മറയൂരിന് ‘കനവു’മായി മോട്ടോർ വാഹന വകുപ്പ്
text_fieldsതൊടുപുഴ: മറയൂർ പഞ്ചായത്തിലെ ഗോത്രവർഗ സ്ത്രീശാക്തീകരണം ലക്ഷ്യമിട്ട് ‘കനവ്’ പദ്ധതിയുമായി മോട്ടോർ വാഹന വകുപ്പ്. ആദിവാസി യുവാക്കൾക്ക് കുടികളിലെത്തി ഡ്രൈവിങ് പരിശീലനം നൽകുന്ന ഗോത്ര സേവ പദ്ധതിയുടെ മൂന്നാംഘട്ടം എന്ന നിലക്കാകും കനവ് പദ്ധതി നടപ്പാക്കുക.
മാങ്കുളം ശേവൽക്കുടിയിൽ പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കിയ ഗോത്രസേവ പദ്ധതിയുടെ വിജയത്തെത്തുടർന്നാണ് ജില്ലയിലെ കൂടുതൽ പഞ്ചായത്തുകളിലേക്ക് വ്യാപിപ്പിക്കുന്നതെന്ന് വകുപ്പ് അധികൃതർ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
ശേവൽക്കുടി ആദിവാസി സങ്കേതത്തിലെ 24 പേരാണ് ദേവികുളം സബ് റീജനൽ ട്രാൻസ്പോർട്ട് ഓഫിസ് നടപ്പാക്കിയ പദ്ധതിയിലൂടെ പരിശീലനം നേടി ഡ്രൈവിങ് ലൈസൻസ് സ്വന്തമാക്കിയത്. ഇവർക്കുള്ള ലൈസൻസ് 29ന് വൈകീട്ട് നാലിന് മാങ്കുളം പഞ്ചായത്ത് അങ്കണത്തിൽ നടക്കുന്ന ചടങ്ങിൽ ഗതാഗത മന്ത്രി ആന്റണി രാജു വിതരണം ചെയ്യും. ഗോത്രവർഗ പഞ്ചായത്തായ ഇടമലക്കുടിയിലാണ് പദ്ധതിയുടെ രണ്ടാം ഘട്ടം. മറയൂർ പഞ്ചായത്തിൽ ഡ്രൈവിങ് പരിജ്ഞാനത്തിൽ പിന്നാക്കം നിൽക്കുന്ന വനിതകളെ കണ്ടെത്തി മോട്ടോർ വാഹന വകുപ്പിലെ വനിത ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ കുടികളിലെത്തി അവർക്ക് പരിശീലനം നൽകി ഡ്രൈവിങ് ടെസ്റ്റിന് പ്രാപ്തരാക്കുന്നതാണ് കനവ് പദ്ധതി.
സ്വയം പര്യാപ്തതയിലൂടെ ആത്മാഭിമാനം വളർത്തുക, സ്ത്രീശാക്തീകരണം ഉറപ്പാക്കുക, ആദിവാസി സമൂഹം നേരിടുന്ന അവസരനഷ്ടം കുറക്കുക, പാർശ്വവത്കരിക്കപ്പെട്ട ഗോത്രജനതയെ മുഖ്യധാരയിലേക്ക് കൊണ്ടുവരുക, ഗോത്രജനങ്ങളിൽ മോട്ടോർ വാഹന നിയമങ്ങളെക്കുറിച്ച അവബോധം സൃഷ്ടിക്കുക തുടങ്ങിയവയാണ് പദ്ധതിയുടെ ലക്ഷ്യങ്ങൾ.
വാർത്തസമ്മേളനത്തിൽ എറണാകുളം മേഖല ഡെപ്യൂട്ടി ട്രാൻസ്പോർട്ട് കമീഷണർ ഷാജി മാധവൻ, ജോയന്റ് ആർ.ടി.ഒമാരായ എസ്.എസ്. പ്രദീപ്, എൽദോ, മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ എൻ.കെ. ദീപു, മാങ്കുളം പഞ്ചായത്ത് പ്രസിഡന്റ് വിനീത സജീവൻ, വൈസ് പ്രസിഡന്റ് ബിബിൻ ജോസഫ്, പഞ്ചായത്തംഗം അനിൽ ആന്റണി തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.