ജില്ലാ സ്കൂൾ കായികമേള ;പരിമിതികളിലും മിടുക്കുകാട്ടി സഞ്ജൽ
text_fieldsതൊടുപുഴ: സ്കൂളിന് സ്വന്തമായി കായികാധ്യാപകനില്ലെങ്കിലും 100 മീറ്ററോടി സ്വർണനേട്ടം കൊയ്ത് സഞ്ജൽ സുനീഷ്. കാർഷിക മേഖലയായ തോപ്രാംകുടി ജി.എച്ച്.എസിൽനിന്ന് ആദ്യമായാണ് സഞ്ജൽ റവന്യൂ ജില്ല കായികമേളയിൽ പങ്കെടുക്കാനെത്തുന്നത്. ജില്ലയിൽ കായിക വകുപ്പിന്റെ സ്പ്രിന്റ് പദ്ധതി നിലവിലുള്ള ഏക സ്കൂളാണ് തോപ്രാംകുടി. പദ്ധതിയുടെ ഭാഗമായി മറ്റ് സ്കൂളിലെ മൂന്ന് അധ്യാപകർ ആഴ്ചയിൽ രണ്ടുദിവസം സ്കൂളിലെത്തി പരിശീലനവും നിർദേശവും നൽകും. ബാക്കിയുള്ള ദിവസങ്ങളിൽ സ്വന്തം നിലയിലാണ് ഇവരുടെ പരിശീലനം.
30ഓളം കുട്ടികളെ പരിശീലിപ്പിക്കുന്നുണ്ട്. ഇതിൽ സഞ്ജൽ മാത്രമാണ് റവന്യൂ ജില്ല കായികമേളയിൽ വിജയകിരീടം ചൂടിയത്. അത്ലറ്റിക്സിൽ കേരളത്തിന്റെ ഭാവിതാരങ്ങളെ കണ്ടെത്താനുള്ള കായികവകുപ്പിന്റെ പദ്ധതിയാണ് സപ്രിന്റ്. സ്കൂളിൽ നല്ലൊരു ഗ്രൗണ്ട് പോലുമില്ലാതെ ഏറെ പരിമിതിയിലായിരുന്ന പരിശീലനമെങ്കിൽ വിജയം നേടാനായതിന്റെ സന്തോഷത്തിലാണ് സഞ്ജൽ. തോപ്രാംകുടി വാഴക്കാലായിൽ സുനീഷിന്റെയും രമ്യയുടെയും മകനാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.