ഇടുക്കിയുടെ കഥപറയാൻ ജില്ല പൈതൃക മ്യൂസിയം
text_fieldsതൊടുപുഴ: ആദിമകാലം മുതല്‍ ആധുനികകാലം വരെയുള്ള ഇടുക്കിയുടെ കഥപറയുന്ന ജില്ല പൈതൃക മ്യൂസിയം തുറന്നു. ജില്ലയുടെ സമൃദ്ധവും വൈവിധ്യവുമായ പൈതൃകങ്ങള്‍ ഭാവി തലമുറക്കായി സൂക്ഷിക്കാനുള്ള ഇടമെന്ന നിലയിലാണ് പുരാവസ്തുവകുപ്പ് മ്യൂസിയം വിഭാവനം ചെയ്തത്.
സംസ്കാരങ്ങളുടെ സംഗമസ്ഥാനമാണ് ഇടുക്കി ജില്ലയെന്ന് മന്ത്രി രാമചന്ദ്രന് കടന്നപ്പള്ളി മ്യൂസിയത്തിെൻറ ഉദ്ഘാടനം നിർവഹിച്ച് പറഞ്ഞു.
ബഹുത്വവും വൈവിധ്യവുമായ സംസ്കാരവുമായി ആയിരത്താണ്ടുകള്‍ക്ക് മുമ്പ് മനുഷ്യന് ഇവിടെ ജീവിച്ചിരുന്നു എന്നതിന് ധാരാളം തെളിവുകൾ ഇടുക്കിയിലുണ്ട്.
മറയൂരിലും കാന്തല്ലൂരിലുമായി പതിനഞ്ചോളം ഗുഹാ സങ്കേതങ്ങള്‍ പുരാവസ്തുവകുപ്പ് ജില്ലയില്‍ കണ്ടെത്തുകയും ഡോക്യുമെൻറ് ചെയ്യുകയും ചെയ്തിട്ടുണ്ട്. സംസ്കാരവുമായി ബന്ധപ്പെട്ട പ്രധാന ചിത്രങ്ങള്‍ സംരക്ഷിതമായി സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. രണ്ടായിരത്തിലധികം വര്‍ഷം പഴക്കമുള്ള അത്തരം സ്മാരകങ്ങള്‍ ഏറ്റവും അധികം ഇടുക്കിയിലാണ് ഉള്ളതെന്നും മന്ത്രി പറഞ്ഞു.
പൈനാവ് ജില്ല പൈതൃക മ്യൂസിയം അങ്കണത്തില്‍ നടന്ന ചടങ്ങില്‍ ഇ.എസ്. ബിജിമോള്‍ എം.എല്‍.എ അധ്യക്ഷതവഹിച്ചു. മന്ത്രി എം.എം. മണി ഓണ്‍ലൈനായി സന്ദേശം നല്കി.
ജില്ല പഞ്ചായത്ത് പ്രസിഡൻറ് കൊച്ചുത്രേസ്യ പൗലോസ് മുഖ്യപ്രഭാഷണവും മ്യൂസിയം എക്സിക്യൂട്ടിവ് ഡയറക്ടര്‍ ആര്. ചന്ദ്രന്‍പിള്ള റിപ്പോര്‍ട്ടും അവതരിപ്പിച്ചു. പീച്ച് ഫൌണ്ടേഷന്, ആര്‍ടി.എഫ്, ബ്യൂഗിള്‍ ബീസ്, എ.ബി.എസ്, അഗസ്ത്യ എന്നീ അഞ്ചു ഏജന്‍സികളാണ് മ്യൂസിയം സജ്ജീകരണത്തിന് സഹകരിച്ചത്. 2020 ഡിസംബര്‍ 31വരെ സന്ദര്‍ശനം സൗജന്യമായിരിക്കുമെന്ന് മന്ത്രി രാമചന്ദ്രന് കടന്നപ്പള്ളി അറിയിച്ചു.
തുടര്‍ന്ന് പൊതു ജനങ്ങള്‍ക്ക് മിതമായ നിരക്കില്‍ ടിക്കറ്റ് ചാര്‍ജ് ഈടാക്കും. രാവിലെ 10 മുതല്‍ വൈകീട്ട് അഞ്ചുവരെയാണ് സന്ദര്‍ശന സമയം. തിങ്കളാഴ്ചയും ദേശീയ അവധി ദിവസങ്ങളിലും മ്യൂസിയത്തില്‍ സന്ദര്‍ശനം ഉണ്ടാവില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.