കൃഷി വകുപ്പ് ഉടക്കി; പാതിവഴിയില്‍ നിലച്ച് വെള്ളിയാമറ്റത്തെ സദ്ഭാവന മണ്ഡപം
text_fieldsവെള്ളിയാമറ്റം: പാതിവഴിയില്‍ നിർമാണം നിലച്ച് വെള്ളിയാമറ്റത്തെ സദ്ഭാവന മണ്ഡപം. തുടര്‍ന്ന് പണിയുന്നതിന് അനുമതി നിഷേധിച്ച് കൃഷി വകുപ്പ്. കൃഷി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി വെള്ളിയാമറ്റം പഞ്ചായത്ത് പ്രസിഡന്റിന് അയച്ച കത്തിലാണ് പണി തുടരാന്‍ കഴിയില്ലെന്ന് അറിയിച്ചിട്ടുള്ളത്.
മണ്ഡപം പണിയുന്ന സ്ഥലം മുമ്പ് വയൽ ആയിരുന്നെന്നും ഇത് മണ്ണിട്ടു നികത്തിയതാണെന്നും അതിനാല്‍ 2008ലെ നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമത്തിന്റ ലംഘനമാണെന്നും കത്തിൽ പറയുന്നു. എന്നാല്‍, നിജസ്ഥിതി സംബന്ധിച്ച് കലക്ടറോടോ ആര്.ഡി.ഒയോയുടെയോ റിപ്പോര്‍ട്ട് തേടാതെയാണ് ഈ തീരുമാനമെന്നും പുനഃപരിശോധിക്കണമെന്നും പ്രസിഡന്റ് ഇന്ദു ബിജു ആവശ്യപ്പെട്ടു. പുനഃപരിശോധന ഉണ്ടായില്ലെങ്കില്‍ ഹൈകോടതിയെ സമീപിക്കാനും തയാറെടുക്കുകയാണ്.
പ്രധാന്‍മന്ത്രി ജന്‍വികാസ് കാര്യക്രമം പദ്ധതിയില്‍ ഉൾപ്പെടുത്തിയാണ് സദ്ഭാവന മണ്ഡപം പണിയാന്‍ തീരുമാനിച്ചത്. പ്രധാനമന്ത്രിയുടെ ന്യൂനപക്ഷക്ഷേമ പദ്ധതിയുടെ ഭാഗമായാണ് ഇത് അനുവദിച്ചത്. 1.40 കോടിയാണ് ഇതിനായി നല്‍കിയത്.
കലക്ടർ, ആര്.ഡി.ഒ, ജില്ല പ്ലാനിങ് ഓഫിസര്‍ എന്നിവരടങ്ങിയ കമ്മിറ്റിക്കായിരുന്നു നടത്തിപ്പുചുമതല. ഇളംദേശം ബ്ലോക്കാണ് നിര്‍വഹണ ഏജന്‍സി. സ്ഥലം വിട്ടുനല്‍കിയത് വെള്ളിയാമറ്റം പഞ്ചായത്താണ്.
സദ്ഭാവന മണ്ഡപത്തില്‍ ഇന്‍ഡോര്‍സ്റ്റേഡിയം, സമ്മേളനഹാള്‍, ഓഫിസ് സൗകര്യം, അടുക്കള എന്നിവ ഉണ്ടാകും. ന്യൂനപക്ഷങ്ങളുടെ കായിക വികസനം, വിവാഹം ഉള്‍പ്പെടെയുള്ള ചടങ്ങുകള്‍ തുടങ്ങിയവ സംഘടിപ്പിക്കാന്‍ സൗകര്യം ഒരുക്കുകയായിരുന്നു പദ്ധതിയുടെ ലക്ഷ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.