കൂട്ടുകാരുടെ കണ്ണീർ കടന്ന് ധീരജ് യാത്രയായി
text_fieldsഇടുക്കി: സുഹൃത്തുക്കളുടെയും സഹപ്രവർത്തകരുടെയും കണ്ണീരിനും മുദ്രാവാക്യങ്ങള്ക്കുമിടയിലൂടെ ഇടുക്കിയുടെ മണ്ണ് വിട്ട് ജന്മനാട്ടിലേക്ക് ധീരജ് യാത്രയായി. തങ്ങളുടെ പ്രിയ പാട്ടുകാരനും സൃഹൃത്തുമായ ധീരജിന് അന്ത്യാഭിവാദ്യം അര്‍പ്പിക്കുമ്പോള്‍ അവരോരുത്തരുടെയും നെഞ്ചുപിടക്കുകയായിരുന്നു. കോളജ് കവാടം കടന്ന് ധീരജിന്റെ മൃതദേഹവുമായി വിലാപയാത്ര പുറപ്പെടുമ്പോൾ പ്രിയ സുഹൃത്ത് തിരിച്ചുവരില്ലെന്ന തിരിച്ചറിവിൽ പലരും പൊട്ടിക്കരഞ്ഞു.
രാവിലെ മുതൽ തങ്ങളുടെ പ്രിയ സുഹൃത്തിനെ ഒരുനോക്ക് കാണാൻ ഇടുക്കി എൻജിനീയറിങ് കോളജിന് മുന്നിൽ വിദ്യാർഥികളും അധ്യാപകരും നാട്ടുകാരും പാർട്ടി പ്രവർത്തകരുമടക്കം തടിച്ചുകൂടിയിരുന്നു.
ധീരജിന്റെ മൃതദേഹം അവൻ ഏറെ സ്നേഹിച്ച കലാലയത്തിന്റെ പ്രവേശന കവാടം കടന്നെത്തുമ്പോൾ കൂടിനിന്നവർ വിതുമ്പലടക്കാന്‍ പാടുപെട്ടു. മൃതദേഹം അവിടെ പൊതുദർശനത്തിന് വെച്ചപ്പോൾ ഒരിക്കല്‍ അവന്റെ പാട്ടുകള്‍ക്ക് കാതോര്‍ത്തിരുന്ന കോളജ് ഹാളില്‍ ഏങ്ങലടികള്‍ മാത്രമായി. നിശ്ചലമായ മുഖം കാണാന്‍ കഴിയാതെ സഹപാഠികളില്‍ പലരും മുഖംപൊത്തി. അവരുടെ സങ്കടങ്ങളും വികാര പ്രകടനങ്ങളും നിയന്ത്രിക്കാന്‍ അധ്യാപകരും നേതാക്കളും ബുദ്ധിമുട്ടി.
അവസാനമായി കവാടവും കടന്ന് യാത്രയാകുമ്പോള്‍ കലാലയം അക്ഷരാര്‍ഥത്തില്‍ മൂകമായി. കോളജ് യൂനിയന്‍ തെരഞ്ഞെടുപ്പിനിടെ ഇടുക്കി എൻജിനീയറിങ് കോളജ് ഗേറ്റിനു സമീപം കുത്തേറ്റുമരിച്ച ധീരജ് രാജേന്ദ്രന് ഇടുക്കിയില്‍നിന്ന് സുഹൃത്തുക്കളും പ്രവർത്തകരും വികാരനിര്‍ഭരമായ യാത്രയയപ്പാണ് നല്‍കിയത്. അവിടെനിന്ന് മൂലമറ്റം അശോകകവല, തൊടുപുഴ, മൂവാറ്റുപുഴ എന്നിവിടങ്ങളിലൂടെയാണ് കണ്ണൂരിലെ ജന്മനാട്ടിലേക്ക് മൃതദേഹം കൊണ്ടുപോയത്.
ധീരജിന്റെ മാതൃ സഹോദരി ഗീതയും ഭര്‍ത്താവും ബന്ധുക്കളും മൃതദേഹത്തെ അനുഗമിച്ചു. മൃതദേഹം കടന്നുപോയ വഴികളിലെല്ലാം എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ പതാകയുമായി ഒരുനോക്കുകാണാന്‍ കാത്തുനിന്നു. നീ ഞങ്ങളുടെ ഹൃദയത്തില്‍ ജീവിക്കുമെന്ന് മുഷ്ടിചുരട്ടി മുദ്രാവാക്യം മുഴക്കിയാണ് ധീരജിനെ നാട്ടിലേക്ക് യാത്രയാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.