ധീരജ് വധം: കോളജിൽ പോയത് ബന്ധുവിനെ സഹായിക്കാനെന്ന് പ്രതി
text_fieldsഇടുക്കി: എസ്.എഫ്.ഐ പ്രവർത്തകൻ ധീരജ് കുത്തേറ്റ് മരിച്ച ദിവസം യൂനിയൻ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ബന്ധുവായ കെ.എസ്.യു നേതാവിന് പിന്തുണയുമായാണ് ഇടുക്കി എൻജിനീയറിങ് കോളജിൽ പോയതെന്ന് അറസ്റ്റിലായ മുഖ്യ പ്രതിയും യൂത്ത് കോൺഗ്രസ് നേതാവുമായ നിഖിൽ പൈലി. എസ്.എഫ്.ഐക്ക് ആധിപത്യമുള്ള കോളജായതിനാൽ ബന്ധു സഹായം തേടിയിരുന്നു. സ്വയരക്ഷക്കായാണ് അരയിൽ കത്തി കരുതിയത്.
താനടക്കമുള്ളവരെ എസ്.എഫ്.ഐക്കാർ കൂട്ടം ചേർന്ന് ആക്രമിച്ചപ്പോൾ മറ്റ് മാർഗമില്ലാതെ കുത്തുകയായിരുന്നു. ഇതിനുശേഷം കരിമ്പനിൽനിന്ന് ബസ് കയറി എറണാകുളത്തേക്ക് രക്ഷപ്പെടാനായിരുന്നു പദ്ധതിയെന്നും ഇയാൾ മൊഴി നൽകി. കാമ്പസിന് പുറത്ത് നിൽക്കുമ്പോൾ സംഘർഷം ഉണ്ടായത് കണ്ട് ഓടി രക്ഷപ്പെടുകയായിരുന്നെന്നാണ് മറ്റൊരു പ്രതി ജെറിൻ ജോജോയുടെ മൊഴി.
എറണാകുളത്തേക്കുള്ള യാത്രക്കിടെ നേര്യമംഗലത്തിന് സമീപം കരിമണലിൽവെച്ച് യാത്രക്കാർ തിരിച്ചറിഞ്ഞതിനെ തുടർന്നാണ് നിഖിലിനെ ബസിൽനിന്ന് പിടികൂടിയത്. കത്തിയുള്‍പ്പെടെ തൊണ്ടിമുതലുകള്‍ കണ്ടെടുക്കാൻ എന്‍ജിനീയറിങ് കോളജിനും ജില്ല പഞ്ചായത്തിനുമിടയിലുള്ള വനത്തില്‍ തിരച്ചില്‍ നടത്തുന്നുണ്ട്. കൂടുതല്‍ തെളിവെടുപ്പിനും കത്തി കണ്ടെടുക്കാനുമായി പ്രതികളെ വീണ്ടും കസ്റ്റഡിയില്‍ വാങ്ങുമെന്ന് പൊലീസ് പറഞ്ഞു.
ധീരജിനൊപ്പം കുത്തേറ്റ തൃശൂർ സ്വദേശി അഭിജിത് ടി. സുനിൽ (21), കൊല്ലം സ്വദേശി എ.എസ്. അമൽ (21) എന്നിവർ ഇടുക്കി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.
മരണകാരണം നെഞ്ചിലേറ്റ മുറിവ്
ചെറുതോണി: ഇടുക്കി ഗവ. എൻജിനീയറിങ് കോളജ് വിദ്യാർഥിയും എസ്.എഫ്.ഐ യൂനിറ്റ് കമ്മിറ്റി അംഗവുമായ ധീരജ് രാജേന്ദ്രന്റെ മരണത്തിന് കാരണമായത് നെഞ്ചിലേറ്റ ആഴത്തിലുള്ള മുറിവെന്ന് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ഇടതു നെഞ്ചിനുതാഴെ കത്തികൊണ്ട് മൂന്ന് സെന്റിമീറ്റർ ആഴത്തിൽ കുത്തേറ്റു. നീളമുള്ള ആയുധംകൊണ്ടുള്ള കുത്തിൽ ഹൃദയത്തിന്റെ അറ തകർന്നു. ശരീരത്തിൽ ഒരു മുറിവ് മാത്രമാണുള്ളത്. ശരീരത്തിലും തലയിലും മർദനമേറ്റതിന്റെയും വീണതിന്റെയും ചതവുകളുള്ളതായും റിപ്പോർട്ടിൽ പറയുന്നു. ഇടുക്കി മെഡിക്കൽ കോളജിൽ ചൊവ്വാഴ്ച രാവിലെ ഫോറൻസിക് സർജൻ വിശാലിന്റെ നേതൃത്വത്തിലാണ് പോസ്റ്റ്മോർട്ടം നടത്തിയത്.
ഇതിനിടെ, സംഭവത്തിൽ രണ്ടുപേരുടെ അറസ്റ്റ് രേഖപ്പെടുത്തി. യൂത്ത് കോൺഗ്രസ് വാഴത്തോപ്പ് മണ്ഡലം പ്രസിഡന്റ് പീടികത്തറയില്‍ നിഖിൽ പൈലി, ഇടുക്കി മണ്ഡലം വൈസ് പ്രസിഡന്റ് തടിയമ്പാട് ഇടയാല്‍ ജെറിൻ ജോജോ എന്നിവരാണ് അറസ്റ്റിലായത്. നിഖില്‍ പൈലിക്കെതിരെ കൊലക്കുറ്റം ഉള്‍പ്പെടെ വകുപ്പുകളാണ് ചുമത്തിയത്. വധശ്രമത്തിനും സംഘം ചേര്‍ന്നതിനുമാണ് ജെറിന് ജോജോക്കെതിരെ കേസ്. കെ.എസ്.യു യൂനിറ്റ് സെക്രട്ടറി അലക്സ് റാഫേലിനെ പറവൂരിലെ വീട്ടിൽനിന്ന് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കുറ്റകൃത്യത്തിൽ ഇയാളുടെ പങ്ക് കണ്ടെത്താൻ വിശദമായി ചോദ്യം ചെയ്യും.
പ്രത്യേക കേന്ദ്രത്തിലെത്തിച്ച് നടത്തിയ ചോദ്യം ചെയ്യലിൽ നിഖിൽ കുറ്റം സമ്മതിച്ചതായി പൊലീസ് പറഞ്ഞു. കൊലപാതകം രാഷ്ട്രീയവിരോധം മൂലമാണെന്നാണ് എഫ്.ഐ.ആറിൽ പറയുന്നത്. അക്രമി സംഘത്തിൽ ആറ് പേരുള്ളതായാണ് പൊലീസ് നിഗമനം. ബാക്കി മൂന്ന് പേർക്കായി തിരച്ചിൽ തുടരുന്നു. കൂടുതൽ പ്രതികൾ ഉൾപ്പെട്ടിട്ടുണ്ടോയെന്നും അന്വേഷിക്കും. സംഭവത്തിൽ ഗൂഢാലോചന കണ്ടെത്തിയിട്ടില്ലെന്ന് ഇടുക്കി എസ്.പി ആർ. കറുപ്പസ്വാമി പറഞ്ഞു. പെട്ടെന്നുള്ള സംഘർഷമാണ് കൊലപാതകത്തിൽ കലാശിച്ചത്. കേസിൽ നിർണായക തെളിവായ കത്തി കണ്ടെത്തേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കോളജ് യൂനിയൻ തെരഞ്ഞെടുപ്പിനിടെ തിങ്കളാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് ധീരജ് രാജേന്ദ്രൻ (21) കുത്തേറ്റ് മരിച്ചത്.
ചിതയെരിഞ്ഞ ഭൂമിയിൽ ഉയരും പഠനകേന്ദ്രം
കണ്ണൂർ: ഇടുക്കി എൻജിനീയറിങ് കോളജിൽ തിങ്കളാഴ്ച കുത്തേറ്റ് മരിച്ച എസ്.എഫ്.ഐ പ്രവർത്തകൻ ധീരജിന്റെ അന്ത്യവിശ്രമം വീടിന് തൊട്ടടുത്ത്. രണ്ടുവർഷം മുമ്പ് മാത്രം പണി പൂർത്തിയായ വീട്ടിൽ താമസിച്ച് കൊതി തീരുംമുമ്പ് കൊഴിഞ്ഞുപോയ മകന്റെ അന്ത്യകർമങ്ങൾ വീട്ടുവളപ്പിൽതന്നെ വേണമെന്നായിരുന്നു കുടുംബത്തിന്റെ താൽപര്യം.
സ്ഥലസൗകര്യം പ്രശ്നമായതിനാൽ തൊട്ടടുത്തുള്ള എട്ടുസെന്റ് സ്ഥലം സി.പി.എം വിലകൊടുത്ത് വാങ്ങിയാണ് സംസ്കരിച്ചത്. ധീരജിന്റെ ചിതയെരിഞ്ഞ മണ്ണിൽ അവന്റെ പേരിൽ സ്മാരകം ഉയർത്താൻ തീരുമാനിച്ചിട്ടുണ്ട്. ധീരജ് സ്മാരകം ഭാവിയിൽ വിദ്യാർഥികൾക്കും യുവജനങ്ങൾക്കും ആശ്രയിക്കാവുന്ന പഠനഗവേഷണ കേന്ദ്രമായി മാറ്റാനാണ് പദ്ധതി.
ഇടുക്കിയിൽനിന്ന് വിലാപയാത്ര പുറപ്പെടുമ്പോൾ സന്ധ്യയോടെ കണ്ണൂരിലെത്തുമെന്നായിരുന്നു പ്രതീക്ഷ. എന്നാൽ, ജില്ലകൾ തോറും അന്ത്യോപചാരം കഴിഞ്ഞ് ധീരജ് ജന്മനാട്ടിലെത്തുമ്പോൾ അർധരാത്രി പിന്നിട്ടു. ജില്ല അതിർത്തിയായ മാഹിയിൽനിന്ന് നേതാക്കളും ബന്ധുക്കളും ചേർന്ന് മൃതദേഹം ഏറ്റുവാങ്ങി.
തലശ്ശേരി, കണ്ണൂർ നഗരങ്ങളിൽ പൊതുദർശനത്തിനുശേഷമാണ് തളിപ്പറമ്പിലേക്ക് കൊണ്ടുവന്നത്. തളിപ്പറമ്പ് ഏരിയ കമ്മിറ്റി ഓഫിസിലായിരുന്നു പൊതുദർശനം. തുടർന്ന് ബന്ധുക്കൾക്ക് മാത്രമായി കാണാൻ വീട്ടിലേക്കെടുത്തു. തളിപ്പറമ്പ് നഗരത്തിൽ ചൊവ്വാഴ്ച ഉച്ചക്കുശേഷം ഹർത്താലായിരുന്നു.
മന്ത്രി എം.വി. ഗോവിന്ദൻ, സി.പി.എം ജില്ല സെക്രട്ടറി എം.വി. ജയരാജൻ, ജെയിംസ് മാത്യു തുടങ്ങിയ പ്രമുഖ നേതാക്കൾ നേരത്തേ ധീരജിന്റെ മാതാപിതാക്കളെ ആശ്വസിപ്പിക്കാൻ വീട്ടിലെത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.