ഡെങ്കിപ്പനി: ഇടുക്കി ജില്ലയിൽ ഒമ്പത് ഹോട്സ്പോട്ട്, നടപടി ഊർജിതമാക്കി
text_fieldsതൊടുപുഴ: ജില്ലയിൽ ആരോഗ്യവകുപ്പ് കണ്ടെത്തിയിരിക്കുന്നത് ഒമ്പത് ഡെങ്കിപ്പനി ഹോട്സ്പോട്ടുകൾ. വണ്ണപ്പുറം, മുട്ടം, ഇളംദേശം, ആലക്കോട്, തട്ടക്കുഴ, കെ.പി. കോളനി, പുറപ്പുഴ, കരിമണ്ണൂർ, ഇടവെട്ടി എന്നീ പ്രദേശങ്ങളാണ് ഹോട്സ്പോട്ടുകളായി കണ്ടെത്തിയത്.
രോഗബാധയും ഡെങ്കിപ്പനി പരത്തുന്ന ഈഡിസ് കൊതുകുകളുടെ സാന്നിധ്യവും പരിഗണിച്ചാണ് ഹോട്സ്പോട്ടുകൾ നിർണയിച്ചിരിക്കുന്നത്. ഈ പ്രദേശങ്ങൾ കേന്ദ്രീകരിച്ച് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കുമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.ഈവർഷം ജില്ലയിൽ 48പേർക്കാണ് ജില്ലയിൽ ഡെങ്കിപ്പനി സ്ഥിരീകരിച്ചിരിക്കുന്നത്. മൂന്ന് ദിവസത്തിനിടെ മാത്രം എട്ടുപേർക്ക് രോഗബാധ ഉണ്ടായിട്ടുണ്ട്.
ഹോട്സ്പോട്ടായ തട്ടക്കുഴ സ്ഥിതിചെയ്യുന്ന ഉടുമ്പന്നൂർ പഞ്ചായത്തിൽ മൂന്ന് കേസുകളാണ് സ്ഥിരീകരിച്ചിരിക്കുന്നത്. തട്ടക്കുഴയിലെ ശേഖരത്ത് പാറ, കച്ചിറമൂഴി, കട്ടിക്കയം എന്നിവിടങ്ങളാണ് ഹോട്സ്പോട്ടിൽ ഉൾപ്പെട്ടിരിക്കുന്നത്. ആലക്കോടും ഒരു കേസ് സ്ഥിരീകരിച്ചിട്ടുണ്ട്. വെള്ളിയാമറ്റം പഞ്ചായത്തിലാണ് ഏറ്റവും കൂടുതൽ കേസുകൾ സ്ഥിരീകരിച്ചിരിക്കുന്നത്. പഞ്ചായത്തിലെ ഇളംദേശമാണ് ഹോട്സ്പോട്ട്.
വണ്ണപ്പുറം പഞ്ചായത്തിൽ 16 കേസുകൾ സംശയിക്കുന്നുണ്ട്. കരിമണ്ണൂരിൽ ഒമ്പത് ഡെങ്കിപ്പനി ബാധയാണ് സംശയിക്കുന്നത്. പുറപ്പുഴയിൽ നാല് കേസുകളാണ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇവിടെ ആറാം വാർഡായ കഠാരക്കുഴിയിലാണ് പ്രധാനമായും ഹോട്സ്പോട്ട്. ഇടവെട്ടിയിൽ നാലുപേർക്കാണ് രോഗബാധ ഇതുവരെ സ്ഥിരീകരിച്ചത്. അഞ്ചിരിയിലാണ് രണ്ട് കേസ്. ഇടവെട്ടി ഭാഗത്തുമുണ്ട്. മുട്ടത്ത് രണ്ട് കേസുകളാണ് സ്ഥിരീകരിച്ചിട്ടുള്ളത്. 18പേരുടെ ഫലം വരാനുണ്ട്.
ഹോട്സ്പോട്ടുകളാക്കി കണ്ടെത്തിയ സ്ഥലങ്ങളിൽ കൊതുകിന്റെ ഉറവിട നശീകരണ പ്രവർത്തനങ്ങൾ ഊർജിതമാക്കിതയായി ജില്ല മെഡിക്കൽ ഓഫിസർ ഡോ. എൽ. മനോജ് പറഞ്ഞു. ജില്ല വെക്ടർ കൺട്രോൾ യൂനിറ്റിന്റെ നേതൃത്വത്തിൽ കൊതുക് നശീകരണത്തിന് ഫോഗിങ് നടത്തും.
ഇതോടൊപ്പം കൊതുകുകളുടെ സാന്നിധ്യം സംബന്ധിച്ച് പഠനം നടത്തി ആവശ്യമായ പ്രതിരോധ നടപടി സ്വീകരിക്കും. രോഗവ്യാപനം കൂടുതലുള്ള പ്രദേശങ്ങളുടെ സമീപത്തെ പ്രധാന ആശുപത്രികളിൽ പരിശോധന സൗകര്യവും ചികിത്സയും ഉറപ്പാക്കുമെന്നും ജില്ല മെഡിക്കൽ ഓഫിസർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.