേഖലയിൽനിന്ന് പൊഴിഞ്ഞുപോകുമെന്നാണ് കർഷകർ ചൂണ്ടിക്കാട്ടുന്നത്.
കാലിത്തീറ്റ വിലവർധന: പ്രതിഷേധവുമായി മിൽക്ക് സൊസൈറ്റി അസോസിയേഷൻ
തൊടുപുഴ: കാലിത്തീറ്റ വിലവർധനയിൽ മിൽക്ക് സൊസൈറ്റി അസോസിയേഷൻ പ്രതിഷേധവുമായി രംഗത്ത്. കാലിത്തീറ്റവില വർധന പിൻവലിക്കുക, പാൽവില വർധിപ്പിക്കുക, മിൽമ സംഘങ്ങൾക്ക് 10 ശതമാനം മാർജിൻ നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ബുധനാഴ്ച രാവിലെ 10ന് തിരുവനന്തപുരം മിൽമ ഫെഡറേഷൻ ഓഫിസിന് മുന്നിൽ ധർണയും ശയനപ്രദക്ഷിണവും നടത്തുമെന്ന് അസോസിയേഷൻ ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ജനപ്രതിനിധികൾ, സഹകാരികൾ, ക്ഷീരസംഘം പ്രസിഡന്റുമാർ, സെക്രട്ടറിമാർ എന്നിവരാണ് സമരത്തിൽ പങ്കെടുക്കുന്നത്.
വാർത്തസമ്മേളനത്തിൽ സംസ്ഥാന പ്രസിഡന്റ് പി.ആർ. സലികുമാർ, സംസ്ഥാന ഭാരവാഹികളായ എം.ടി. ജോണി, സോണി ചൊള്ളാമഠം, സണ്ണി തെങ്ങുംപള്ളി, ജില്ല പ്രസിഡന്റ് കെ.പി. ബേബി, എ.ജെ. മാനുവേൽ, സാജു അമയപ്ര, രാമചന്ദ്രൻ പി.കെ. അമയപ്ര, ബിബിൻ കോലാനി എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.