ജില്ലാ സ്കൂൾ കായികമേള; ആദ്യ സ്വര്‍ണവും വെള്ളിയും ഇരട്ടകള്‍ക്ക്
text_fieldsതൊടുപുഴ: റവന്യൂ ജില്ല കായിക മേളയില്‍ ആദ്യസ്വര്‍ണവും വെള്ളിയും നേടി ഇരട്ട സഹോദരങ്ങൾ. പാറത്തോട് സെന്റ് ജോര്‍ജ് എച്ച്.എസ്.എസിലെ ആല്‍ഫ്രഡ് ജോജോ ജൂനിയർ ആൺകുട്ടികളുടെ 3000 മീറ്ററിൽ സ്വര്‍ണം നേടിയപ്പോൾ ഇരട്ട സഹോദരൻ മുരിക്കാശ്ശേരി സെന്റ് മേരീസ് എച്ച്.എസ്.എസിലെ അല്‍ഫോന്‍സ് വെള്ളിയും നേടി മേളയിലെ താരങ്ങളായി. 10:01:60 സമയം കൊണ്ടാണ് ആല്‍ഫ്രഡ് 19 പേര് പങ്കെടുത്ത മത്സരത്തില്‍ ഒന്നാമതെത്തിയത്. അല്‍ഫോന്‍സിന്റെ സമയം 10:11:25.
കമ്പിളികണ്ടം തെള്ളിത്തോട് വെട്ടുകല്ലേല്‍ ജോജോ ആന്റണിയുടെയും ജെസിയുടെയും മക്കളായ ഇരുവരും പ്ലസ് വണ്‍ വിദ്യാര്‍ഥികളാണ്. കഴിഞ്ഞ വര്‍ഷം ഇരുവര്‍ക്കും യഥാക്രമം രണ്ടും മൂന്നും സ്ഥാനം ലഭിച്ചിരുന്നു. പാറത്തോട് സ്കൂളിലെ കായിക അധ്യാപകന് ജിജോ ജോസഫ്, മുരിക്കാശ്ശേരി സ്കൂളിലെ കായിക അധ്യാപകന് ഷിജോ എന്നിവരാണ് ഇവരുടെ പരിശീലകര്‍. പരിമിതമായ സൗകര്യങ്ങളിലാണ് പരിശീലനമൊക്കെ നടത്തിയതെങ്കിലും സ്കൂളുകളില്‍നിന്ന് വലിയ പ്രോത്സാഹനവും പിന്തുണയുമാണ് നേട്ടത്തിന് കാരണമെന്ന് ഇരുവരും പറഞ്ഞു.
ആല്‍ഫ്രഡ് 400 മീറ്ററിലും അല്‍ഫോന്‍സ് 800 മീറ്ററിലും പങ്കെടുക്കുന്നുണ്ട്. വെള്ളിയാഴ്ച നടക്കുന്ന 1500 മീറ്ററിലും ഇരുവരും മത്സരിക്കുന്നുണ്ട്. ബിരുദ വിദ്യാര്‍ഥിയായ ഇവരുടെ ജ്യേഷ്ഠസഹോദരന് ആന്റോ ജോജോയും ജില്ല കായിക മേളയില്‍ വിജയിയായിരുന്നു. എസ്.എന്‍.എം വി.എച്ച്.എസ്.എസ് എന്‍.ആര്. സിറ്റിയിലെ അഭിജിത് കെ. പ്രശാന്ത് വെങ്കലം നേടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.