വികസന നേട്ടങ്ങള്‍ ജനങ്ങളിലെത്തണം -മന്ത്രി റോഷി അഗസ്റ്റിന്
text_fieldsഇടുക്കി: സർക്കാർ നടപ്പാക്കുന്ന സർവതല സ്പർശിയായ വികസന പ്രവർത്തനങ്ങൾ കൂടുതൽ ജനങ്ങളിലേക്ക് എത്തേണ്ടതുണ്ടെന്ന് ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ. ഡിസംബർ 10, 11 ,12 തീയതികളിൽ ജില്ലയിൽ നടക്കുന്ന നവകേരള സദസ്സിന് മുന്നോടിയായി മണ്ഡല അടിസ്ഥാനത്തിലുള്ള സംഘാടകസമിതി രൂപവത്കരണ യോഗം ചെറുതോണിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മൂന്ന് ദിവസങ്ങളിലായി ജില്ലയിലെ അഞ്ച് മണ്ഡലങ്ങളിലും മുഖ്യമന്ത്രിയും മന്ത്രിമാരും നേരിട്ടെത്തി ജനങ്ങളുമായി സംവദിക്കും. ഡിസംബർ 10ന് തൊടുപുഴ, 11ന് ഇടുക്കി, ദേവികുളം, ഉടുമ്പന്‍ചോല, 12ന് പീരുമേട് മണ്ഡലങ്ങളിൽ നവകേരള സദസ്സ് നടക്കും. ജനങ്ങള്‍ക്കിടയിലേക്ക് ഇറങ്ങിച്ചെന്ന് അവരുടെ പ്രശ്നങ്ങൾ കേള്‍ക്കാനും അതോടൊപ്പം ഇതുവരെ നടത്തിയിട്ടുള്ള വികസന പ്രവര്‍ത്തനങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയുമാണ് പരിപാടി നടപ്പാക്കുന്നതെന്ന് മന്ത്രി പറഞ്ഞു.
കലക്ടർ ഷീബ ജോര്‍ജ് വിഷയാവതരണം നടത്തി. ഇടുക്കി മണ്ഡലം സംഘാടകസമിതിയുടെ മുഖ്യരക്ഷാധികാരിയായി മന്ത്രി റോഷി അഗസ്റ്റിനും ഉപരക്ഷാധികാരിയായി അഡ്വ. ഡീൻ കുര്യാക്കോസ് എം.പിയും ഉള്‍പ്പെടുന്ന ജനറൽ കമ്മിറ്റിയും രക്ഷാധികാരികളായി ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ.ടി. ബിനു, കലക്ടർ ഷീബ ജോര്‍ജ്, എ.ഡി.എം ഷൈജു പി. ജേക്കബ്, ജില്ല ആസൂത്രണ സമിതി ഉപാധ്യക്ഷൻ സി.വി. വര്‍ഗീസ്, ഇടുക്കി തഹസില്‍ദാർ ഡിക്സി ഫ്രാന്‍സിസ്, ഇടുക്കി എ.ഡി.സി ശ്രീലേഖ എന്നിവരെയും നിശ്ചയിച്ചു.
വിവിധ കമ്മിറ്റികളുടെ ചെയര്മാൻമാരെയും അംഗങ്ങളെയും തെരഞ്ഞെടുത്തു. വരുംദിവസങ്ങളിൽ പഞ്ചായത്തുതലത്തിൽ വാര്‍ഡ് മെംബർമാരെ ഉൾക്കൊള്ളിച്ച് പഞ്ചായത്ത് പ്രസിഡന്റുമാരുടെ അധ്യക്ഷതയിൽ സംഘാടകസമിതി യോഗങ്ങൾ ചേരും. ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാജി ചന്ദ്രൻ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ജോര്‍ജ് പോൾ, അനുമോൾ വിനീഷ്, ജിന്‍സി ജോയ്, രമ്യ റെനീഷ്, സിന്ധു ജോസ്, ജില്ല പഞ്ചായത്ത് അംഗം കെ.ജി. സത്യൻ, രാഷ്ട്രീയകക്ഷി നേതാക്കളായ ഷാജി കാഞ്ഞമല, എം.കെ. പ്രിയൻ, അനിൽ കൂവപ്ലാക്കൽ, റോമിയോ സെബാസ്റ്റ്യൻ, സി.എം. അസീസ്, പി.കെ. ജയൻ, സണ്ണി ഇല്ലിക്കൽ, ജില്ലതല വകുപ്പ് മേധാവികൾ തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.