കോവിഡ് മറയാക്കി വിഷ മത്സ്യം; നശിപ്പിച്ചത് രണ്ട് ലക്ഷം കിലോ
text_fieldsതൊടുപുഴ: കോവിഡ് മറയാക്കി ഇതര സംസ്ഥാനങ്ങളിൽ നിന്നടക്കം കേരളത്തിലെ വിപണിയിലെത്തിച്ചത് ഭക്ഷ്യയോഗ്യമല്ലാത്ത രണ്ട് ലക്ഷം കിലോയിലധികം മത്സ്യം. ഭക്ഷ്യസുരക്ഷ വകുപ്പ് കോവിഡ് ഒന്നും രണ്ടും തരംഗ കാലങ്ങളിൽ നടത്തിയ പരിശോധനയിലാണ് നിലവാരമില്ലാത്ത ആയിരക്കണക്കിന് കിലോ മത്സ്യം പിടികൂടി നശിപ്പിച്ചത്. കോവിഡ് പ്രതിസന്ധി രൂക്ഷമായ സമയങ്ങളിൽ നടന്ന മത്സ്യക്കടത്ത് പരിശോധന ശക്തമായതോടെ പിന്നീട് കുറഞ്ഞതായും കണക്കുകൾ വ്യക്തമാക്കുന്നു. എങ്കിലും ഇപ്പോഴും സംസ്ഥാനത്തിെൻറ വിവിധ ഭാഗങ്ങളിൽനിന്ന് ഇത്തരം മത്സ്യം പിടികൂടുന്നുണ്ട്.
കോവിഡ് വ്യാപനകാലത്ത് ഒന്നര വർഷത്തിനിടെ ഭക്ഷ്യസുരക്ഷ വകുപ്പ് ഭക്ഷ്യയോഗ്യമല്ലെന്ന് കണ്ടെത്തി 2,02,065 കിലോ മത്സ്യം പിടികൂടി നശിപ്പിച്ചു. ഒാപറേഷൻ സാഗരറാണി എന്ന പേരിലുള്ള പരിശോധനയുടെ ഭാഗമായി നിയമലംഘനം കണ്ടെത്തിയ 641 സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകിയതായും ഭക്ഷ്യസുരക്ഷ ജോയൻറ് കമീഷണർ എം. മോനി പറഞ്ഞു.
10,217 പരിശോധനകളാണ് ഇൗ കാലയളവിൽ നടത്തിയത്. അമോണിയ, ഫോർമാലിൻ തുടങ്ങിയ രാസപദാർഥങ്ങൾ ചേർത്ത് വിൽപനക്ക് വെച്ചതും കേടായതുമായ മത്സ്യമാണ് പിടിച്ചെടുത്ത് നശിപ്പിച്ചത്. മത്സ്യലേല മാർക്കറ്റുകൾ, പൊതുവിപണികൾ, മത്സ്യവിൽപന ശാലകൾ എന്നിവ കേന്ദ്രീകരിച്ചായിരുന്നു പരിശോധന.
െഎസും മീനും തമ്മിലുള്ള മിശ്രണത്തിൽ നിയമാനുസൃത അനുപാതം പാലിച്ചിട്ടില്ലെന്ന് കണ്ടെത്തിയ വ്യാപാരികൾക്കെതിരെയും നടപടിയെടുത്തു. ഗുരുതര നിയമലംഘനം നടത്തുന്ന മത്സ്യവ്യാപാരികൾക്ക് ആദ്യം നോട്ടീസ് നൽകുകയും ആവർത്തിച്ചാൽ പിഴ ഇൗടാക്കുകയുമാണ് ചെയ്യുന്നത്. ഇത്തരം ചില കേസുകൾ കോടതിയുടെ പരിഗണനയിലുമുണ്ട്.
ഗുജറാത്ത്, തമിഴ്നാട്, കർണാടക, ആന്ധ്രപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽനിന്നാണ് ഭക്ഷ്യയോഗ്യമല്ലാത്ത മത്സ്യം കൂടുതലായി എത്തുന്നത്.
തിരിച്ചറിയാതിരിക്കാൻ നല്ല മത്സ്യത്തോടൊപ്പം ഇടകലർത്തി വിൽക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്. പരിശോധന ശക്തമാക്കിയതോടെ അടുത്തിടെ ഇത്തരം മത്സ്യത്തിെൻറ വരവ് ഗണ്യമായി കുറഞ്ഞിട്ടുണ്ടെന്ന് ഭക്ഷ്യസുരക്ഷ അധികൃതർ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.