ഇടാടിനോട് എന്താണിത്ര ഇഷ്ടക്കേട് ? നടപ്പാതയില്ലാതെ താൽകാലികപ്പാതയിൽ ദുരിത യാത്ര നടത്തി ജനങ്ങൾ
text_fieldsഗതാഗത സൗകര്യമില്ലാത്തതിനാൽ തെക്കുംഭാഗത്തുനിന്ന് ഇടാടിന് താൽക്കാലിക നടപ്പാലം വഴി കടന്നുപോകുന്നവർ
മൂലമറ്റം: രണ്ട് ഗ്രാമങ്ങളെ യോജിപ്പിക്കുന്ന റോഡ് ഇന്നുവരും നാളെ വരുമെന്ന് കരുതി കാത്തിരിക്കാൻ തുടങ്ങിയിട്ട് നാളേറെയായി. റോഡ് മാത്രം വന്നില്ല. യാത്രാസൗകര്യമില്ലാത്ത പതിപ്പള്ളി തെക്കുംഭാഗത്തേക്കുള്ള റോഡിനാണ് ഈ ഗതികേട്. റോഡ് പണി പൂർത്തിയാകാത്തതിനാൽ തെക്കുംഭാഗത്തുള്ളവർ താൽക്കാലികമായി നിർമിച്ച പാലത്തിലൂടെ ഇടാട് എത്തി ഇവിടെ നിന്നാണ് യാത്ര ചെയ്യുന്നത്. വാഹനങ്ങൾ തെക്കുംഭാഗത്ത് എത്താൻ ഏറെ ബുദ്ധിമുട്ടാണ്. കാലവർഷക്കെടുതിയിൽ റോഡ് തകർന്നു. വാഹനങ്ങൾ കടന്നുപോകാൻ കഴിയാത്ത അവസ്ഥയുമായി.
ഗോത്രവർഗക്കാർ താമസിക്കുന്ന ഈ പ്രദേശത്തേക്ക് വാഹനങ്ങൾ കടന്നുപോകുന്ന രീതിയിൽ റോഡ് നിർമിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം. ഇതിന് ത്രിതലപഞ്ചായത്തുകൾക്കൊപ്പം പട്ടികവർഗ വികസന വകുപ്പും വേണ്ട നടപടി സ്വീകരിക്കണം. വാഹനങ്ങൾ ഈ വഴിക്ക് എത്താതിരുന്നതിനാൽ ഗോത്രവർഗ വിഭാഗത്തിൽപെട്ട രണ്ട് യുവതികൾ റോഡിൽ പ്രസവിച്ചിരുന്നു. പട്ടികവർഗ വിഭാഗത്തിന്റെ ഉന്നമനത്തിനായി ഒട്ടേറെ ഫണ്ട് വിനിയോഗിക്കുന്ന പട്ടികവർഗ വകുപ്പ് പ്രദേശത്തെ പ്രശ്നങ്ങൾ കണ്ടില്ലെന്ന് നടിക്കുന്നു. നാട്ടുകാരുടെ വർഷങ്ങളായുള്ള ആവശ്യമാണ് ഇടാടുനിന്ന് പതിപ്പള്ളി തെക്കുംഭാഗത്തിനുള്ള വഴി പൂർത്തിയാക്കണമെന്നത്.
ഇടാട്-അമ്പലം ഭാഗത്തുനിന്ന് പട്ടികവർഗമേഖലയായ പതിപ്പള്ളി തെക്കുംഭാഗം വഴി മൂലമറ്റത്തിനുള്ള റോഡ് പൂർത്തിയാക്കിയാൽ രണ്ട് വാർഡുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന മൂലമറ്റത്തേക്ക് എളുപ്പമെത്താവുന്ന പാതയായ ഇത് മാറും. രണ്ട് കിലോമീറ്ററോളം റോഡ് വൈദ്യുതി ബോർഡിന്റെ സ്ഥലത്തും ബാക്കി പഞ്ചായത്ത് റോഡുമാണ്. ഇതിനിടെ റോഡിലെ നിർമാണ പ്രവർത്തനങ്ങൾക്ക് വനം വകുപ്പ് തടസ്സം നിൽക്കുന്നതും പ്രതിസന്ധിയായിട്ടുണ്ട്. റീബിൽഡ് കേരളയിൽപെടുത്തി റോഡ് നിർമിക്കാമെന്ന് പറഞ്ഞെങ്കിലും വനം വകുപ്പിന്റെ തടസ്സം മൂലം റോഡിന് ആവശ്യത്തിന് വീതി എടുക്കാൻ സാധിക്കുന്നില്ല. ശ്രമദാനമായി നിർമിച്ച മൺറോഡിലൂടെയാണ് ഇപ്പോൾ വാഹനങ്ങൾ കടന്നുപോകുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.