ഡിജിറ്റൽ സർവേ; അഞ്ഞൂറിലധികം ജീവനക്കാർ
text_fields
ഇടുക്കി: സംസ്ഥാന സർക്കാർ എന്റെ ഭൂമി എന്ന പേരിൽ നടപ്പാക്കുന്ന ഡിജിറ്റൽ സർവേ പദ്ധതിക്കായി ജില്ലയിൽ നിയമിക്കുന്നത് അഞ്ഞൂറിലധികം ജീവനക്കാരെ. ആദ്യഘട്ട സർവേക്ക് ജില്ലയിൽനിന്ന് 13 വില്ലേജാണ് തെരഞ്ഞെടുത്തിട്ടുള്ളത്.
പദ്ധതിയുടെ ജില്ലതല ഉദ്ഘാടനം നവംബർ ഒന്നിന് ഉച്ചക്ക് 2.30ന് കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ മന്ത്രി റോഷി അഗസ്റ്റ്യൻ നിർവഹിക്കും.
സ്വന്തം ഭൂമിയുടെ കൃത്യമായ അളവും തർക്കമില്ലാത്ത അവകാശരേഖയും ഓരോ ഭൂവുടമക്കും ഉറപ്പാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. സർവേ വേഗത്തിൽ നടപ്പാക്കാൻ കരാർ അടിസ്ഥാനത്തിൽ 170 സർവേയർമാരെയും 341 ഹെൽപർമാരെയുമാണ് നിയമിക്കുക. സർവേയർമാരുടെ എഴുത്ത് പരീക്ഷ നടത്തി പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു. അഭിമുഖം നവംബർ രണ്ട്, മൂന്ന് തീയതികളിൽ നടക്കും. ഹെൽപർമാരുടെ എഴുത്ത് പരീക്ഷ ഒക്ടോബർ 30നാണ്.
ജില്ലയിൽ വാത്തിക്കുടി, ഇടുക്കി, പെരുവന്താനം, മഞ്ചുമല, പെരിയാർ, ബൈസൺവാലി, ശാന്തൻപാറ, രാജാക്കാട്, ചിന്നക്കനാൽ, ചതുരംഗപ്പാറ, കൽക്കൂന്തൽ, ഇരട്ടയാർ, കരുണാപുരം എന്നീ 13 വില്ലേജാണ് ആദ്യഘട്ട ഡിജിറ്റൽ സർവേക്കായി തെരഞ്ഞെടുത്തിട്ടുള്ളത്.
ഇടുക്കി താലൂക്കിലെ വാത്തിക്കുടി വില്ലേജിലാണ് ആദ്യഘട്ട സർവേ നടപടി ആരംഭിക്കുക. ഇതിന് മുന്നോടിയായ ബോധവത്കരണ പരിപാടികൾക്ക് (സർവേസഭ) ജില്ലയിൽ തുടക്കമായി. ഈമാസം 30 വരെ തുടരും.
ഡ്രോൺ, ജി.പി.എസ്, ആർ.ടി.കെ, ടോട്ടൽ സ്റ്റേഷൻ എന്നിങ്ങനെ ആധുനിക സംവിധാനങ്ങൾ ഉപയോഗിച്ചാണ് റീസർവേ ജോലികൾ നടത്തുന്നത്. ജില്ലയിൽ മൂന്നാറിലും പാമ്പാടുംപാറയിലുമാണ് കോർ സ്റ്റേഷൻ സ്ഥാപിച്ചിരിക്കുന്നത്. 'എല്ലാവർക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാർട്ട്' ലക്ഷ്യം കൈവരിക്കാൻ നാല് വർഷംകൊണ്ട് ഏറ്റവും ശാസ്ത്രീയമായി സർവേ ചെയ്ത് കൃത്യമായ സർവേ രേഖകൾ തയാറാക്കാനാണ് സർക്കാർ ഉദ്ദേശിക്കുന്നത്. സംസ്ഥാനത്തെ 1550 വില്ലേജിൽ ആദ്യഘട്ടത്തിൽ സർവേ നടക്കുന്നത് 200 വില്ലേജിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.